പതിനൊന്നുകാരന്റെ ആത്മഹത്യ, ഓണ്‍ലൈന്‍ ഗെയിം നിരോധിക്കുന്നു

ഭോപ്പാല്‍- മാതാപിതാക്കള്‍ അറിയാതെ ഓണ്‍ലൈന്‍ ഗെയിമില്‍ പണം ചെലവഴിച്ചതിനു പിന്നാലെ പതിനൊന്നുകാരന്‍ ജീവനൊടുക്കിയ മധ്യപ്രദേശില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നു. ഓണ്‍ലൈന്‍ ഗെയിം, ചൂതാട്ടം, പന്തയം തുടങ്ങിയവ നിയമവിരുദ്ധമാക്കുന്നതാണ് നിയമം.

ഗെയിമുകളുടെ അഡിക്്ഷനിലേക്ക് നയിക്കുന്ന വെബ്‌സൈറ്റുകളും ഗെയമിംഗ് ആപ്ലിക്കേഷനുകളും നിരോധിക്കും. കുട്ടികള്‍ക്ക് ഹാനികരമാകുന്ന ഗെയിമുകള്‍ നിര്‍മിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും ജയില്‍ ശിക്ഷയും പിഴയും കരടുനിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
കഴിഞ്ഞയാഴ്ചയാണ് ഭോപ്പാലില്‍ 11 വയസ്സുകാരന്‍  ജീവനൊടുക്കിയത്. മാതാപിതാക്കള്‍ അറിയാതെ കുട്ടി ഓണ്‍ലൈന്‍ ഗെയിമില്‍ പണം ചെലവഴിച്ചിരുന്നു. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കണമെന്ന് നിരവധി രക്ഷിതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണമാണ് മാതാപിതാക്കളുടെ മേല്‍നോട്ടമില്ലാതെ കുട്ടികള്‍ ധാരാളം സമയം ഓണ്‍ലൈന്‍ ഗെയിമില്‍ ചെലവഴിച്ചു തുടങ്ങിയതെന്നും രക്ഷിതാക്കള്‍ പറയുന്നു.

ഭോപ്പാല്‍ ശങ്കരാചാര്യ കോളനിയിലെ 11 കാരന്‍ സൂര്യന്ത് ഓജയാണ്  ആറായിരം രൂപ ഇന്റര്‍നെറ്റ് ഗെയിമില്‍ ചെലവഴിച്ചതിനു പിന്നാലെ ജീവനൊടുക്കിയത്. ഇത് ഗുരുതര സംഭവമാണെന്നും സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കുന്നതിനാവശ്യമായ ബില്ലിന്റെ കരട് തയാറാക്കിയതായും നിയമമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

 

Latest News