Sorry, you need to enable JavaScript to visit this website.

ഭക്ഷണത്തിൽ വരെ മതം കലർത്തിയവരെ ഒന്നിച്ച് നേരിടണം -മന്ത്രി എം.വി.ഗോവിന്ദൻ

കണ്ണൂർ- ഭക്ഷണം മുതൽ മനുഷ്യ ബന്ധങ്ങൾ വരെ വർഗീയവൽക്കരിക്കപ്പെട്ട ഇക്കാലത്ത് ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും നിലനിർത്താൻ ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഒന്നിച്ച് പോരാടണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം.
മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നീ മൂല്യങ്ങൾ നിലനിർത്താൻ ഭരണഘടനാ അവബോധം ജനങ്ങളിൽ സൃഷ്ടിച്ചേ മതിയാകൂ. വിവിധ കൈവഴികളിലൂടെ നടന്ന ദേശീയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന മൂല്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത. ഈ പോരാട്ടങ്ങളിൽ അന്തർലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യ സംസ്‌കാരം, സാമ്പത്തിക കൈയേറ്റങ്ങൾക്കെതിരായ വികാരം എന്നിവയെല്ലാം നമ്മുടെ ഭരണഘടനയിൽ പല രീതിയിൽ പ്രതിഫലിക്കുന്നുണ്ട്. വിവിധ ദേശീയതകളെ ഉൾച്ചേർത്തുള്ള ഫെഡറൽ കാഴ്ചപ്പാടാണ് ഇന്ത്യയെന്ന രാഷ്ട്ര സങ്കൽപത്തിന്റെ അടിസ്ഥാനം. എന്നാൽ രാജ്യം ഒരു പ്രത്യേക മതത്തിന്റേതാണെന്ന നിലയിൽ ഭൂരിപക്ഷ മതത്തിന്റെ പേരിലുള്ള പ്രവർത്തനങ്ങളും അതിനെതിരെ ന്യൂനപക്ഷങ്ങളിലെ ചില വിഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങളും നമ്മുടെ രാജ്യത്തെ ശിഥിലമാക്കുന്ന പ്രവണതകളാണ്.
വർഗീയ ശക്തികൾ വളരെ മുമ്പ് തന്നെ സജീവമായി പ്രവർത്തിച്ചിരുന്നുവെന്ന് നമുക്ക് അറിയാം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഭരണഘടന നിലവിൽവരും മുമ്പ് തന്നെ നമ്മുടെ രാഷ്ട്രപിതാവ് മൃഗീയമായി കൊല ചെയ്യപ്പെട്ടുവെന്നത് എന്നും വേദനിപ്പിക്കുന്ന ഓർമയാണ്.
ഭരണഘടന വിഭാവനം ചെയ്ത അർഥത്തിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ക്ഷേമം കൈവരിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ലെന്നത് യാഥാർഥ്യമാണ്. സമ്പത്ത് ഒരു ചെറു ന്യൂനപക്ഷത്തിന്റെ കൈയിൽ കേന്ദ്രീകരിക്കുന്നതാണ് ഈ കോവിഡ് കാലത്തും നാം കാണുന്നത്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഭരണഘടനാപരമായ മാർഗങ്ങൾ ഉപയോഗിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടത്. കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിദരിദ്രർ ഇവിടെ തുലോം കുറവാണെങ്കിലും അവരെ കണ്ടെത്തി മുന്നോട്ടു നയിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നു. വാതിൽപ്പടി സേവന പദ്ധതി പോലെ സേവനങ്ങൾ പുതിയ തലത്തിലേക്ക് എത്തിക്കുന്ന സവിശേഷ പ്രവർത്തനങ്ങൾ, എല്ലാവർക്കും തല ചായ്ക്കാനൊരു വീട് എന്നത് യാഥാർഥ്യമാക്കാനുള്ള ലൈഫ് പദ്ധതി എന്നിവയെല്ലാം ഈ ദിശയിലുള്ള പ്രവർത്തനങ്ങളാണെന്നും മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, റൂറൽ പോലീസ് കമ്മീഷണർ പി.ബി.രാജീവ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, മേയർ ടി.ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. കെ.എ.പി കമാണ്ടന്റ് വിജയ ഭാരത് റെഡ്ഡിയാണ് പരേഡ് നയിച്ചത്. ജില്ലാ പോലീസിലെ റിസർവ് എസ്.ഐ ദിലീപ് കുമാറായിരുന്നു സെക്കന്റ് കമാണ്ടന്റ്. കെ.എ.പി, ജില്ലാ പോലീസ്, ജയിൽ, എക്സൈസ് വകുപ്പുകളുടെ നാലു പ്ലാറ്റൂണാണ് പരേഡിൽ അണി നിരന്നത്. ഡി.എസ്.സിയുടെ ബാന്റ് സംഘവും അണിനിരന്നു.

Latest News