Sorry, you need to enable JavaScript to visit this website.

23 കിലോ കഞ്ചാവുമായി ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

കണ്ണൂര്‍- കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. 23 കിലോ കഞ്ചാവും ഹാഷിഷുമായി ന്യൂ ജെന്‍ ബാങ്ക് ജീവനക്കാരനായ യുവാവ് പിടിയില്‍. കണ്ണൂര്‍ ചാലാട് 'ജന്നത്തി'ലെ
നിസാമുദ്ദീനെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ടി.അനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇയാള്‍ താമസിച്ചിരുന്ന ചാലാടുള്ള ജന്നത്ത് എന്ന  വീട്ടില്‍ നടന്ന പരിശോധനയിലാണ് 957 ഗ്രാം ഹാഷിഷ് ഓയിലും, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ സൂക്ഷിച്ചിരുന്ന 23.050 ഗ്രാം കഞ്ചാവും പിടികൂടിയത്. കണ്ണൂര്‍ നഗരത്തില്‍ ഹാഷിഷ് ഓയില്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് പിടിയിലായ നിസാമുദ്ദീനെന്ന് എക്‌സൈസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ ബംഗ്‌ളൂരില്‍ നിന്നും മൊത്തമായി മയക്കുമരുന്നും കഞ്ചാവും കൊണ്ടുവന്ന് ഇവിടെ ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. ബംഗലൂരുവില്‍ ന്യൂ ജെന്‍ ബാങ്ക് ജീവനക്കാരനാണ് യുവാവ്.
കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ടി ധ്രുവന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.പി ശ്രീകുമാര്‍, സി.പങ്കജാക്ഷന്‍, എം.സജിത്ത്, പി.വി ദിവ്യ, ടി.കെ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Latest News