Sorry, you need to enable JavaScript to visit this website.
Monday , July   04, 2022
Monday , July   04, 2022

അത്യുത്തര കേരളത്തിലേക്ക് മെമു ട്രെയിൻ

കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു.  മംഗലാപുരം-കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിൻ  സർവീസ് നടത്തുക. നാളെ (റിപ്പബ്ലിക് ദിനത്തിൽ)  ട്രെയിൻ പ്രവർത്തനമാരംഭിക്കും. ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജരുമായി കേരളത്തിലെ എം.പിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്. വടക്കൻ കേരളത്തിലെ റെയിൽവേ വികസന കാര്യത്തിൽ ഒട്ടും താൽപര്യം കാണിക്കാതിരുന്ന ജനപ്രതിനിധികൾ ഇത്തരമൊരു യോഗത്തിൽ പങ്കെടുത്തുവെന്നതും പ്രത്യേകതയാണ്. തമിഴ്‌നാട്ടിലെ മേട്ടുപാളയത്തോ ഈരോഡിലോ ആണ് യോഗം ചേരുന്നതെങ്കിൽ എല്ലാം ഏറ്റെടുത്ത് നടപ്പാക്കാൻ അവിടത്തെ ജനപ്രതിനിധിയുണ്ടാവും. മലബാർ ഭാഗത്തെ എംപിമാരും എം.എൽ.എമാരുമില്ലാതെ ആയിരിക്കും ഡിവിഷണൽ യോഗം നടക്കുക. 


 കണ്ണൂർ - കാസർകോട് റൂട്ടിൽ ഇതാദ്യമായാണ് മെമു സർവീസ്.  12 ബോഗികളുള്ള ട്രെയിനായിരിക്കും കാസർകോട്് ഭാഗത്തേക്ക്് യാത്ര തിരിക്കുക. 12 കാർ റേക്കിൽ 915 സീറ്റടക്കം 2634 പേർക്ക് യാത്ര ചെയ്യാം. അൽപം വീതിയധികം ഉള്ളതിനാൽ അകലം പാലിച്ചും യാത്ര ചെയ്യാം. 
കണ്ണൂർ - കാസർകോട് യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് ഈ റൂട്ടിൽ മെമു സർവീസ് വേണമെന്നത്. നിലവിൽ മൂന്ന്്  പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കണ്ണൂരിലേക്കും തിരിച്ചും നിരവധി യാത്രക്കാരുള്ള റൂട്ടാണിത്. 
നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയാണ്. കണ്ണൂർ- ഷൊർണൂർ മെമു.  കോവിഡ് ലോക്ഡൗൺ കാലത്താണ് വടക്കൻ കേരളത്തിലേക്ക് ആദ്യമായി മെമു സർവീസ് തുടങ്ങിയത്. ലോക് ഡൗണിന് ശേഷം പുനരാരംഭിച്ചപ്പോൾ വണ്ടിയുടെ പേര് പാസഞ്ചർ, ടിക്കറ്റ് നിരക്ക്് എക്‌സ്പ്രസിന്റേതും. യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഈ തീവണ്ടിയുടെ ടിക്കറ്റ് നിരക്ക്.  കണ്ണൂർ മുതൽ കോഴിക്കോട് വരെ കോവിഡിന് മുമ്പ് പാസഞ്ചർ ടിക്കറ്റ് 25 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഏകദേശം റിസർവേഷൻ ചാർജടക്കം 150 രൂപക്ക് മുകളിൽ നൽകണം. പാസഞ്ചർ സർവീസ് ആണെങ്കിലും ചെറിയ സ്‌റ്റോപ്പുകളെ അവഗണിച്ചാണ് മെമു തീവണ്ടിയോടുന്നത്. ഹാൾട്ട് സ്‌റ്റേഷനാക്കി മാറ്റിയതോടെ പല സ്‌റ്റേഷനുകളുടെ പ്രാധാന്യവും നഷ്ടപ്പെട്ടു. മതിയായ യാത്രക്കാരില്ല, വരുമാനമില്ല എന്ന കാരണങ്ങൾ പറഞ്ഞ് റെയിൽവേ അധികൃതർ പല സ്‌റ്റേഷനുകളിലും നിർത്തിക്കൊണ്ടിരുന്ന ട്രെയിനുകൾക്ക് ഇപ്പോൾ സ്‌റ്റോപ്പ് അനുവദിക്കുന്നില്ല. സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി റെയിൽവേ കൈക്കൊള്ളുന്നത്. 
2021 മാർച്ചിൽ പാസഞ്ചർ ട്രെയിനിനായി തുടങ്ങിയ ഷൊർണൂർ-കണ്ണൂർ ട്രെയിനിന്റെ സമയക്രമം നിശ്ചയിച്ച മഹാനെ സ്തുതിക്കണം. 


മനുഷ്യരെല്ലാം ഉറങ്ങിക്കിടക്കുന്ന പുലർച്ച നാലരയ്ക്ക് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് ആറരയ്ക്ക് കോഴിക്കോട് കടന്ന് കണ്ണൂരിൽ ഒമ്പത് മണിക്കെത്തും. ഒരു പകൽ മുഴുവൻ കണ്ണൂരിൽ വിശ്രമിച്ച്്  വൈകുന്നേരം 5.20 ന് മടക്കയാത്ര. ഇഴഞ്ഞിഴഞ്ഞ് രാത്രി 11 മണിക്ക് ഷൊർണൂരിലെത്തിയാൽ മതി. കോഴിക്കോട്-കണ്ണൂർ സെക്ഷൻ പൂർണമായി ഇരട്ടിപ്പിച്ച് വൈദ്യുതീകരിച്ച ശേഷം ട്രെയിനുകൾക്ക് വേഗം കൂടിയിട്ടുണ്ട്. ഇടക്കിടൊരിടത്തും സ്‌റ്റോപ്പില്ലെങ്കിൽ ഒരു മണിക്കൂറിനകം 85 ലേറെ കിലോമീറ്ററുകൾ പിന്നിട്ടെത്തും. തലശ്ശേരിയും വടകരയും സ്റ്റോപ്പുണ്ടെങ്കിൽ ഒരു മണിക്കൂറും പത്ത് മിനിറ്റും. സാധാരണ ട്രെയിനിനേക്കാൾ വേഗത്തിൽ യാത്ര ചെയ്യാനാവുന്ന മെമു ട്രെയിനിന് വേണമെങ്കിൽ ഒരു മണിക്കൂർ കൊണ്ടെത്താവുന്ന ദൂരമേയുള്ളൂ. വെറും 35 മിനിറ്റ് മാത്രം ആവശ്യമുള്ള വടകര-കോഴിക്കോട് യാത്രയ്ക്ക് മെമുവിന് അനുദിച്ചിരിക്കുന്നത് രണ്ട് മണിക്കൂറോളമാണ്. നല്ല ആസൂത്രണം. വൈകുന്നേരം ആറിന് വടകരയിലെത്തുന്ന മെമു എട്ട് മണി കഴിഞ്ഞ് കല്ലായിലെത്തിയാൽ മതി. പഴകി ദ്രവിച്ച കോച്ചുകളുമായാണ് വടക്കൻ കേരളത്തിൽ ദീർഘദൂര ട്രെയിനുകൾ വരെ സർവീസ് നടത്തുന്നത്.

പ്രസ്റ്റീജ് ട്രെയിനായ ജനശതാബ്ദി പോലും ഇതിന് അപവാദമല്ല. എന്നാൽ പുതിയ കോച്ചുകളുമായെത്തിയ മെമുവിലെ യാത്ര വ്യത്യസ്തമാവുന്നത് ഇവിടെയാണ്. അടുത്ത സ്‌റ്റോപ്പേതെന്ന് കമ്പാർട്ട്‌മെന്റിലെ ഡിജിറ്റൽ സക്രീനിൽ ഡിസ്‌പ്ലേ ചെയ്യും. എല്ലാം സഹിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ഇടയ്ക്കിടെയുള്ള മുന്നറിയിപ്പാണ് യാത്രക്കാരെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ സീറ്റിനടുത്തുള്ള വസ്തുവിൽ തൊടരുതേ, അത് ചിലപ്പോൾ ബോംബായിരിക്കുമെന്നാണ് അനൗൺസ്‌മെന്റ്. കാസർകോട് വരെ മൈമു വരുന്നതോടെ കേരളമാകെ ഇത്തരം  ട്രെയിൻ സർവീസുകളിൽ ചുരുങ്ങിയ ചെലവിൽ  യാത്ര ചെയ്യാമെന്നായി.