തിരുവനന്തപുരം- ആസിഡ് ആക്രമണ ഇരകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കാന്‍ തീരുമാനം. 2016-ലെ ആര്‍.പി.ഡബ്ലിയു.ഡി. ആക്ടില്‍ (റൈറ്റ് ടു പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റി ആക്ട്) പ്രതിപാദിച്ചിട്ടുള്ള 17 തരം വൈകല്യങ്ങള്‍ ഉള്ളവര്‍ക്കൂടി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചതോടെയാണിത്.
ഭിന്നശേഷി അവകാശനിയമത്തില്‍ പ്രതിപാദിക്കുന്ന എല്ലാ ഭിന്നശേഷിക്കാര്‍ക്കും യാത്രാ ആനൂകൂല്യം നിലവില്‍ ലഭ്യമായിരുന്നില്ല. എല്ലാവര്‍ക്കും ആനൂകൂല്യം ലഭ്യമാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു.
കാഴ്ചക്കുറവുള്ളവര്‍, കുഷ്ഠരോഗം ഭേദമായവര്‍, കേള്‍വിത്തകരാറുള്ളവര്‍, ശരീരവളര്‍ച്ച മുരടിച്ചവര്‍ (വാമനത്വം), മാനസിക രോഗമുള്ളവര്‍ എന്നിവര്‍ക്കും ഓട്ടിസം, മസ്‌കുലര്‍ ഡിസ്‌ട്രോഫി, ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടിഷന്‍, പ്രത്യേകതരം പഠനവൈകല്യം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, സംസാര ഭാഷാ വൈകല്യം, തലസ്സീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ (അരിവാള്‍രോഗം), ബഹുവൈകല്യം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ ബാധിച്ചവര്‍ക്കും ഇനി യാത്രാ ആനുകൂല്യം ലഭിക്കും.
അന്ധത, ശാരീരിക വൈകല്യം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം തുടങ്ങിയവയുള്ളവര്‍ക്കാണ് ഭിന്നശേഷി വിഭാഗത്തില്‍ ഇതുവരെ യാത്രാ ആനുകൂല്യം ലഭിച്ചിരുന്നത്. ഇനി ഭിന്നശേഷി അവകാശനിയമത്തില്‍ പറയുന്ന 21 തരം ആളുകള്‍ക്കും നിരക്ക് ഇളവ് ലഭിക്കും.






