Sorry, you need to enable JavaScript to visit this website.

സില്‍വര്‍ ലൈന്‍: കണ്ണൂര്‍ പാര്‍ട്ടി ഗ്രാമങ്ങളിലും എതിര്‍പ്പ് ശക്തം

കണ്ണൂര്‍- വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ നടക്കുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പുകളുയരുന്നു. പയ്യന്നൂര്‍ കാനത്ത് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സര്‍വ്വേ തടഞ്ഞു. ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് സര്‍വ്വേ പുനരാരംഭിച്ചത്. കണ്ണൂരിലെ സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് കാന. പദ്ധതിയില്‍ ഏറ്റവുമവസാനം നിര്‍മ്മാണം നടക്കേണ്ട കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമാദ്യം സര്‍വ്വേ നടത്തി, പദ്ധതിക്ക് ജനങ്ങളുടെ എതിര്‍പ്പില്ലെന്ന് തെളിയിക്കാനുള്ള അധികൃതരുടെ നീക്കമാണ് പാളിയത്. പദ്ധതിക്ക് ഭൂമി വിട്ടു നല്‍കാന്‍ ജനങ്ങള്‍ സന്നദ്ധമാണെന്ന മട്ടിലാണ് സര്‍വ്വേയിലെ ചോദ്യങ്ങള്‍ പലതും തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. പദ്ധതിക്ക് പരോക്ഷമായി അംഗീകാരം നേടിയെടുക്കുകയാണ് ഇതിന് പിന്നിലെ ഗൂഢനീക്കമെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും, ഏഴോത്തുമടക്കം ഭൂമി നഷ്ടപ്പെടുന്നതിന്റെ ആശങ്കയുമായി ജനങ്ങള്‍ രംഗത്തെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാള കല്ലുകള്‍ പിഴുതു മാറ്റിയ പരിസ്ഥിതി കേന്ദ്രമായ മാടായിപ്പാറയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പു ഭയന്ന് വന്‍ പോലീസ് സന്നാഹത്തിലാണ് സര്‍വ്വേ നടത്തിയത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നതിനെതിരെ ചിലര്‍ കടുത്ത പ്രതികരണം നടത്തിയപ്പോള്‍, അര്‍ഹമായ നഷ്ട പരിഹാരം ലഭിച്ചാല്‍ ഒഴിഞ്ഞു പോകാമെന്ന നിലപാടും ചിലര്‍ കൈക്കൊണ്ടു. കോട്ടയത്തെ സ്വകാര്യ ഏജന്‍സി നടത്തുന്ന സര്‍വ്വേയില്‍ ആദ്യ ദിവസങ്ങളില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് എതിര്‍പ്പുകള്‍ക്ക് ശക്തി പ്രാപിക്കുകയായിരുന്നു. വീടും കുടിയും നഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ എങ്ങോട്ടു പോകുമെന്നായിരുന്നു ഗ്രാമീണ സ്ത്രീകളുടെ ചോദ്യം. മണ്ണും ഭൂമിയും വളരില്ല. നമ്മളതിനെ ചേര്‍ത്തു പിടിക്കുകയാണ് വേണ്ടത്. നശിപ്പിക്കുകയല്ല എന്നായിരുന്നു ചിലരുടെ പ്രതികരണം. സില്‍വര്‍ ലൈന്‍ അധികൃതര്‍ പ്രചരിപ്പിക്കുന്നതു പോലെ എല്ലാവരും പദ്ധതിക്ക് അനുകൂലമല്ലെന്ന് സര്‍വ്വേയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ തെളിഞ്ഞു. ഇടതുപക്ഷ അനുഭാവമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും സര്‍വ്വേ സംഘത്തിന്റെ  ചോദ്യാവലിയോട് കാര്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. സര്‍വ്വേ തെക്കന്‍ ജില്ലകളിലേക്കെത്തുമ്പോള്‍ എതിര്‍പ്പുകള്‍ ശക്തമാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വ്വേയിലെ ചോദ്യാവലിക്കെതിരെ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി രംഗത്തെത്തി. ചോദ്യങ്ങള്‍ അശാസ്ത്രീയവും പൊതു സമൂഹത്തിനെതിരുമാണെന്ന് ഇവര്‍ ആരോപിച്ചു.  സാമൂഹികാഘാത പഠനമെന്ന പേരില്‍ ഏതാനും ദിവസമായി കണ്ണൂരില്‍ സ്വകാര്യ ഏജന്‍സി നടത്തുന്ന സര്‍വ്വേയുടെ ലഘുലേഖയിലെ 17 പേജുകളിലെ വിവരശേഖരണ ചോദ്യങ്ങള്‍ അങ്ങേയറ്റം പ്രഹസനമാണെന്ന് സമിതി ആരോപിച്ചു. പദ്ധതിയുടെ അതിര്‍ത്തി രേഖയും ബഫര്‍ സോണും സംബന്ധിച്ച കാര്യങ്ങള്‍ പദ്ധതി ബാധിതരെ ബോധ്യപ്പെടുത്തിയിട്ടില്ല. ബാധിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണം, നഷ്ടപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണം, പദ്ധതിയുമായി നേരിട്ടുണ്ടാകുന്ന പ്രത്യാഘാതം എന്നിവ ജനങ്ങളോടു ആരായുന്നത്  എന്തടിസ്ഥാനത്തിലാണെന്നും സമിതി ചോദിക്കുന്നു.
അതിരടയാള കല്ലുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു സ്ഥാപിച്ചതാണെന്നിരിക്കെ, അവയുടെ നമ്പറും അതിന്റെ അടിസ്ഥാനത്തിലുള്ള വീതിയും ഉടമസ്ഥരോടു ചോദിക്കുന്നതു പ്രഹസനമാണ്. മതാടിസ്ഥാനത്തിലും ജാതിയടിസ്ഥാനത്തിലും തരം തിരിച്ചുള്ള പഠനവും സാമ്പത്തികാടിസ്ഥാനത്തിലും തരം തിരിക്കുന്നതും അനാവശ്യമാണ്. കുടുംബാംഗങ്ങളുടെ പേര്, വ്യക്തി വിവരങ്ങള്‍, സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍, തൊഴില്‍, മാസവരുമാനം എന്നിവയടങ്ങുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയേറെയാണ്. പഠനം നടത്തുന്ന ഏജന്‍സിയുടെ വിശ്വാസ്യതയും പ്രാപ്തിയും പൂര്‍ണമായും അംഗീകരിക്കാനാവില്ല. ബാധിക്കപ്പെടുന്ന വസ്തുവിന്റെ ശേഷം ഭാഗം എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ ഭൂമിയുടെ ക്രയവിക്രയം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കാണു നയിക്കുന്നത്. ഭൂമി വിട്ടു നല്‍കാന്‍ ജനങ്ങള്‍ തയ്യാറാണന്ന ഉത്തരത്തിലേക്കു പരോക്ഷമായ രീതിയിലാണു ചോദ്യങ്ങള്‍. വിനാശ പദ്ധതി ജനതാല്‍പര്യം കണക്കാക്കി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സമിതി ഭാരവാഹിയും മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാനുമായ കെ.പി.ചന്ദ്രാംഗദന്‍ പറഞ്ഞു.

 

 

Latest News