Sorry, you need to enable JavaScript to visit this website.

കന്മദം കിനിയുന്ന കൽശിലകളുടെ നാട്ടിൽ

ഒരു യാത്ര പോവുകയെന്നാൽ,  പ്രകൃതിയുടെ നിഗൂഢതകൾ  തെരയുക എന്നുകൂടി അർത്ഥമുണ്ട്. മുൻഗാമികളായ ആളുകൾ എങ്ങനെ പ്രകൃതിയോടിണങ്ങി ജീവിച്ചു എന്ന അന്വേഷണമുണ്ട്. മൺമറഞ്ഞ സംസ്‌കാരങ്ങളെ പുനർനിർമിക്കാനുള്ള പരിശ്രമങ്ങളുണ്ട്.  അത്തരത്തിൽ  ഭൂമി നിനക്ക് മുന്നിൽ വിശാലമാക്കിത്തന്നത് നിനക്ക് സഞ്ചരിക്കാൻ വേണ്ടിയാണെന്ന് വിശുദ്ധഗ്രന്ഥം പറയുമ്പോൾ, ഓരോ മനുഷ്യനും ഓരോ യാത്രക്കാരനാണെന്നുള്ള തിരിച്ചറിവിന്റെ നിറവ് എത്ര മഹത്തരമാണ്.
ഇസ്്‌ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒരേട് പങ്കിടുന്ന സ്ഥലമാണ്  മദീനയിൽ നിന്ന് 325 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ ഉല എന്ന ചരിത്രമുറങ്ങുന്ന പുരാതന നഗരം. മണലും താഴ്‌വരകളും ചുവന്ന പാറക്കെട്ടുകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ജബൽ ഇക്മ, ദദാൻ എന്നിവിടങ്ങളിലെ  ചുവന്ന പാറക്കെട്ടുകളുടെ സവിശേഷതകളാണ് ഇവിടം പുരാവസ്തുഗവേഷകരുടെ ഇഷ്ടസങ്കേതമാക്കി മാറ്റുന്നത്. ചുവന്ന പാറക്കെട്ടുകളിൽ ഏ ഡി ഒന്നാം നൂറ്റാണ്ടിൽ നബ്തികൾ  നിർമ്മിച്ചുവെന്ന് കരുതുന്ന വീടുകളും ശവകുടീരങ്ങളും, അൽ ഉല ദീരയിലെ  പുരാതനശേഷിപ്പുകളുമാണ് ചരിത്രകുതുകികൾക്ക് കൗതുകം പകരുന്നത്. അൽഉലയിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് , അൽഉലയുടെ തന്നെ ഭാഗമായ  ഖുർ ആനിക വിജ്ഞാനപ്രകാരം, ദൈവത്തിന്റെ അപ്രീതിക്കിരയായ അൽ ഹിജ്ർ എന്നറിയപ്പെടുന്ന മദായിൻ സ്വാലിഹ് എന്ന പ്രദേശം  സ്ഥിതിചെയ്യുന്നത്. ഖനനങ്ങൾക്കും പര്യവേഷണങ്ങൾക്കുമായി ഏറെക്കാലം അടച്ചിട്ടിരുന്ന  ഈ പ്രദേശങ്ങളെല്ലാം  സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത് 2020 ഒക്ടോബറിലാണ്. ചരിത്രമുറങ്ങുന്ന ഈ  പ്രദേശമൊന്നടങ്കം  ലോകത്തിലെ ഏറ്റവും വലിയ ലിവിങ്ങ് മ്യൂസിയമാക്കാനുള്ള പ്രയത്‌നത്തിലാണ് ഇപ്പോൾ സൗദി അറേബ്യയുടെ വിനോദസഞ്ചാരവകുപ്പ്.


ദുർമാർഗത്തിലും, ദൈവധിക്കാരത്തിലും, സർവോപരി ബഹുദൈവാരാധനകളിലും മുഴുകിയിരുന്ന ഇരുമ്പു പോലെ ശക്തരായ മനുഷ്യരായിരുന്നു 5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ആ പ്രദേശവാസികളായ സമൂദ് ഗോത്രക്കാർ. അവരെ ഏകദൈവമാർഗത്തിലേക്ക് നയിക്കുവാൻ ദൈവം സ്വാലിഹ് എന്നൊരു ദൂതനെ ആ പ്രദേശത്തേക്കയക്കുകയും, എന്നാൽ ദൈവദൂതന്റെ വാക്കുകളെ ധിക്കരിക്കുകയും ദൈവീകദൃഷ്ടാന്തമായി ഇറക്കിയ ഒട്ടകത്തെ വധിക്കുകയും ചെയ്തവർ  എന്ന നിലയ്ക്ക് ദൈവീകശിക്ഷയാൽ ആ ജനത മുച്ചൂടും നശിച്ചു പോവുകയാണുണ്ടായത്. ഫറോവയുടെ അഹങ്കാരത്തെ ചെങ്കടലിലാണ് താഴ്ത്തിയതെങ്കിൽ,  ഹിജ്ർ ജനതയുടെ താൻ പോരിമയെ  ദൈവം മണ്ണിൽത്തന്നെ മൂടിക്കളഞ്ഞു. അതികഠിനമായ  ഇടിമിന്നലും, ഭൂമികുലുക്കവുമായിരുന്നു അവർക്കുള്ള ശിക്ഷ. ഒട്ടകം പുറപ്പെട്ടു വന്നുവെന്ന് പറയുന്ന പാറയും, വെള്ളം കുടിച്ച കിണറുമൊക്കെ ചരിത്രത്തിന് ഉപോൽബലമാകുന്ന തെളിവുകളായി അവിടെത്തന്നെയുണ്ട്. ലഹ്യാനികളും,  ദീദാനികളും മു ഈനിയ വിഭാഗക്കാരും പിന്നീട് ആ പ്രദേശത്ത് അധിവസിക്കുകയും ഒടുവിൽ ജോർദ്ദാനിലെ പെട്രയിൽ നിന്നുള്ള നബ്ത്തി വിഭാഗക്കാർ  ഈ പ്രദേശം കയ്യേറി അവരുടെ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പുരാതന കച്ചവടസംഘങ്ങൾ  കടന്നു പൊയ്‌ക്കൊണ്ടിരുന്നത് മദായ്ൻ സ്വാലിഹിൽ കൂടിയായിരുന്നു.  കൂറ്റൻ പാറക്കെട്ടുകളിൽ കൊത്തിയുണ്ടാക്കിയ 153 നിർമ്മിതികളാണ് അവിടെയുള്ളത്. ശിലാഭവനങ്ങളും, ശവകുടീരങ്ങളും ഉൾപ്പെടുന്ന വിസ്മയാവഹമായ വാസ്തുശിൽപ്പങ്ങളിൽ പരുന്ത് പാമ്പ് തുടങ്ങിയ രൂപങ്ങളാണ് കൂടുതൽ കാണപ്പെടുന്നത്. ദിവാൻ, ഖസർ അൽ ഫരീദ്, ഖസർ അൽ ബിൻത് തുടങ്ങിയ പാറ നിർമ്മിതികൾക്കൊപ്പം രണ്ട് മലകൾക്കിടയിൽ സൂര്യവെളിച്ചം പതിക്കാത്ത ഒരു പാതയും അവിടെയുണ്ട്.  ഉസ്മാനിയ രാജവംശത്തിന്റെ പിന്തുടർച്ചക്കാരായ ഓട്ടോമാൻ ഭരണാധികാരികൾ,  സിറിയയിലെ ദമാസ്‌കസ് മുതൽ, മദീന വരെ നിർമ്മിച്ച ഹിജാസ് റെയിൽ പാത കടന്നു പോയിരുന്നതും മദായിൻ സ്വാലിഹ് വഴിയാണ്. റെയിൽ പാതയുടെ ഭാഗമായ അൽ ഹിജ്ർ  സ്റ്റേഷന്റെ അവശിഷ്ടങ്ങളും, അന്ന് ഉപയോഗത്തിലിരുന്ന ആവി എഞ്ചിൻ ബോഗികളും അവിടെ കാഴ്ചയ്ക്കായി ഒരുക്കിയിട്ടുണ്ട്. മഞ്ഞപ്പാറകൾ തണൽ വിരിക്കുന്ന ആ പ്രദേശം ദൈവകോപത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നതിനാലാവാം സന്ദർശകർ കാഴ്ചവട്ടങ്ങൾ പൂർത്തിയാക്കി അതിവേഗം അവിടം വിടുന്നത്. സൗദി അറേബ്യയിൽ നിന്ന്  യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ  ആദ്യ ഇടം എന്ന ഖ്യാതി കൂടി മദായിൻ സ്വാലിഹ് അവകാശപ്പെടുന്നുണ്ട്. 


മണലായി, കാറ്റായി, മിന്നൽപ്പിണരായി, മരുഭൂമിയിൽ ജിന്നുകൾ പ്രത്യക്ഷപ്പെടാറുണ്ടെന്ന് കേട്ടിട്ടുണ്ട്.  ഭൂമിക്കടിയിൽ നിന്ന് ജിന്നുകൾ ശിലാരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണോയെന്ന് സന്ദേഹിക്കും വിധം പ്രകൃതിയുടെ എല്ലാ നിഗൂഢതകളും ഈ പ്രദേശത്തുണ്ട്. ഏകാന്തത പായ വിരിക്കുന്ന വിജനതയുടെ വാസസ്ഥലങ്ങളാണ് ഈ പാറയിടുക്കുകൾ. അവയ്ക്കിടയിൽ ജിന്നുകളുടെ കഥകളുമായി ജീവിക്കുന്ന ബദുഗോത്രങ്ങൾ. അദൃശ്യശക്തികളെക്കുറിച്ചുള്ള വിശ്വാസവും ഭയവും ഇവർക്കിടയിൽ വളരെ ദൃഢമാണ്.  ഖാഫിലക്കൂട്ടങ്ങളെ രാത്രിയുടെ മറവിൽ  പതിയിരുന്നാക്രമിക്കുന്ന ജിന്നുകളുണ്ടെന്നാണ് ഇവരുടെ പക്ഷം. ആയിരത്തൊന്ന് രാവുകളിലെ ഇസ്ഫഹത്ത്  എന്ന ജിന്നും ഇത്തരം വിശ്വാസങ്ങളിൽ നിന്ന് ഉടലെടുത്തതാണെന്ന് കരുതുന്നു. ആകാശത്തേക്ക് കരങ്ങളുയർത്തി നിൽക്കുന്ന പാറക്കൂട്ടങ്ങൾ, അമൂർത്തമായ കൊത്തുപണികളിലെന്നപോലെ ശിഖരങ്ങളായി പിരിയുന്ന പാറക്കെട്ടുകൾ, ഭൂവിക്ഷോഭത്തിലെന്ന പോലെ തകർന്നടിഞ്ഞ പാറയുടെ മുഖപ്പുകൾ. മണ്ണും പാറയും തമ്മിലുള്ള ഈ അപൂർവ്വ രസതന്ത്രം ഒരേ സമയം ആനന്ദവും സംഭ്രാന്തിയും സമ്മാനിക്കുമെന്നതിനോടൊപ്പം ഓരോ വിനോദസഞ്ചാരിയും അവരറിയാതെ തന്നെ ചരിത്രവിദ്യാർത്ഥി കൂടിയായിത്തീരുമെന്നുറപ്പ്. പാറകൾക്ക് നടുവിൽ നിൽക്കുമ്പോൾ, ഉരുളൻ കല്ലുകളെ ഹൃദയത്തിൽ പാകി ചിരിച്ചൊഴുകുന്ന നദിയും, കൽമേടുകളിൽ തട്ടിച്ചിതറുന്ന മഴയുടെ ഉന്മാദവും കൂടി അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അവരെ കുറ്റം പറയാനും സാധ്യമല്ല.
പാറകളാൽ ചുറ്റപ്പെട്ടതെങ്കിലും ഫലഭൂയിഷ്ഠമാണ് അൽഉലയിലെ മണ്ണ്.  പണ്ടെങ്ങോ ഓളം തല്ലി ഒഴുകിയിരുന്ന രണ്ടരുവികൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.  ഏതായാലും ഇന്ന് മനുഷ്യകരങ്ങളാൽ തീർക്കപ്പെട്ട കുളിർജലം നിറഞ്ഞ കിണറുകളും മഴവെള്ളസംഭരണികളും മണ്ണിന്റെ വിശിഷ്ട ഘടനയും നിമിത്തം ഈത്തപ്പനകൾ നിറഞ്ഞ വിശാലമായ തോട്ടങ്ങളും, മാവ് മുന്തിരി, റുമ്മാൻ ഓറഞ്ച് തീൻ തുടങ്ങിയ വിളകളും സീസണനുസരിച്ച്  അവിടെ സുലഭമാണ്.
ഭൂമിശാസ്ത്രം, നരവംശശാസ്ത്രം,  സാഹിത്യം എന്നിവ മേളിക്കുന്ന ഇടമായത് കൊണ്ട് തന്നെ ഈ പ്രദേശങ്ങൾ പൂർണമായും ആർക്കിയോളജിക്കൽ വകുപ്പിന് കീഴിലാണ്. ടൂറിസത്തിൽ നിന്ന് എങ്ങനെ വരുമാന വർദ്ധനവുണ്ടാക്കാം എന്ന ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ്, ദിദാൻ, അൽ ഹിക്മ, മദായിൻ സാലിഹ് എന്നീ പ്രദേശങ്ങളിലെ പ്രവേശനത്തിന് സർക്കാർ ഫീസ് ഈടാക്കാൻ തുടങ്ങിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് നിറഞ്ഞ മനസ്സോടെയാണ്  ഇവർ ആതിഥ്യമരുളുന്നത്.മനോഹരമായ കാവക്കൂജകളും  പഴങ്ങൾ നിറച്ച തളികകളുമായി മജ്‌ലിസിൽ സ്വീകരിച്ചിരുത്തി, സംശയങ്ങൾക്കൊക്കെ മറുപടി നൽകിയ ശേഷം  ഗൈഡുകളേയും കൂട്ടി അവരുടെ തന്നെ വാഹനത്തിലാണ് സഞ്ചാരികളെ കാഴ്ചകൾക്കായി കൊണ്ടുപോകുന്നത്.
രാവിലെ എട്ട് മണിക്ക് തുടങ്ങി, ഒടുവിൽ തിളങ്ങുന്ന വജ്രക്കല്ലു പോലെ സൂര്യൻ അസ്തമയബിന്ദുവിൽ കേന്ദ്രീകരിക്കാനൊരുങ്ങുമ്പോൾ ഞങ്ങളുടെ കാഴ്ചകൾ ഏകദേശം പൂർത്തിയായത്, തുമ്പിക്കൈ താഴ്ത്തി നിൽക്കുന്ന ഒരാനയുടെ രൂപമുള്ള മഞ്ഞപ്പാറയ്ക്കരികിലാണ്. ദൂരെ ചെങ്കുത്തായി നിൽക്കുന്ന ചെമ്മലകൾ സൂര്യനെ വിഴുങ്ങുന്ന കാഴ്ച. അസ്തമയസൂര്യപ്രഭയേറ്റ്, ആനപ്പാറ ഒരു സ്വർണശിൽപം പോലെ തിളങ്ങി. അരികിൽ, കാറ്റിന്റെ ഗതിക്കനുസരിച്ച് രൂപം മാറുന്ന നക്ഷത്രമൺകൂനകൾ, ശിലാശിൽപ്പങ്ങളെ  കൈവെള്ളയിൽ ചുമന്നു നിൽക്കുന്ന മരുഭൂവിതാനം. സഞ്ചാരികളുടെ കൺകുളിർമ്മയ്ക്കായ് കാഴ്ചയുടെ മന്നയും സൽവയും ഒരുക്കിവച്ച മരുഭൂമിയുടെ പ്രാപഞ്ചികത. സന്ധ്യയുടെ വാടിയ മുഖം ചുവപ്പിക്കാൻ മരുഭൂമി സിന്ദൂരപ്പൊട്ടെടുത്തണിയുമ്പോൾ, ഞങ്ങളുടെ വാഹനം മടക്കയാത്രയ്ക്കുള്ള റൂട്ട് മാപ്പ് തിരയുകയായിരുന്നു.

Latest News