ന്യൂദല്‍ഹി- എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. എയര്‍ലൈനിന്റെ പൂര്‍ണനിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ടാറ്റ ഗ്രൂപ്പിന്റേതായിരുന്ന എയര്‍ ഇന്ത്യ 63 വര്‍ഷത്തിന് മുമ്പാണ് കേന്ദ്രം ഏറ്റെടുത്തത്.
ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ എയര്‍ ഇന്ത്യയിലെ നിലവിലെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച് ടാറ്റയുടെ പുതിയ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറി.
കനത്ത കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18000 കോടി രൂപയ്ക്കായിരുന്നു കരാര്‍.






