ബെംഗളൂരു- മകളെ അമ്മയുടെ കസ്റ്റിഡിയില്‍നിന്ന് മോചിപ്പിക്കണമെന്ന ഹരജിയുമായി എത്തിയ അച്ഛന് കര്‍ണാടക ഹൈക്കോടതി അരലക്ഷം രൂപ പിഴയിട്ടു. ജി.ആര്.ജയിന് നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതി തള്ളിയത്.
രണ്ട് വയസ്സായ മകളെ അമ്മയില്‍ നിന്ന് വിട്ടുകിട്ടാനാണ് പിതാവ് കോടതിയെ സമീപിച്ചത്. മകള്‍ അമ്മയുടെ അന്യായമായ കസ്റ്റഡിയില്‍ ആണോയെന്ന് കോടതി ചോദിച്ചു. അങ്ങനെയുള്ള കസ്റ്റഡിയില്‍ ആണെങ്കില്‍ മാത്രമേ ഇങ്ങനെയുള്ള ഹജിക്ക് നിലനില്പുള്ളൂവെന്നും അന്യായ കസ്റ്റഡിയിലാണെന്നതിന് തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഹരജി തള്ളുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേബിയസ് കോര്‍പസ് ഹരജിയുടെ അര്‍ത്ഥവും ഗൗരവവും ഭരണഘടനാ പ്രസക്തിയും മനസ്സിലാക്കാതെ നല്കുന്ന ഇത്തരം ഹരജികള്‍ കോടതി നടപടികളുടെ കടുത്ത ദുരുപയോഗമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഈ പ്രവണത ഉന്മൂലനം ചെയ്തേ പറ്റൂ. അതുകൊണ്ടാണ് ഹരജിക്കാരന് പിഴ വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഹരജിക്കാരനും ഭാര്യയും തമ്മിലുള്ള ബന്ധം ഉലഞ്ഞതിനെ തുടര്‍ന്നാണ് മകളെ അച്ഛനില്‍ നിന്ന് അമ്മ വേര്‍പെടുത്തിയത്. മകള്‍ അമ്മയുടെ സംരക്ഷണത്തിലാണെന്നും അതേക്കുറിച്ച് സംശയമില്ലെന്നും കോടതി പറഞ്ഞു.
അച്ഛന് പരാതിയുണ്ടെങ്കില്‍ രക്ഷാകര്‍തൃനിയമം അനുസരിച്ചുള്ള ഹരജിയാണ് നല്‍കേണ്ടതെന്നും ഹേബിയസ് കോര്‍പസ് അല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.






