ഡ്രൈവറില്ലാ കാറുകളുടെ സർവീസ് സംബന്ധിച്ച നിയമ വശങ്ങളെ കുറിച്ച് ബ്രിട്ടനിൽ ചൂടേറിയ ചർച്ചകൾ പുരോഗമിക്കുന്നു. ഇത്തരം കാറുകൾ അപകടം വരുത്തുമ്പോൾ ആരാണ് ഉത്തരവാദി എന്നതാണ് പ്രധാന ചോദ്യം. കാറിന്റെ ഉടമ, അല്ലെങ്കിൽ വാടകക്കെടുത്തവരോ അതോ കാർ നിരമാതാക്കളോ നിയമ നടപടികൾ നേരിടേണ്ടതെന്നത് സംബന്ധിച്ച് തർക്കം തുടരുകയാണ്. ബ്രിട്ടനിൽ ഇത്തരം കാറുകൾ വ്യാപകമായി ഉപയോഗിക്കുന്നില്ലെങ്കിൽ കാർ നിർമാതാക്കൾക്ക് ഇതിനായി അനുമതി നൽകിയിരിക്കുകയാണ്.
അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഡ്രൈവറില്ലാ കാറുകളുടെ അനുഭവം പഠിച്ചാണ് ബ്രിട്ടൻ നിയമങ്ങൾ തയാറാക്കുന്നത്. ഇതിനായി വിവിധ കൗണ്ടികളിലെ ലോ കമ്മീഷനുകൾ റിപ്പോർട്ടുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഡ്രൈവറില്ലാ കാറുകൾ അപകടം വരുത്തിയാൽ വാഹന നിർമാതാക്കളാണ് നിയമ നടപടി നേരിടേണ്ടതെന്ന അഭിപ്രായമാണ് കൂടുതലായി ഉയരുന്നത്. കാർ പൂർണായും ഡ്രൈവറില്ലാതെയാണോ ഉപയോഗിക്കുന്നതെന്നതിനെ കുറിച്ചും ഡ്രൈവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്.
പൂർണമായും ഡ്രൈവറില്ലാത്ത സംവിധാനത്തിലാണെങ്കിൽ യാത്രയുടെ പൂർണ ഉത്തരവാദിത്തം കാർ നിർമാതാക്കൾക്കായിരിക്കണമെന്നാണ് ലോ കമ്മീഷൻ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അമിത വേഗം, അപകടകരമായ ഡ്രൈവിംഗ് എന്നിവക്ക് യാത്രക്കാരനെ കുറ്റപ്പെടുത്താനാവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അപകടത്തിൽ പെടുകയാണെങ്കിൽ കാരണം എന്താണെന്ന് കണ്ടെത്താനുള്ള സാങ്കേതിക ഡാറ്റാ സ്റ്റോറേജ് സംവിധാനം വാഹനങ്ങളിൽ ഉണ്ടായിരിക്കണം. പുതിയ സംവിധാനത്തെ കുറിച്ച് വ്യക്തമായ അവബോധമുള്ളവർക്ക് മാത്രമേ കാർ നൽകാവു എന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിൽ ഈ വർഷം ഡ്രൈവറില്ലാത്ത കാർ വ്യാപകമായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
അമേരിക്കയിൽ ഇത്തരം കാറുകൾ വരുത്തിയ അപകടങ്ങളെ തുടർന്ന് ഏതാനും കേസുകൾ കോടതികളിലുണ്ട്. ട്രാഫിക് സിഗ്നലുകൾ ലംഘിച്ചതിനും ഡിവൈഡറുകൾ തകർത്ത് ഡ്രൈവ് ചെയ്തതിനുമാണ് കേസുകൾ. ഇത്തരം കാറുകളിലെ യാത്രക്കിടെ യാത്രക്കാർ വീഡിയോ ഗെയിം കളിക്കുന്നത് പതിവാണെന്നും യാത്രക്കാരുടെ ശ്രദ്ധ കൂടി പ്രധാനമാണെന്നും പരാതികളുയർന്നിട്ടുണ്ട്.






