നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് പത്തുദിവസം കൂടി

കൊച്ചി- നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. കേസില്‍ അധികമായി വിസ്തരിക്കുന്ന അഞ്ചു സാക്ഷികളുടെ വിസ്താരത്തിനാണ് ഹൈക്കോടതി പത്തു ദിവസത്തെ അധിക സമയം കൂടി പ്രോസിക്യുഷന് അനുവദിച്ചു നല്‍കിയത്. കേസിന്റെ വിചാരണയുടെ അന്തിമ ഘട്ടത്തില്‍ അഞ്ചു സാക്ഷികളെ കൂടി പുതിയതായി വിസ്തരിക്കാന്‍ അനുമതി തേടി വിചാരണ കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് 10 ദിവസം കൊണ്ട് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും കേസില്‍ പ്രോസിക്യുട്ടറെ വിചാരണ കോടതിയില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചത്.  അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്ന് സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി സമയം അനുവദിച്ചത്.
ഇത് അവസാന അവസരമാക്കണമെന്നും ഇനി അവസരം നല്‍കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.
പുതിയ സാക്ഷികളുടെ വിസ്താരം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. മൂന്ന് സാക്ഷികള്‍ ഇതര സംസ്ഥാനത്താണെന്നും ഒരാള്‍ കോവിഡ് ബാധിതനായി ചികിത്സയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് 10 ദിവസത്തെ അധിക സമയം കൂടി കോടതി അനുവദിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹരജി പരിഗണിച്ചത്.

 

 

 

Latest News