പള്ളിയില്‍നിന്നിറങ്ങുമ്പോള്‍ കാറിടിച്ച് വീഴ്ത്തി കവര്‍ച്ച, യുവാക്കള്‍ പിടിയില്‍

റിയാദ് - പ്രഭാത നമസ്‌കാരം നിര്‍വഹിച്ച് മസ്ജിദില്‍നിന്ന് പുറത്തിറങ്ങി മടങ്ങുകയായിരുന്നയാളെ കാറിടിച്ച് പരിക്കേല്‍പിച്ച് പണവും മൊബൈല്‍ ഫോണും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. മോഷ്ടിച്ച കാറില്‍ സഞ്ചരിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയത്. ഈ കാര്‍ സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തിട്ടുണ്ട്. സമാന രീതിയില്‍ പ്രതികള്‍ വേറെയും കുറ്റകൃത്യങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
മൂന്നു ദിവസം മുമ്പാണ് പ്രതികള്‍ മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയ ആളെ കാറിടിച്ച് പരിക്കേല്‍പിച്ച് പിടിച്ചുപറി നടത്തിയത്. അമിത വേഗതയില്‍ എത്തിയ കാര്‍ ഉപയോഗിച്ച് വഴിപോക്കനെ മീറ്ററുകളോളം ദൂരെക്ക് ഇടിച്ചുതെറിപ്പിച്ച പ്രതികള്‍ ഇയാളെ മര്‍ദിച്ച് പണവും മറ്റും പിടിച്ചുപറിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് ഉത്തരവിട്ടിരുന്നു.

 

 

Latest News