നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍, എയര്‍ ഇന്ത്യ കൈമാറ്റം 27 ന്

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയെ ടാറ്റക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. ജനുവരി 27 ന് കമ്പനിയെ  ടാറ്റ ഗ്രൂപ്പിന് കൈമാറും. ജനുവരി 20ലെ ക്ലോസിംഗ് ബാലന്‍സ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റക്ക് കൈമാറിയിരുന്നു. അതു പരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കി  എയര്‍ലൈനിന്റെ ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചു.
ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. എയര്‍ ഇന്ത്യ ഇടപാടുമായി സിംഗപുര്‍ എയര്‍ലൈന്‍സിന് ബന്ധമില്ലാത്തതിനാല്‍ തല്‍ക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും.
18,000 കോടി രൂപക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ തയാറായത്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതി ടാറ്റ ഗ്രൂപ്പ് തയാറാക്കി വരികയാണ്.

 

 

Latest News