വിദേശ സംഭാവന ലൈസന്‍സ് പുതുക്കുന്നില്ല, ഹരജിയില്‍ ഇടപെടാതെ സുപ്രീം കോടതി

ന്യൂദല്‍ഹി- വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് എതിരേ നല്‍കിയ ഹരജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത നടപടിയില്‍ ഇടക്കാല ആശ്വാസം നല്‍കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ആറായിരം എന്‍.ജി.ഒകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി നല്‍കാതിരുന്നത്.
ലൈസന്‍സ് റദ്ദാക്കിയത് കാരണം സന്നദ്ധ സംഘടനകളുടെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വരെ അവതാളത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ പീസ് ഇന്‍ഷ്യേറ്റീവ് എന്ന എന്‍.ജി.ഒ ആണ് ഹരജി നല്‍കിയത്. ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവീന്ദ്രന്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. 11594 എന്‍.ജി.ഒകള്‍ ലൈസന്‍സ് പുനസ്ഥാപിച്ചു കിട്ടാനുള്ള അപേക്ഷ നല്‍കിയെന്നും അവര്‍ക്ക് കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്‍.ജി.ഒകള്‍ക്ക് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാവുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Latest News