ന്യൂദല്‍ഹി- തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ കക്ഷികള്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്കുന്നതിനെതിരേ നല്കിയ ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും നോട്ടീസയച്ചു. ബജറ്റില്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഗുരുതര വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതു സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തേ തന്നെ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നിട്ടും ഒരൊറ്റ തവണ മാത്രമേ ഇതിനായി യോഗം ചേര്‍ന്നിട്ടുള്ളൂ എന്ന് ചീഫ് ജസ്റ്റീസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു പ്രതികരണം ആരാഞ്ഞു എങ്കിലും പിന്നീട് ഇക്കാര്യത്തില്‍ എന്തു സംഭവിച്ചു എന്ന് ഒരു പിടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കക്ഷികള്‍ സ്വകാര്യ നേട്ടങ്ങള്‍ക്കായി പൊതുമുതല്‍ ധൂര്‍ത്തടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ആണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ.എസ് ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.






