പെണ്‍കുട്ടിക്ക് താല്‍പര്യമില്ലാത്ത വിവാഹം  സുപ്രീം കോടതി അംഗീകരിച്ചില്ല 

ന്യൂദല്‍ഹി-  വീട്ടുകാരുടെ എതിര്‍പ്പു മറികടന്ന് വിവാഹിതയായ പെണ്‍കുട്ടിയുടെ കര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ബന്ധം തുടരാന്‍ പെണ്‍കുട്ടിക്കും താല്‍പര്യമില്ലെന്നു മനസ്സിലാക്കിയ സുപ്രീം കോടതി, നീതി ഉറപ്പാക്കാനുള്ള പ്രത്യേകാധികാരം (142-ാം വകുപ്പ്) ഉപയോഗിച്ച് അതു റദ്ദാക്കി. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് നടപടി.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായതോടെ യുവാവിനും വീട്ടുകാര്‍ക്കുമെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ വകുപ്പു ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. ഇതോടെ, യുവാവും കുടുംബവും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. യുവാവ് തട്ടിക്കൊണ്ടുപോയതാണെന്നു പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ പറഞ്ഞു. ഇതോടെ കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.അപ്പീല്‍ ഹര്‍ജിയുമായി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം.സുന്ദരേശ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇരുവരുടെയും സമ്മതപ്രകാരമാണു വിവാഹം നടന്നതെന്നും പിന്നീടു പെണ്‍കുട്ടിക്കു വീണ്ടുവിചാരം ഉണ്ടായതാണെന്നും കണ്ടെത്തി. ഇതോടെ കക്ഷികളോടു നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ട ബെഞ്ച് ഇരുവരോടും സംസാരിച്ചു.
ബന്ധം തുടരാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്നു ബോധ്യപ്പെട്ടു. നേരത്തെ തന്നെ വിവാഹമോചനത്തിനു യുവാവ് അപേക്ഷ നല്‍കിയതും ഇരുവരുടെയും പ്രായവും പെണ്‍കുട്ടി തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്നതും എല്ലാം പരിഗണിച്ചാണു കോടതി വിവാഹം റദ്ദാക്കിയത്. യുവാവിനെതിരായ കേസും റദ്ദാക്കി.
 

Latest News