വാഷിംഗ്ടണ്‍- യുക്രൈന്‍ ആക്രമിച്ചാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനെതിരെ വ്യക്തിപരമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.
റഷ്യയുടെ തെക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രത്തിന്മേല്‍ റഷ്യ നീക്കം നടത്തിയാല്‍ ലോകത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ബൈഡന്‍ പറഞ്ഞു.
റഷ്യയുടെ അധിനിവേശത്തിന് വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുകള്‍ മറ്റ് പാശ്ചാത്യ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ബൈഡന്റെ അഭിപ്രായപ്രകടനം.
ഈ വിഷയത്തില്‍ യു.എസും മറ്റുള്ളവരും 'പിരിമുറുക്കം വര്‍ധിപ്പിക്കുന്നു' എന്ന് റഷ്യ ആരോപിക്കുകയും യുക്രൈനില്‍ പ്രവേശിക്കാനുള്ള പദ്ധതി നിഷേധിക്കുകയും ചെയ്തു.
എന്നിരുന്നാലും, മോസ്‌കോ അതിര്‍ത്തിക്കടുത്ത് 100,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.
പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയെ സുരക്ഷാ ഭീഷണിയായാണ് കാണുന്നതെന്നും അയല്‍രാജ്യമായ യുക്രൈന്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളെ ചേര്‍ക്കില്ലെന്ന് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ക്രെംലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാറ്റോ വിപുലീകരണമല്ല, റഷ്യന്‍ ആക്രമണമാണ് ഇപ്പോഴത്തെ വിഷയമെന്ന് യു.എസ് പറഞ്ഞു.