Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ലോകായുക്ത പിരിച്ചു വിടുന്നതാണ് ഇതിലും നല്ലത്

ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസിൽ ഒപ്പുവെക്കാൻ സംസ്ഥാന ഗവർണർ തയാറാകണമെന്നില്ല. എന്നാൽ സർക്കാർ ഉറച്ച് നിൽക്കുകയും  ഓർഡിനൻസ് വീണ്ടും  ഗവർണറുടെ പരിഗണനക്കെത്തുകയും ചെയ്താൽ ഒപ്പിടുകയെന്ന പോംവഴി മാത്രമേ ഗവർണറുടെ മുന്നിലുള്ളൂ. അത് വഴി തകർന്നു പോകുന്നത് പിണറായി സർക്കാരിന്റെ ജനാധിപത്യ മുഖമാണ്.

ഒറ്റവാക്കിൽ പറഞ്ഞാൽ തീർത്തും ജനാധിപത്യ വിരുദ്ധ നടപടിയാണ് ലോകായുക്തയുടെ ചിറകരിയാനുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനം. പൊതുപ്രവർത്തകരുടെ അഴിമതി തടയാൻ ഏറെക്കുറെ ഫലപ്രദമായ നിയമ സംവിധാനങ്ങളിലൊന്നായിരുന്നു ലോകായുക്ത. അതിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്നതിലൂടെ അഴിമതിക്കാർക്ക് സംരക്ഷണം നൽകുമെന്ന സന്ദേശമാണ് സർക്കാർ പുറപ്പെടുവിക്കുന്നത്.  അഴിമതി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് നാഴികക്ക് നാൽപത് വട്ടം പറയുന്ന സർക്കാർ തന്നെ പൊതുപ്രവർത്തകരുടെ അഴിമതിയെ സംരക്ഷിക്കുന്ന നിലപാടിലേക്ക് നീങ്ങുമ്പോൾ ജനാധിപത്യത്തിന് എന്ത് പ്രസക്തിയാണ് ഇനിയുള്ളതെന്ന ചോദ്യം അവശേഷിക്കുകയാണ്.
അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാര സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ട്. ഈ അധികാരത്തിൽ കത്തിവെക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന നിയമ ഭേദഗതിക്കാണ് മന്ത്രിസഭ ഓർഡിനൻസിലൂടെ അംഗീകാരം നൽകിയിട്ടുള്ളത്.
മാത്രമല്ല ഒരു പൊതുപ്രവർത്തകൻ അഴിമതിക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയാൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിംഗ് നടത്താനും ലോകായുക്തയുടെ തീരുമാനം തള്ളുന്നതിനോ കൊള്ളുന്നതിനോ അധികാരമുണ്ടായിരിക്കും എന്നും ഭേദഗതിയിൽ പറയുന്നു. അതിനർത്ഥം ലോകായുക്ത ഒരു കടലാസുപുലിയായി മാത്രം മാറുമെന്നാണ്. ലോകായുക്തയുടെ അധികാരത്തിൽ എങ്ങനെ വേണമെങ്കിലും കൈകടത്താനുള്ള അനുവാദം ഓർഡിനൻസിലൂടെ  മുഖ്യമന്ത്രിക്ക് ലഭിക്കും. എന്നാൽ പിന്നെ ഖജനാവിൽ നിന്ന് കോടികൾ മുടക്കി ലോകായുക്ത എന്ന സംവിധാനം എന്തിനാണ് നിലനിർത്തുന്നതെന്ന ചോദ്യം ബാക്കിയാകുകയാണ്. ഇതിലും നല്ലത് ലോകായുക്ത പിരിച്ചു വിടുന്നതാണ്.
ഒരു പൗരന്റെ ജനാധിപത്യ അവകാശത്തിൻമേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ് ഇതിലൂടെ പിണറായി വിജയൻ സർക്കാർ നടത്തുന്നത്. നരേന്ദ്ര മോഡി സർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം പോലും ഇതിലൂടെ സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുകയാണ്. ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്.
പൊതുരംഗത്തുള്ളവരുടെ അഴിമതി അന്വേഷിക്കാനും ഇത് സംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാനുമായി 1998 ൽ കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാനത്ത് ലോകായുക്ത സംവിധാനം നിലവിൽ വന്നത്. 
അഴിമതി നിർമാർജനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ സംവിധാനം ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. നിലവിലുള്ളതും മുൻപുള്ളതുമായ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എമാർ, സർക്കാർ ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികാരികൾ, തൊഴിലാളി യൂനിയൻ ഭാരവാഹികൾ, രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ, സർവകലാശാലാ അധികൃതർ എന്നിവർക്കെതിരെയെല്ലാമുള്ള അഴിമതികൾ അന്വേഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനമാണ് ലോകായുക്ത. അതിന്റെ അധികാരം കവരാനുള്ള തീരുമാനത്തോടെ പൊതുപ്രവർത്തകരുടെ അഴിമതിക്ക് കുടപിടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
പല കേസുകളിലും ലോകായുക്തയുടെ വിധിക്ക് നിലവിൽ ശുപാർശാ സ്വഭാവമാണുള്ളത്. പൊതുപ്രവർത്തകരുടെ അഴിമതിയെക്കുറിച്ചുള്ള തീരുമാനത്തിൽ മാത്രമാണ് നീതി നടപ്പാക്കുന്നതിൽ കുറച്ച് കൂടി പരിഗണന കിട്ടുന്നത്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാര സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ട്. ആ വിധി സർക്കാരിനോ അല്ലെങ്കിൽ ഓരോ വിഷയവുമായി ബന്ധപ്പെട്ട ഉന്നതാധികാരികൾക്കോ നൽകാം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് നിയമം. ലോകായുക്തയുടെ ഇത്തരം ഇടപെടലുകൾ കൊണ്ട് മാത്രമാണ് പൊതുപ്രവർത്തകരുടെ അഴിമതിക്ക് ഒരു പരിധി വരെ തടയിടാൻ കഴിയുന്നത്..
ലോകായുക്തയുടെ ചിറകരിയാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന അന്വേഷണം വളരെ പ്രസക്തമാണ്. അധികാരത്തിന് മേൽ തൂങ്ങിക്കിടക്കുന്ന ഡെമോക്ലസിന്റെ വാളാണ് എന്നും ലോകായുക്ത. 
അധികാര ദുർവിനിയോഗത്തിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ പൊതുജനങ്ങൾക്കടക്കം പരാതി പറയാനുള്ള ഏറ്റവും മികച്ച ഇടമാണ് ലോകായുക്ത.
മാത്രമല്ല, പരാതിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെലവ് കുറഞ്ഞ നിയമ സംവിധാനമാണിത്. കോടതികൾ അടക്കമുള്ള നീതിന്യായ സംവിധാനത്തിൽ ഒരു പരാതിക്കാരനോ എതിർ കക്ഷിക്കോ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പലപ്പോഴും വളരെ വലുതാണ്. അതുകൊണ്ട് തന്നെ നീതിയുടെ വഴിയെ മുന്നോട്ട് പോകാൻ പലരും തയാറാകില്ല. എന്നാൽ പൊതുപ്രവർത്തകരുടെ അഴിമതിക്കെതിരെ ആർക്കും എളുപ്പത്തിൽ ലോകായുക്തയിൽ പരാതി നൽകാമെന്നതാണ് എറ്റവും വലിയ പ്രത്യേകത. സങ്കീർണമായ നിയമ പ്രശ്‌നങ്ങൾ ഇവിടെ ഉടലെടുക്കുന്നുമില്ല. 
ജനപ്രതിനിധികളുടെ കാര്യത്തിൽ പ്രത്യേകിച്ച് മന്ത്രിമാരുടെയും എം.എൽ.എമാരുടെയുമെല്ലാം കാര്യത്തിലുണ്ടാകുന്നതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ വിധികളാണ് സംസ്ഥാന സർക്കാരിനെ  അലോസരപ്പെടുത്തുന്നത്. 
കഴിഞ്ഞ സർക്കാരറിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിനെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്ത എടുത്ത ശക്തമായ നിലപാട് സർക്കാരിനെ വലിയ തോതിൽ പ്രതിക്കൂട്ടിലാക്കിയിരുന്നു. അധികാര ദുർവിനിയോഗം തെളിഞ്ഞ സാഹചര്യത്തിൽ കെ.ടി.ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നായിരുന്നു ലോകായുക്തയുടെ വിധി. ഇതിനെതിരെ  ജലീൽ സുപ്രീം കോടതി വരെ പോയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. ഒടുവിൽ രാജിവെക്കേണ്ടി വന്നു. 
മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുമെതിരെയുള്ള പരാതി ഇപ്പോൾ ലോകായുക്തയുടെ മുന്നിലുണ്ട്. ഇത് സർക്കാരിനെ വലിയ തോതിൽ ആശങ്കപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ പേരിൽ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന്റെ പേരിലും മന്ത്രി ആർ.ബിന്ദുവിന്റെ പേരിൽ കണ്ണൂർ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട പരാതിയുമാണുള്ളത്. മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള എതിർ പരാമർശങ്ങൾ ലോകായുക്തയിൽ നിന്ന് ഉണ്ടായാൽ സർക്കാർ രാജിവെക്കേണ്ട അവസ്ഥയുണ്ടാകും. ഇതിനെ മുൻകൂട്ടി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ലോകായുക്തയുടെ ചിറകരിയുന്നതെന്ന ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. ഈ ആരോപണത്തെ പൂർണമായും തള്ളിക്കളയാൻ പറ്റാത്ത സ്ഥിതിയുണ്ട്. 
അല്ലാത്ത പക്ഷം മുഖ്യമന്ത്രി പോലും സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് പെട്ടെന്ന് ലോകായുക്തയുടെ കാര്യത്തിൽ ഭേദഗതി കൊണ്ടുവരുന്നതെന്ന ചോദ്യം ഉയർന്ന് വരും. 
ജനപ്രതിനിധികളുടെ അഴിമതി തടയാൻ ശക്തമായ സംവിധാനം വേണമെന്ന് ആവശ്യപ്പട്ടവരാണ് സി.പി.എം നേതൃത്വം. പൊതുപ്രവർത്തകരുടെ അഴിമതി തടയുന്നതിന് ശക്തമായ നടപടികൾ വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാെരയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് പാർട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. 
അത്തരത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കേരള  സർക്കാർ  ലോകായുക്തയുടെ ചിറകരിയുന്നത് ജനാധിപത്യ ബോധത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. അഴിമതിക്കെതിരെ സംസാരിക്കാൻ പോലും സി.പി.എമ്മിന് കഴിയാത്ത സ്ഥിതി വരും. 
ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസിൽ ഒപ്പുവെക്കാൻ സംസ്ഥാന ഗവർണർ തയാറാകണമെന്നില്ല. എന്നാൽ സർക്കാർ ഉറച്ചു നിൽക്കുകയും  ഓർഡിനൻസ് വീണ്ടും  ഗവർണറുടെ പരിഗണനക്കെത്തുകയും ചെയ്താൽ ഒപ്പിടുകയെന്ന പോംവഴി മാത്രമേ ഗവർണറുടെ മുന്നിലുള്ളൂ. അത് വഴി തകർന്ന് പോകുന്നത് പിണറായി സർക്കാരിന്റെ ജനാധിപത്യ മുഖമാണ്.

Latest News