Sorry, you need to enable JavaScript to visit this website.

ക്ഷേത്ര പ്രശ്‌നം മരിച്ചു, അയോധ്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടത് വികസനവും തൊഴിലും

അയോധ്യ- തെരഞ്ഞെടുപ്പ് ചൂട് ക്ഷേത്രനഗരത്തില്‍ പിടിമുറുക്കുമ്പോള്‍, പുനര്‍നാമകരണം ചെയ്യപ്പെട്ട ഈ ജില്ലയിലെ മുസ്്‌ലിംകള്‍ വികസനത്തിലും തൊഴില്‍പരമായ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് കാണുന്നത്. രാമക്ഷേത്ര പ്രശ്‌നം ആരും കാര്യമായെടുക്കുന്നില്ല, അതൊരു ചത്ത വിഷയമായി മാറിക്കഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകേന്ദ്രീകൃത വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മുന്നോട്ട് പോകുകയും വേണമെന്നാണ് ഇവിടത്തുകാര്‍ക്ക് പറയാനുള്ളത്.

അയോധ്യയില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് താമസിക്കുന്നത്. ജില്ലയില്‍ മികച്ച റോഡുകളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഫാക്ടറികളും ഉണ്ടായിരിക്കണം- രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കക്കേസിലെ ഏറ്റവും പഴയ വ്യവഹാരികളിലൊരാളായ മുഹമ്മദ് ഹാഷിം അന്‍സാരിയുടെ മകന്‍  ഇഖ്ബാല്‍ അന്‍സാരി പി.ടി.ഐയോട് പറഞ്ഞു.

'അയോധ്യയില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്, ഒരെണ്ണം കൂടി (രാമക്ഷേത്രം) നിര്‍മ്മിക്കപ്പെടുന്നുവെന്ന് മാത്രം- അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ ആവശ്യമാണ്. ഇപ്പോള്‍ അയോധ്യ ഒരു ജില്ലയായതിനാല്‍ കൂടുതല്‍ വികസനം ഉണ്ടാകണം'.

'ക്ഷേത്രം-മസ്ജിദ് പ്രശ്നം ഇനി ഇവിടെയില്ല. കോടതി വിധിയെക്കുറിച്ച് മുസ്ലീങ്ങള്‍ ഒന്നും പറഞ്ഞില്ല, അത് അംഗീകരിച്ചു. തൊഴിലിനെയും വികസനത്തെയും കുറിച്ച് സംസാരിക്കേണ്ട സമയമാണിത്, അദ്ദേഹം പറഞ്ഞു.

രാമജന്മഭൂമിക്ക് സമീപം താമസിക്കുന്ന ഹാജി മെഹബൂബ് (76)
അയോധ്യയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സ്യൂട്ട് കേസിലെ മറ്റൊരു പ്രമുഖ വ്യവഹാരിയാണ്. ഇത്തവണ സര്‍ക്കാരില്‍  'മാറ്റം' ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

'സര്‍ക്കാര്‍ ജോ ഭി ഗാന ഗയേ, ഈസ് ബാര്‍ സര്‍ക്കാര്‍ പല്ടേഗി,' (ഇത്തവണ സര്‍ക്കാര്‍ മാറും) -അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച്, ഇത്തവണ സമാജ്വാദി പാര്‍ട്ടിക്ക് നല്ല അവസരമുണ്ടെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ജോലിയും ആഗ്രഹിക്കുന്ന സാധാരണക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അതിന്റെ നേതാവ് ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 കാരണം ഇടത്തരം ആളുകള്‍ വളരെയധികം കഷ്ടപ്പെട്ടുവെന്നും അവര്‍ക്കായി സര്‍ക്കാര്‍ കാര്യമായ ഒന്നും ചെയ്തിട്ടില്ലെന്നും റാത്ത് ഹവേലി റോഡിലെ താമസക്കാരനായ ഹമീദ് സഫര്‍ മിസാം പറഞ്ഞു.

'വൈദ്യുതി ബില്ലുകള്‍, ലോണ്‍ തവണകള്‍ എന്നിവ അടയ്ക്കുന്നതില്‍ വീഴ്ചവന്നു. സര്‍ക്കാര്‍ അവര്‍ക്ക് കാര്യമായ ആശ്വാസം നല്‍കിയില്ല. വലിയ ബിരുദമുള്ള ഡോക്ടര്‍മാര്‍ സ്വയം ക്വാറന്റൈന്‍ ചെയ്തു, ആളുകളെ സഹായിക്കുന്നവരെ കള്ളന്മാര്‍ എന്ന് വിളിക്കുന്നു- അദ്ദേഹം പറഞ്ഞു.

'കോവിഡ് കാരണം മാത്രമല്ല, ഒപിഡികള്‍ അടച്ചതിനാല്‍ ഹൃദയാഘാതവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ് ആളുകള്‍ മരിച്ചത്. പുരോഗതിക്ക്, ഞങ്ങള്‍ക്ക് വേണ്ടത് ഇവിടെ തൊഴിലും മെഡിക്കല്‍ സൗകര്യവുമാണ്,- മിസാം പറഞ്ഞു.

അയോധ്യയില്‍ ആദ്യം സജീവമായ ശേഷം ആദിത്യനാഥ് മത്സരിക്കാത്തതിനെ കുറിച്ച് മിസാം പറഞ്ഞു,:'വോ ഭാഗ് ഖഡെ ഹ്യൂ യഹാന്‍ സെ' (അദ്ദേഹം അയോധ്യയില്‍നിന്ന് ഓടിപ്പോയി).

എന്തിനാണെന്ന് ചോദിച്ചപ്പോള്‍, 'ഇവിടെ നിന്ന് തനിക്കുള്ള ആഭ്യന്തര  സര്‍വേയിലെ പ്രതികരണം കണ്ടാണ് അദ്ദേഹം മുങ്ങിയതെന്നും മിസാം പറഞ്ഞു.

 

Latest News