റിയാദ് - തലസ്ഥാന നഗരി അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. വെള്ളം കയറിയതിനെ തുടർന്ന് റിയാദിൽ ചില റോഡുകളിൽ ട്രാഫിക് പോലീസ് ഗതാഗതം തിരിച്ചുവിട്ടു. അൽഉലയ്യ, അൽദുബാബ് അടിപ്പാതകളിലും മറ്റേതാനും സ്ഥലങ്ങളിലുമാണ് ഗതാഗതം തിരിച്ചുവിട്ടത്. മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിനു തൊട്ടുമുമ്പാണ് തലസ്ഥാന നഗരിയിൽ മഴ ആരംഭിച്ചത്. ഇതേ തുടർന്ന് റിയാദിലെ നിരവധി മസ്ജിദുകളിലും മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങൾ ഒരുമിച്ച് നിർവഹിച്ചു. റിയാദിൽ മഴ ഒരു മണിക്കൂറിലേറെ നേരം നീണ്ടുനിന്നു. കിംഗ് ഖാലിദ്, ഖുറൈസ് റോഡുകൾ സന്ധിക്കുന്ന ഇന്റർസെക്ഷനിലെ അടിപ്പാത വെള്ളത്തിൽ മുങ്ങി. മഴക്കിടെ 13 വാഹനാപകടങ്ങളടക്കം 231 പരാതികളാണ് കൺട്രോൾ റൂമിൽ ലഭിച്ചതെന്ന് റിയാദ് ട്രാഫിക് പോലീസ് വക്താവ് ലെഫ്. കേണൽ നവാഫ് അൽസുദൈരി അറിയിച്ചു. വൈകുന്നേരം 4.30 മുതൽ 8.30 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
അബഹയിൽ മഴക്കിടെ വ്യാപക നാശനഷ്ടങ്ങളുണ്ടായി. അബൂഹുറൈറ റോഡിൽ വ്യത്യസ്ത സ്ഥലങ്ങളിൽ മലയിടിച്ചിലുണ്ടായതായും അൽമൻസക്, അൽമുവദ്ദിഫീൻ ഡിസ്ട്രിക്ടുകളിൽ വെള്ളം കയറിയതായും അറിയിച്ച് 53 പരാതികൾ ലഭിച്ചതായി അസീർ നഗരസഭ അറിയിച്ചു. ടാങ്കർ ലോറികളും കൂറ്റൻ മോട്ടോറുകളും ഉപയോഗിച്ച് റോഡിലെ വെള്ളം നഗരസഭ അടിച്ചൊഴിവാക്കി. ബുൾഡോസറുകൾ ഉപയോഗിച്ച് റോഡിൽ നിന്ന് പാറകൾ നീക്കം ചെയ്തു. അൽബാഹക്ക് വടക്ക് അൽഖുറയിൽ ഇന്നലെ മഴക്കൊപ്പം കനത്ത ആലിപ്പഴവർഷവും മഞ്ഞുവീഴ്ചയുമുണ്ടായി. ആലിപ്പഴവർഷത്തിലും മഞ്ഞുവീഴ്ചയിലും റോഡുകളും മലകളും വെള്ള പുതച്ചു. ബൽജുർഷിയിലും മഴക്കൊപ്പം ആലിപ്പഴവർഷമുണ്ടായി. അൽഖർജിലെ അൽസീഹ്, അസീർ പ്രവിശ്യയിലെ സറാത്ത് ഉബൈദ, ബീശ, ദഹ്‌റാൻ അൽജുനൂബ്, അഹദ് റുഫൈദ, ബൽഖറൻ, ബൽഹമർ, അയ്‌നുല്ലിവ, അഖബ ശആർ, ജിസാൻ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം ഇന്നലെ വർഷപാതമുണ്ടായി. ഹായിലിൽ ആലിപ്പഴവർഷത്തിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്തു. കനത്ത മഴ കാരണം മലസിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന സൗദി ലീഗ് ഫുട്‌ബോൾ ടൂർണമെന്റിൽ അൽ ശബാബും ഇത്തിഹാദും തമ്മിൽ നടന്ന മത്സരം വീക്ഷിക്കാൻ കാണികളില്ലാതെ പോയി.