Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

എഴുപത്തിമൂന്നിന്റെ നിറവിൽ ഭാരതം

സ്വതന്ത്ര ഇന്ത്യക്ക് എഴുപത്തഞ്ച് വയസ്സായി. വാരിയൻകുന്നന്റെ പോരാട്ടങ്ങൾക്ക് നൂറ് വയസ്സും. നേതാജി ഭൂജാതനായിട്ട് 125 വയസ്സും. ഗാന്ധിജി വിടപറഞ്ഞിട്ട് എഴുപത്തഞ്ചാണ്ടിലേക്ക് പ്രവേശിക്കുന്നു. രാഷ്ട്രം പരമാധികാരിയായിട്ട് എഴുപത്തിമൂന്നും. ഈ വയസ്സിലും ആശങ്കയുടെ ഭൂമധ്യരേഖയിലൂടെ ആണെങ്കിലും ഇന്ത്യ കുതിക്കുക തന്നെയാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമെന്ന ഖ്യാതിക്കരികെയാണ് ഇന്ത്യയുള്ളത്. ഇന്ത്യയുടെ ചെറുപ്പത്തിന് 30  വയസ്സേയുള്ളൂ. ഒരുമയുടെ പന്ഥാവിലൂടെ ഇനിയുമിനിയും ചെറുപ്പമായിരിക്കട്ടെ നമ്മുടെ ഭാരതമെന്ന് ആശംസിക്കാം.

ഇന്ത്യക്ക് പരമാധികാര രാഷ്ട്രമെന്ന പദവി ലഭിച്ചതിന്റെ 73 ാം വാർഷിക ദിനത്തിലാണ് രാഷ്ട്രം. 1947 ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും റിപ്പബ്ലിക് ആകുന്നതു വരെ ബ്രിട്ടന്റെ കീഴിൽ കോമൺവെൽത്തിലെ അംഗരാജ്യമെന്ന പദവിയായിരുന്നു ഇന്ത്യക്ക്. ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1949 നവംബർ 26 നായിരുന്നു. എന്നാൽ അത് നടപ്പിലാക്കിയത് 1950 ജനുവരി 26 നാണ്. അതാണ് ഈ ദിനത്തിന്റെ  സവിശേഷത. 1929 ഡിസംബർ 19 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്ര പ്രസിദ്ധമായ ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യക്കാവശ്യം പുത്രികാ രാജ്യ പദവിയല്ല, മറിച്ച് സമ്പൂർണ സ്വാതന്ത്ര്യമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി സ്വയംഭരണാവകാശ പ്രഖ്യാപനമായിരുന്നു പൂർണ സ്വരാജ്. അതിന്റെ പ്രതീകാത്മകമായി ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ഇന്ത്യയുടെ ദേശീയ പതാക രാവി നദിക്കരയിൽ ജവാഹർലാൽ നെഹ്‌റു ഉയർത്തി. ആ സമ്മേളനത്തിലാണ് നെഹ്റു ആദ്യമായി കോൺഗ്രസിന്റെ പ്രസിഡന്റാകുന്നത്.
 ഇന്ത്യ സ്വതന്ത്രയായി എന്നു കാണിക്കാൻ രാജ്യമെമ്പാടും ജനുവരി 26 ന് ത്രിവർണ പതാക ഉയർത്തുവാൻ തീരുമാനിക്കുകയും 1930 ൽ അതാരംഭിക്കുകയും ചെയ്തു. ഈ വർഷം തന്നെയാണ് നിയമ ലംഘന പ്രസ്ഥാനം ആരംഭിച്ചതും. മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്ന് 78 അനുയായികളുടെ കൂടെ 385 കിലോമീറ്റർ സഞ്ചരിച്ച് ഏപ്രിൽ 6 ന് ദണ്ഡി കടപ്പുറത്ത് ഉപ്പ് ഊറ്റിക്കൊണ്ടാണ് നിയമ ലംഘനത്തിന് ആരംഭം കുറിച്ചത്. പിന്നീട് 17 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് സ്വാതന്ത്ര്യത്തിന്റെ സ്വഛതയിലേക്ക് രാഷ്ട്രം പ്രവേശിച്ചത്. എന്നാൽ സ്വാതന്ത്ര്യവാഞ്ഛ ഓരോ ഇന്ത്യക്കാരനിലും അങ്കുരിക്കുകയും വ്യത്യസ്ത രീതിയിൽ അതിന്റെ പ്രയോഗ വശങ്ങൾ കർമ ഭൂമിയിലിറക്കപ്പെടുകയും ചെയ്തുവെന്നത് വസ്തുതയാണ്.
 ഇക്കഴിഞ്ഞ 23 നായിരുന്നു നേതാജി സുബാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മദിനം നാമാചാരിച്ചത്. അദ്ദേഹത്തിന്റെ മരണ ദിവസം ആചരിക്കാറില്ല. കാരണം, അദ്ദേഹത്തിന്റെ മരണം ഇപ്പോഴും ഒരു നിഗൂഢതയായി തുടരുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചിരഞ്ജീവിയാണ് നേതാജി. അദ്ദേഹം പ്രഖ്യാപിച്ച സ്വതന്ത്ര ഇന്ത്യ, ആസാദ് ഹിന്ദ് സർക്കാർ 1943 ഒക്ടോബർ 21 ന് സിംഗപ്പൂരിൽ നിലവിൽവന്നു. പ്രധാനമന്ത്രിയും യുദ്ധമന്ത്രിയുമായി നേതാജിയും ധനമന്ത്രിയായി എ.സി. ചാറ്റർജിയും പ്രചാരണ മന്ത്രിയായി എസ്.എ. അയ്യരും വനിതാകാര്യ മന്ത്രിയായി ക്യാപ്റ്റൻ ലക്ഷ്മിയും നിയമിതരായി. പ്രധാനമായും ജപ്പാന്റെ പിന്തുണയിലായിരുന്നു ഹിന്ദ് സർക്കാർ പ്രവർത്തിച്ചിരുന്നത്. 1945 ഓഗസ്റ്റ് 6 നും 9 നും ജപ്പാനിലെ ഹിരോഷിമയിലും നാഗസാഖിയിലും ആറ്റംബോംബ് വാർഷിച്ചതോടു കൂടി ജപ്പാൻ തവിടുപൊടിയായി. ഹിന്ദ് സർക്കാരിന്റെ നിലനിൽപും അവതാളത്തിലായി. നേതാജിയുടെ അൽപകാല സർക്കാരിനെ റഷ്യ, ചൈന, തായ്ലൻഡ്, ഇറ്റലി, ജർമനിയടക്കം 9 രാജ്യങ്ങൾ അംഗീകരിച്ചു. 
ഗാന്ധിജിയെ അച്ഛന്റെ സ്ഥാനത്ത് കണ്ടുകൊണ്ട് നമ്മൾ ബാപ്പുജി എന്നാണ് വിളിക്കാറ്. ചെറിയച്ഛൻ എന്നയർത്ഥത്തിൽ നെഹ്റുവിനെ ചാച്ചാജി എന്നും. എന്നാൽ സുബാഷ് ചന്ദ്രബോസിനെ രാജ്യം വിളിച്ചത് നേതാജി എന്നാണ്. ലോകത്തെ വൻശക്തികളെ നേരിൽ കണ്ട് ഇന്ത്യക്ക് വേണ്ടി ലോകരാഷ്ട്രങ്ങളിൽ നിന്ന് പ്രവർത്തിക്കുകയും ചെറുപ്പക്കാരെ സമരാവേശം കൊള്ളിക്കുകയും ചെയ്ത അപൂർവത നേതാജിക്ക് സ്വന്തമാണ്. ഇന്ത്യാ രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരു സാമൂഹിക വ്യവസ്ഥിതിയും സംഭാവന ചെയ്തു. ഇന്ത്യൻ സോഷ്യലിസം എന്നാണദ്ദേഹം അതിനെ വിളിച്ചത്. സോഷ്യലിസം കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യാനാവില്ലെന്നും ഒരോ രാഷ്ട്രത്തിന്റെയും സാമൂഹിക വ്യവസ്ഥിതിയുമായി  അഭേദ്യമായി അതിന് ബന്ധമുണ്ടെന്നും അതിനാൽ തന്നെ സാർവദേശീയ സോഷ്യലിസം സാധ്യമല്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു.
 ഇന്ത്യക്ക് വെളിയിൽ 50,000 പട്ടാളത്തെ സംഘടിപ്പിച്ച് ജപ്പാൻ സേനയുടെ സഹായത്തോടെ ബ്രിട്ടനെതിരെ പോരാടിക്കൊണ്ട് സിംഗപ്പൂർ, തായ്ലൻഡ്, ബർമ്മ വഴി മണിപ്പൂരിലെ ഐരാവതി പുഴയും കടന്ന് മൊയ്രംഗ് പട്ടണത്തിൽ ത്രിവർണ പതാകയുയർത്തി. 1944 മാർച്ചിലായിരുന്നു ഈ വിജയഭേരി അരങ്ങേറിയത്. ബഹാദൂർ ഗ്രൂപ്പിലെ ക്യാപ്റ്റൻ ഷൗക്കത്ത് അലി മല്ലിക് ആണ് ഐ.എൻ.എ പതാകയുയർത്തിയത്. ആദ്യമായി ഇന്ത്യയുടെ സേന ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു ഭൂപ്രദേശം സ്വതന്ത്രമാക്കിയത് ചരിത്രത്തിലത്ര ഓർമിക്കപ്പെടാതെ പോയതെന്തു കൊണ്ടാവാം? ഇരുപതാം നൂറ്റാണ്ടിൽ സമാനമായ മറ്റൊരു പരാജയം ബ്രിട്ടൻ രുചിച്ചത് മലബാറിന്റെ മണ്ണിൽ വെച്ച് വാരിയൻകുന്നൻ കുഞ്ഞഹമ്മദാജി കേരള ദേശം പ്രഖ്യാപിച്ച് ഭരണം സ്ഥാപിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ സേനയിൽ 75,000 പേരാണുണ്ടായിരുന്നത്.
 കൊടുങ്കാറ്റിന്റെ ശക്തിയിൽ ആഞ്ഞുവീശിക്കൊണ്ട് സാമ്രാജ്യത്തെ വിറകൊള്ളിച്ച വീരപോരാളികളായിരുന്നു രണ്ടുപേരും. ഒരാൾ മരിച്ചതിന് തെളിവില്ല. മറ്റെയാളുടെ ഭൗതിക ശരീരവും വിമത സർക്കാർ രേഖകളും അഗ്‌നിയിൽ ആമഗ്നം ചെയ്യപ്പെട്ടു. രണ്ടുപേരുടെയും വിശുദ്ധ യുദ്ധങ്ങളിൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തപ്പെട്ടപ്പോൾ ആദ്യമതറിയിച്ചത് മഹാത്മാവിനെയാണ് എന്നതും കൗതുകമുള്ള കാര്യമാണ്.
 ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നത് പല പല കൈവഴികളിലൂടെ സഞ്ചരിച്ചാണ് പ്രാപ്യമായെതെന്നതാണ് യാഥാർഥ്യം. നേതാജി 24 ാം വയസ്സിൽ ബ്രിട്ടനിൽനിന്നും ഐ.സി.എസ് കരസ്ഥമാക്കി നേരെ ബോംബെയിൽ വന്ന് ഗാന്ധിജിയെ കാണുകയാണ് ചെയ്തത്. മൂന്ന് കോടി ജനങ്ങൾ മാത്രമുള്ള ബ്രിട്ടൻ 33 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തെ എങ്ങനെയാണ് കീഴടക്കുന്നതെന്നും അവരുടെ ഒരു ലക്ഷത്തിൽ താഴെ മാത്രം വരുന്ന സൈനിക ശക്തിയെ എന്തിനാണ് നാം ഭയപ്പെടുന്നതെന്നുമുള്ള നേതാജിയുടെ യുക്തിഭദ്രമായ ചോദ്യത്തിന് മുന്നിൽ ഗാന്ധിജിക്ക് മതിയായ ഉത്തരമില്ലായിരുന്നു.
 അഹിംസയാണ് ദേശീയ പ്രസ്ഥാനത്തിന്റെ തൻഭാവമെങ്കിലും ഏറ്റുമുട്ടലുകളും പോരാട്ടങ്ങളും വിജയ പരാജയങ്ങളും എല്ലാം സമ്മേളിച്ച മഹോന്നതമായ ദീർഘ യത്നത്തിന്റെ സാഫല്യമാണ് നാമിന്നനുഭവിക്കുന്നത്. അതുകൊണ്ടു തന്നെ, സമ്പുഷ്ടമായ രാഷ്ട്ര ഗാത്രത്തിന്റെ പേശികളിൽ ബഹുസ്വരതയുടെ ഞരമ്പുകളും ഏകതയുടെ രുധിരപ്രവാഹവുമാണ്. പഞ്ചഭൂതങ്ങളുടെ വിശ്വമാനവികത സംഭാവന ചെയ്ത ഭാരതീയ ചിന്തകൾ സമഭാവനയുടെ ഋഷി മാനസമാണ്.   
 സ്വതന്ത്ര ഇന്ത്യക്ക് എഴുപത്തഞ്ച് വയസ്സായി. വാരിയൻകുന്നന്റെ പോരാട്ടങ്ങൾക്ക് നൂറ് വയസ്സും. നേതാജി ഭൂജാതനായിട്ട് 125 വയസ്സും. ഗാന്ധിജി വിടപറഞ്ഞിട്ട് എഴുപത്തഞ്ചാണ്ടിലേക്ക് പ്രവേശിക്കുന്നു. രാഷ്ട്രം പരമാധികാരിയായിട്ട് എഴുപത്തിമൂന്നും. ഈ വയസ്സിലും ആശങ്കയുടെ ഭൂമധ്യരേഖയിലൂടെ ആണെങ്കിലും ഇന്ത്യ കുതിക്കുക തന്നെയാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമെന്ന ഖ്യാതിക്കരികെയാണ് ഇന്ത്യയുള്ളത്. ഇന്ത്യയുടെ ചെറുപ്പത്തിന് 30  വയസ്സേയുള്ളൂ. ഒരുമയുടെ പന്ഥാവിലൂടെ ഇനിയുമിനിയും ചെറുപ്പമായിരിക്കട്ടെ നമ്മുടെ ഭാരതമെന്ന് ആശംസിക്കാം.
 

Latest News