Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകായുക്തയുടെ ചിറകരിയുന്നതിന് പിന്നില്‍ പിണറായിക്കെതിരായ കേസ്

കോഴിക്കോട് - മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കേസില്‍ ലോകായുക്തയുടെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയത് സംബന്ധിച്ച ആശങ്കയാണ് ലോകായുക്തയുടെ ചിറകരിയാന്‍ സര്‍ക്കാറിനെ പ്രധാനമായും പ്രേരിപ്പിക്കുന്നത്.  2019 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ അധികം താമസിയാതെ തന്നെ ലോകായുക്തയുടെ വിധിയുണ്ടാകും. ഹിയറിംഗിന്റെ അവസാന ഘട്ടത്തിലെത്തിയ കേസ് ഫെബ്രുവരി 4 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗമായ ആര്‍.എസ്. ശശികുമാറാണ്  മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ പരാതി നല്‍കിയത്. എന്‍.സി.പി നേതാവായിരുന്ന മരണപ്പെട്ട ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കിയതും സി.പി.എം നേതാവും  മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എയുമായ അന്തരിച്ച കെ.കെ. രാമചന്ദ്രന്‍ നായരുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ 9 ലക്ഷം രൂപ നല്‍കിയതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പോലീസ് എസ്‌കോര്‍ട്ട് ഡ്രൈവറായിരുന്ന അപകടത്തില്‍ മരണപ്പെട്ട പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കിയതും ധനദുര്‍വിനിയോഗവും അഴിമതിയുമാണെന്ന് കാണിച്ചാണ് പിണറായി വിജയനെതിരെ പരാതി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ടതടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ചെലവഴിക്കാന്‍ പാടുള്ളൂവെന്ന് മാനദണ്ഡമുണ്ടെന്നും വില്ലേജ് ഓഫീസറും ജില്ലാ കലക്ടറുമടക്കമുള്ള ഉദ്യോഗസ്ഥരുടെ ശുപാര്‍ശയിലാണ് ദുരിതാശ്വാസം അനുവദിക്കേണ്ടതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയപ്രേരിതമായും പക്ഷപാതപരമായുമാണ് പണം അനുവദിച്ചതെന്നും ആര്‍.എസ് ശശികുമാറിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
2019 ല്‍ ലോകായുക്തയായിരുന്ന ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്തയായിരുന്ന ജസ്റ്റിസ് എ.കെ. ബഷീറുമാണ് ശശികുമാറിന്റെ പരാതി ആദ്യം കേട്ടത്. രണ്ട് ജഡ്ജിമാരും വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനാല്‍ പരാതി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഫുള്‍ ബെഞ്ചില്‍ ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനെയും ഉള്‍പ്പെടുത്തി.
ജസ്റ്റിസ് പയസ് സി.കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രനും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ ജസ്റ്റിസ് എ.കെ. ബഷീര്‍ ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. ക്യാബിനറ്റ് തീരുമാനത്തെ ലോകായുക്തക്ക് ചോദ്യം ചെയ്യാനാകില്ലന്നും ദുരിതാശ്വാസ നിധിയില്‍നിന്ന് ആര്‍ക്ക് സഹായം നല്‍കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്കും ക്യാബിനറ്റിനും അധികാരമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഭൂരിപക്ഷ തീരുമാനപ്രകാരം പിണറായി വിജയനെതിരെയുള്ള ഹരജി പരിഗണനക്കെടുക്കാന്‍ തീരുമാനിക്കുകയും ഇത് സംബന്ധിച്ച് തെളിവെടുപ്പുകള്‍ നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വിശദീകരണവും തേടി. 17 മന്ത്രിമാര്‍ക്ക്  നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസ് സിറിയക് ജോസഫ് ചെയര്‍മാനായുള്ള ഇപ്പോഴത്തെ ലോകായുക്തയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി പരിഗണിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ പരാതിയും ലോകായുക്തക്ക് മുന്നിലുണ്ട്.
മുന്‍മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിന് കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ട സാഹചര്യമുണ്ടായത് സര്‍ക്കാറിനെ വലിയ തോതില്‍ അലട്ടുന്നുണ്ട്. സുപ്രീം കോടതിയില്‍ വരെ പോയിട്ടും ജലീലിന് രക്ഷ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ലോകായുക്തക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്.

 

 

Latest News