Sorry, you need to enable JavaScript to visit this website.

പൗരാവകാശ ലംഘനം: പ്രതികരണങ്ങളും ഐക്യപ്പെടലും അനിവാര്യം - രാജീവ് ശങ്കരൻ

പ്രവാസി സാംസ്‌കാരിക വേദി അൽഖോബാർ സംഘടിപ്പിച്ച ഭരണഘടനാ ജാഗ്രതാ സംഗമത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ സംസാരിക്കുന്നു.

അൽഖോബാർ- സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും ഉറപ്പ് നൽകുന്ന നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊണ്ട് മുന്നോട്ട് പോകുമ്പോൾ മാത്രേമ ഇന്ത്യ ഒരു സമ്പൂർണ ജനാധിപത്യ മതേതര റിപ്പബ്ലിക് ആവുകയുള്ളൂവെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജീവ് ശങ്കരൻ അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്‌കാരിക വേദി അൽഖോബാർ മേഖല സംഘടിപ്പിച്ച ഭരണഘടന ജാഗ്രതാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
പൗരന് സ്വാഭാവികമായും ലഭിക്കേണ്ട സമാധാനവും സുരക്ഷിതത്വവും അടിയന്തരാവസ്ഥക്ക് സമാനമായ രീതിയിൽ ലംഘിക്കപ്പെടുന്ന അവസ്ഥയാണ് നാം കാണുന്നത്. സർക്കാരിനെ വിമർശിക്കുന്നത് കുറ്റകരമായി കണ്ട് നിരവധി പേരെ ജയിലിൽ അടക്കുന്നു. ഇതിനെതിരെയുള്ള പ്രതികരണങ്ങളും ഐക്യപ്പെടലുകളുമാണ് വേണ്ടതെന്നും മുഖ്യധാരാ മാധ്യമങ്ങൾ ഒരു പരിധി വരെ അധികാരി വർഗങ്ങളുടെ കുഴലൂത്തുകാരാവുമ്പോൾ സാമൂഹിക മാധ്യമങ്ങൾ മുഖേന പ്രതികരിക്കാനുള്ള അവസരം പൊതുജനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമകാലിക കേരളം എങ്ങോട്ട് എന്ന വിഷയത്തിൽ നൗഫർ മമ്പാട് സംസാരിച്ചു. കേരളത്തിൽ ഗുണ്ടാ വിളയാട്ടത്തിന് മുന്നിൽ നിഷ്‌ക്രിയമാണ് പൊലീസ് സംവിധാനം. യോഗി സർക്കാരിനെ പോലും കവച്ചു വെക്കുന്ന രീതിയിൽ ന്യൂനപക്ഷ വിഷയങ്ങളിലുള്ള ഇടപെടലുകൾ തുടങ്ങി പരിസ്ഥിതിയെയും സാമൂഹിക നീതിയെയും പരിഗണിക്കാതെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പദ്ധതികളുമായി മുന്നോട്ടു പോകുന്ന തെറ്റായ നിലപാടുകൾ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് പർവേസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ കെ.എം. സാബിഖ് സ്വാഗതം പറഞ്ഞു. അബ്ദുൽ കരീം ആലുവ മോഡറേറ്ററായിരുന്നു. ഷാബിന തസ്നിം, ഷബീർ കേച്ചേരി, സി.ടി. റഹീം, റിദ് വ റഹീം, ഫൈസൽ കൈപ്പമംഗലം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫൈഹ പർവേസ്, മൻഹ ഷുഹൈബ്, മർവ ഷുഹൈബ്, മെഹ്‌റിൻ ഷുഹൈബ്, അഫ്റ അബ്ദുറഹിമാൻ എന്നിവരുടെ ഡാൻസും പരിപാടിക്ക് കൊഴുപ്പേകി.
 

Tags

Latest News