കൊച്ചി- വധശ്രമ, ഗൂഢാലോചന കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ഹാജരാക്കില്ല. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ ഹാജരാകണം എന്നായിരുന്നു ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചത്. മൊബൈല്‍ ഫോണുകള്‍ ദിലീപിന്റെ അഭിഭാഷകന്റെ കയ്യില്‍ ഏല്‍പ്പിച്ചെന്നാണ് സൂചന. മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ സാവകാശം തേടി ദിലീപ് കത്ത് നല്‍കും.
വധശ്രമ ഗൂഢാലോചന തെളിയിക്കുന്നതിന് നിര്‍ണായകമായ ഫോണുകള്‍ ദിലീപ് കൈമാറിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സൂരജും നിലവില്‍ ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ദിലീപിന്റെയും അനൂപിന്റെയും രണ്ടും, സൂരജിന്റെ ഒരു ഫോണും ബന്ധു അപ്പുവിന്റെ ഫോണും ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഫോണുകള്‍ കിട്ടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഉച്ചക്ക് മാത്രമാണ് ലഭിച്ചത്. ഇതുകൂടി വിശദമായി പരിശോധിച്ചശേഷം ചോദ്യംചെയ്യലിന് ഹാജരാകാന്‍ പ്രതികളോട് വീണ്ടും ആവശ്യപ്പെടുമെന്നും എസ്.പി. മോഹനചന്ദ്രന്‍ പറഞ്ഞു.