കൊല്ലം - അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പത്തംഗസംഘത്തിലെ ഏഴ് പേരെ കരുനാഗപ്പളളി പോലീസ് പിടികൂടി. തഴവ കടത്തൂര്‍ കരിയാപ്പളളി കിഴക്കതില്‍ ബ്ലാക്ക് എന്ന് വിളിപ്പേരുളള വിഷ്ണു (25), കുലശേഖരപുരം വവ്വാക്കാവ് അലിയില്‍ പുത്തന്‍വീട്ടില്‍ നബീല്‍ (20), വവ്വാക്കാവ് മുണ്ടപ്പളളി കിഴക്കതില്‍ മണി (19), വവ്വാക്കാവ് ഫാത്തിമാ മന്‍സിലില്‍ അലി ഉമ്മര്‍ (20), വവ്വാക്കാവ് ലക്ഷ്മി ഭവനില്‍ ഗോകുല്‍ (20), ഓച്ചിറ ചങ്ങന്‍കുളങ്ങര അമ്മ വീട്ടില്‍ ചന്തു (19), തൊടിയൂര്‍ പുലി. വടക്ക് റഹീം മന്‍സിലില്‍ മകന്‍ മുഹമ്മദ് ഫൈസല്‍ ഖാന്‍ (25) എന്നിവരാണ് പിടിയിലായത്. ഇതില്‍ വിഷ്ണു, ഫൈസല്‍ എന്നിവര്‍ നിരവധി വധശ്രമ കേസുകളില്‍ മുന്‍പ് ഉള്‍പ്പെട്ടിട്ടുളളവരാണ്.
ഇക്കഴിഞ്ഞ 23ന് കരുനാഗപ്പള്ളി ഇടക്കുളങ്ങര കോതേരില്‍ വെളളച്ചാല്‍ വീട്ടില്‍ അമ്പാടിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. വീട്ടിലെത്തിയ പത്തംഗ സംഘം യുവാവിനെ പുറത്തേക്ക് വിളിച്ചിറക്കി വടിവാള്‍ കൊണ്ട് തലയ്ക്കും കൈകളിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അപരിചിതരായ യുവാക്കള്‍ ആക്രമിച്ചതിനാല്‍ അമ്പാടിക്ക് പോലീസിനോട് പ്രതികളെ സംബന്ധിച്ച് സൂചനകള്‍ ഒന്നും നല്‍കുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ ഇയാളും ബന്ധുവായ യുവതിയും മൈനാഗപ്പളളിയിലെ ഇവരുടെ സുഹൃത്തുക്കളായ യുവതികളുമായി വഴക്കുണ്ടായതായി അറിഞ്ഞു. ഈ യുവതികളെ ചോദ്യം ചെയ്തതില്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നു ആക്രമണ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അമ്പാടി അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഇയാളെ ആക്രമിക്കാന്‍ സുഹൃത്തായ സൈനികന്റെ സഹായം തേടിയെന്നും ആക്രമണ ദൃശ്യങ്ങള്‍ അയാളാണ് അയച്ചുതന്നതെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങളില്‍ നിന്നും പോലീസ് ആക്രമികളെ തിരിച്ചറിയുകയായിരുന്നു.
യുവാക്കളടങ്ങിയ സംഘത്തെ ലഹരി നല്‍കി പ്രചോദിപ്പിച്ചാണ് കൃത്യം നിര്‍വഹിച്ചത്. ആക്രമി സംഘം തന്നെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൈനികന് അയച്ച് നല്‍കുകയായിരുന്നു. സൈനികന്‍ അത് വനിതാ സുഹൃത്തുകള്‍ക്ക് നല്‍കിയതാണ് പ്രതികളെ അതിവേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. പ്രതികളെ സംബന്ധിച്ച് കൊല്ലം സിറ്റി പോലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.