Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

കേരളവും കുതിക്കണം അതിവേഗത്തിൽ

അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. കാസർകോടിനോട് മുട്ടിയിരുന്നി നിൽക്കുന്ന മംഗലാപുരവും പാലക്കാടിന്റെ കോയമ്പത്തൂരും കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് ആറാവുന്നു. കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം.

മഹാമാരിക്കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയം കെ. റെയിലിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ ഗുണദോഷങ്ങളെ കുറിച്ചാണ്. വികസനത്തിന്റെ മാന്ത്രിക ദണ്ഡാണിതെന്ന് ഒരു കൂട്ടർ പറയുമ്പോൾ കുടിഒഴിപ്പിക്കപ്പെടുന്നവർക്ക് ആര്, എപ്പോൾ നഷ്ടപരിഹാരം നൽകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കവേ മുതിർന്ന നേതാവ് എം.എ. ബേബി പറഞ്ഞതാണ് കാര്യം. കെ. റെയിലിനെ വിമർശിക്കുന്നവരിൽ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരമുണ്ടെന്ന കാര്യം വിസമരിക്കരുതെന്നാണ് അദ്ദേഹം ഓർമപ്പെടുത്തിയത്. ഇതാണ് വിവേകം. സൈബറിടങ്ങളിൽ സിൽവർ ലൈനിനെ ന്യായീകരിക്കുന്ന പോരാളികൾക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. യു.എ.ഇയിലെ ഇത്തിഹാദ് റെയിൽവേ, കൊങ്കൺ പാത, മറ്റു വിദേശ രാജ്യങ്ങളിലെ ആധുനിക റെയിൽവേ സംവിധാനം എന്നിവ എടുത്തു കാട്ടിയാണ് പോരാളികൾ ന്യായവാദങ്ങൾ നിരത്തുന്നത്. ഗൾഫ് രാജ്യങ്ങളോ പടിഞ്ഞാറൻ മുതലാളിത്ത സമ്പന്ന രാജ്യങ്ങളോ ശമ്പളവും പെൻഷനും കൊടുക്കാൻ കടം കിട്ടുമോ എന്നു വേവലാതിപ്പെടുന്ന കൂട്ടരല്ല. എ.ഡി.ബി, ലോക ബാങ്ക് വായ്പകളെടുക്കാതെ കാര്യങ്ങൾ നടത്താൻ ശേഷിയുള്ള രാജ്യങ്ങളാണ് ഇത്തരം ആഡംബര സൗകര്യങ്ങൾ ഒരുക്കുന്നത്. 
യു.എ.ഇ സർക്കാർ നടപ്പാക്കുന്ന ഇത്തിഹാദ് റെയിൽവേയെ അനുകൂലിക്കുന്ന ചില മലയാള പത്രങ്ങൾക്ക് വിമർശനം ഇവിടെയേ ഉള്ളൂവെന്നാണ് ചിലരുടെ പരിഭവം. യു.എ.ഇയിലെ പതിനൊന്ന്് നഗരങ്ങളെ 200 കിലോ മീറ്റർ വേഗത്തിൽ ബന്ധിപ്പിക്കാനുള്ളതാണ് പദ്ധതി. സൗദി അറേബ്യയുടെ കാര്യമെടുക്കാം. വാണിജ്യ തലസ്ഥാനമായ ജിദ്ദാ നഗരത്തിൽ റെയിൽ കണക്ടിവിറ്റി വന്നത് 2018 ലാണ്. പുണ്യ നഗരങ്ങളായ മക്കയേയും മദീനയേയും ജിദ്ദ വഴി ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽവേ. അതിനിടക്ക് അഞ്ച് സ്റ്റേഷനുകൾ. മുമ്പൊക്കെ റോഡിൽ അഞ്ച് മണിക്കൂറെടുത്ത് യാത്ര ചെയ്തിരുന്ന ജിദ്ദ-മദീന ദൂരം രണ്ടു മണിക്കൂറായി കുറഞ്ഞു. ജനവാസമില്ലാത്ത മരുഭൂമിയിലൂടെയാണ് പ്രധാനമായും പാത കടന്നു പോകുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ സ്പീഡെടുക്കാവുന്ന ഹൈസ്പീഡ് തീവണ്ടി ഇപ്പോൾ ഇരുന്നൂറ് കി.മീ വേഗത്തിലാണോടുന്നത്. 2018 ഒക്ടോബറിലാണിത് കമ്മീഷൻ ചെയ്തത്. സൗദി അറേബ്യ വിഷൻ 2030 ൽ ഉൾപ്പെടുത്തി ഹൈപർലൂപ് ട്രെയിനുകളാണ് വിഭാവനം ചെയ്യുന്നത്. വിമാനത്തേക്കാൾ വേഗത്തിൽ ഇതിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തുമെത്താം. റിയാദ്-ജിദ്ദ യാത്ര അര മണിക്കൂർ കൊണ്ടും സാധിക്കും. കേരളത്തിലെ യാത്രാ വേഗം കൂട്ടുകയാണ് കെ. റെയിൽ സംഘാടകർ ചിന്തിക്കുന്നതെങ്കിൽ ലോകത്ത് നടപ്പാക്കിയ ഏറ്റവും പുതിയ റെയിൽവേകളെ കുറിച്ച് മനസ്സിലാക്കിയേ തീരൂ. 
കേരളം ഭരിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേത് പോലെ എടുത്തു പറയാവുന്ന ഒരു വികസന പദ്ധതിയും ഒന്നാം പിണറായി സർക്കാരിന് നടപ്പാക്കാനായില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്സാഹം കൊണ്ടാണല്ലോ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും കൊച്ചി മെട്രോയും യാഥാർഥ്യമാക്കാൻ മുൻ സർക്കാരിന് സാധിച്ചത്. ഈ ഒരു കുറവ് നികത്താൻ പിണറായി സർക്കാർ നടപ്പാക്കാൻ പോകുന്ന ബൃഹദ് പദ്ധതിയാണ് മലയാളികൾക്ക് നെഞ്ചിലെ തീയായി മാറിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽ പാത പണിയാനാണ് പദ്ധതി. ഇതിനായി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചിട്ടുണ്ട്.  പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ നിക്ഷേപമായിരിക്കുമിത്. 3500 ഏക്കർ  ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കേണ്ടത്. 80,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഭവനരഹിതരാവും. 132 കിലോമീറ്റർ പ്രദേശത്തെ നെൽവയലുകൾ അപ്രത്യക്ഷമാവും. 2011 മുതൽ തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ സബ് അർബൻ റെയിൽവേ. ഇതിനായി രൂപീകരിച്ച കമ്പനി 2018 ൽ ഉപേക്ഷിക്കുകയും ചെയ്തു. 
 എല്ലാ തടസ്സങ്ങളും അതിജീവിച്ച് കടമായെങ്കിലും പണം സ്വരൂപിച്ച് സിൽവർ ലൈൻ  പദ്ധതി 2035 ൽ യാഥാർഥ്യമായെന്ന് തന്നെ വെക്കുക. പരമാവധി 150 കിലോ മീറ്റർ വേഗത്തിലുള്ള ട്രെയിനുകളാണ് ഓടുക. 
യാത്രാ സമയം (532 കിലോമീറ്റർ ദൂരം) 12 ൽ നിന്ന്  4 മണിക്കൂറായി കുറക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിൽ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോൾ തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. കാസർകോടിനോട് മുട്ടിയിരുന്നി നിൽക്കുന്ന മംഗലാപുരവും പാലക്കാടിന്റെ കോയമ്പത്തൂരും കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് ആറാവുന്നു. കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം. നാല് മണിക്കൂർ ട്രെയിനിലിരുന്ന് മുഷിയേണ്ട കാര്യമില്ല.  പാരീസിലെ സിസ്ട്ര ജിസിയാണ് കെ. റെയിലിനുവേണ്ടി ഡി.പി.ആർ തയാറാക്കിയത്. സിൽവർ ലൈൻ പ്രോജക്റ്റ് പ്രകാരം 2025-26 കാലയളവിൽ പ്രതിദിനം 79,934 പേർ പ്രസ്തുത ട്രെയിനിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഈ കണക്കുകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല.  കൊച്ചി മെട്രോ റെയിലിന്റെ ഡി.പി.ആർ പ്രകാരം 2015 ൽ പ്രതിദിനം 3,81,868 യാത്രക്കാരും 2020 ൽ പ്രതിദിനം 4,68,130 യാത്രക്കാരും മെട്രോ റെയിലിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കിയിരുന്നത്.  ഇന്നുവരെ നേടിയ ഏറ്റവും ഉയർന്ന റൈഡർഷിപ് പ്രതിദിനം 1.25 ലക്ഷം മാത്രമാണ്.  കൊച്ചി മെട്രോയുടെ അനുഭവം പാഠമാകേണ്ടതുണ്ട്. 
തുടക്കത്തിൽ പറഞ്ഞ മക്ക-മദീന പുണ്യ നഗരങ്ങളെ ബന്ധപ്പെടുത്തിയുള്ള ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പ്രതിവർഷം 50 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തു നിന്ന്് തീർഥാടകരെത്തുന്ന മക്കയും മദീനയുമുള്ള റെയിൽവേക്ക് ഇതൊരു അതിശയോക്തിയുള്ള കണക്കുകൂട്ടലല്ല. കോവിഡ് കാലം കഴിഞ്ഞ് സാധാരണ ജീവിതം തിരിച്ചു വരുമ്പോൾ സ്വാഭാവികമായും യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുണ്ടാവും. കാസർകോട്ട് നിൽക്കുന്ന അർബുദ രോഗിയെ നമുക്ക നാല് മണിക്കൂർ കൊണ്ട് അർധ അതിവേഗ തീവണ്ടിയിൽ തലസ്ഥാനത്ത് എത്തിച്ചു കൂടെയെന്ന് ഒരു നിഷ്‌കുവിന്റെ ചോദ്യം ഇന്ന്് സമൂഹ മാധ്യമങ്ങളിൽ കണ്ടു. അതിന് ഇത്ര തന്നെ പണം ചെലവാക്കാതെ എല്ലാ ജില്ലകളിലും സൗകര്യങ്ങളുള്ള കാൻസർ ആശുപത്രി പണിതാൽ പോരേ? ഇനി വേഗ റെയിൽ കൂടിയേ തീരൂ എന്നാണെങ്കിൽ അതിവേഗ റെയിലിനെപ്പറ്റി തന്നെ ചിന്തിക്കുന്നതാവും ഉചിതം.
 

Latest News