ലഖ്നൗ-ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായ ആര്.പി.എന്‍. സിംഗ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. മൂന്ന് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട പദ്രൗണ മണ്ഡലത്തില്‍നിന്ന് സിംഗ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും.
32 വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസിനെ കൊണ്ട് ഇനിയും പ്രയോജനമില്ലെന്ന് ബോധ്യമായതായി ആര്.പി.എന്‍ സിംഗ് പറഞ്ഞു. ജനങ്ങളുടെ നേട്ടത്തിനുവേണ്ടിയും രാഷ്ട്രനിര്‍മാണത്തിനും പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ബി.ജെ.പിയാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാമെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കിഴക്കന്‍ യു.പിയില്‍ ജിതിന് പ്രസാദക്കുശേഷം കോണ്‍ഗ്രസ് വിട്ട പിന്നോക്ക വിഭാഗം നേതാവാണ് ആര്.പി.എന്‍ സിംഗ്. ജിതിന് പ്രസാദ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയാണ്.
അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോണ്‍ഗ്രസ് പ്രചാരണത്തിനു നേതൃത്വം നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നേതാക്കളുടെ പട്ടികയില്‍ സിംഗുമുണ്ടായിരുന്നു.






