Sorry, you need to enable JavaScript to visit this website.
Monday , July   04, 2022
Monday , July   04, 2022

സംഘ്പരിവാറിന് ഗുരു എങ്ങനെ അനഭിമതനായി? 


തീർച്ചയായും നമ്മുടെ സാമൂഹ്യ ജീവിത ചരിത്രം പരിശോധിച്ചാൽ രണ്ടു ധാരകൾ തമ്മിലുള്ള പോരാട്ടം പ്രകടമായി കാണാം. ശങ്കാരാചാര്യരും മനുവും വേദങ്ങളും പുരാണങ്ങളുമെല്ലാം പ്രതിനിധാനം ചെയ്യുന്ന ചരിത്രത്തെ പിറകോട്ടു വലിക്കുന്ന ഒരു ധാര. ബുദ്ധനും ഗുരുവും വിടിയും അയ്യങ്കാളിയുമെല്ലാം പ്രതിനിധാനം ചെയ്യുന്ന, ചരിത്രത്തെ മുന്നോട്ടു നീക്കുന്നു മറ്റൊരു ധാര. ഇതിൽ ഏതു പക്ഷത്താണ് നാം എന്നതാണ് ഉയരുന്ന ചോദ്യം. സംഘ്പരിവാർ ആദ്യ പക്ഷത്താണെന്നതിൽ സംശയമില്ല. അവരുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു അങ്ങനെ മാത്രമേ നിലനിൽക്കാനാവൂ. 

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരിക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോക്കാണ് അനുമതി നിഷേധിച്ചത്. പകരം ശങ്കരാചാര്യരുടെ ടാബ്ലോ ഉപയോഗിക്കാൻ നിർദേശിച്ചതായും വാർത്തയുണ്ട്. മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതിചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയവാദങ്ങൾക്കുമെതിരെ ഗുരു പകർന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി  കത്തിൽ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് സംഘ്പരിവാറിന് നാരായണഗുരു അനഭിമതനാകുന്നത് എന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. ഗുരുവും ശങ്കരനും അദൈ്വതത്തിന്റെ വക്താക്കളായിട്ടും ഒരാൾ അനഭിമതനും മറ്റെയാൾ അഭിമതനുമാകുന്നതിനു കൃത്യമായ കാരണമുണ്ട്. ശ്രീശങ്കരൻ മനുഷ്യരെ പലതട്ടുകളായി തിരിക്കുന്ന ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നു, ഗുരു അംഗീകരിക്കുന്നില്ല എന്നതു തന്നെ പ്രധാന കാരണം. ജാതിവ്യവസ്ഥയുടെ സ്വാഭാവിക പരിണാമമായ സവർണ ഫാസിസറ്റ് പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയ പരിപാടിയാക്കിയ ഒരു പ്രസ്ഥാനത്തിന് ശങ്കരാചാര്യർ സ്വീകാര്യനാകുമല്ലോ. അദ്ദേഹത്തിന്റെ അദൈ്വത ദർശനത്തിനു പുറത്തായിരുന്നു അവർണരുടെ സ്ഥാനം. 

തർക്കത്തിൽ ജയിച്ച് ദിഗ്‌വിജയമായിരുന്നു ശങ്കരാചാര്യരുടെ ലക്ഷ്യം. എല്ലാ ചിന്താധാരകളോടും ഏറ്റുമുട്ടി പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹമത് നേടിയത്. അക്കാലത്തു പോലും ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ കാണാവുന്ന ബൗദ്ധ ദർശനത്തിനു പോലും അദ്ദേഹം മാപ്പുകൊടുത്തില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാർ ബുദ്ധസന്ന്യാസികളെ കടന്നാക്രമിച്ചതിന്റെ എത്രയോ സംഭവങ്ങൾ ചരിത്രത്തിലുണ്ട്. അദൈ്വതത്തെ കുറിച്ച് മനോഹരമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഉദാഹരണമായി കണ്ണു തുറന്നാൽ കാണുന്നതെല്ലാം ദൈ്വതമാണ് (പഞ്ചദൈ്വത സിദ്ധാന്തം). എന്നാൽ കാണുന്നതിന്റെയെല്ലാം യഥാർഥരൂപം മറ്റൊന്നാണെന്നും അറിവില്ലായ്മ കൊണ്ടു മനുഷ്യർ യഥാർത്ഥമായതിന്റെ മുകളിൽ അയഥാർത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നും ശങ്കരാചാര്യർ വാദിച്ചു. അദ്ദേഹം ഇപ്രകാരം ഒരു ഉദാഹരണവും നൽകി: ''കാട്ടിൽ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യൻ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറിൽ കാണും. അത് കയറാണെന്ന സത്യം മനസ്സിലാക്കുന്നതുവരെ അവന് കയറിനെയും പാമ്പിനെയും വേർതിരിച്ചു കാണുവാൻ കഴിയുകയില്ല. എന്നാൽ അറിവിന്റെ വെളിച്ചത്തിൽ ഇതൊരു പാമ്പേയല്ല, പേടിക്കേണ്ടാത്തതായ കയറാണല്ലോ എന്നു മനുഷ്യൻ തിരിച്ചറിയുന്നു.'' പാമ്പാണെന്നു ധരിച്ചതിലുണ്ടായ ഭയം എന്ന അനുഭവം കാലം, ദേശം എന്നിവക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നാണ്. കാലം, ദേശം എന്ന പരിധികൾക്കെല്ലാം അപ്പുറത്തു ശാശ്വതമായ ഒരു സത്യം, അതു പല രൂപഭാവങ്ങളിൽ പ്രകടമാകുകയാണ്.  (മായ). ഈ യാഥാർഥ്യത്തെ തിരിച്ചറിയുന്ന അറിവാണു ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ). അപ്പോൾ ആരാണ് പാമ്പിനെയും കയറിനെയും കാണുന്നത്? കണ്ണുകളാണ് കാണുന്നത്? എന്നാൽ കണ്ണ് തുറന്നുവെച്ചാൽ കാണണമെന്നില്ല, കാഴ്ചയെ സ്വീകരിക്കുവാൻ ബുദ്ധി, മനസ്സ് എന്നിവ സന്നദ്ധമായിരിക്കണം. ആത്മാവ് എന്നത്, മനസ്സിനും ബുദ്ധിക്കും എല്ലാം സാക്ഷിയായുള്ള ചൈത്യനമാണ്. ഈ ആത്മാവു തന്നെയാണ് ബ്രഹ്മമെന്നു അദൈ്വതികൾ പറയുന്നു (അയം ആത്മാ ബ്രഹ്മ). ഇതെല്ലാം പറയുന്ന അദ്ദേഹത്തിന്റെ അദൈ്വതം യഥാർത്ഥത്തിൽ ജാതിഭേദത്തിലധിഷ്ഠിതമായ മൂല്യങ്ങളായിരുന്നു. അതുകൊണ്ടാണ് സംഘപരിവാറിനു അദ്ദേഹം സ്വീകാര്യനാകുന്നത്. 

അദൈ്വതത്തെ കുറിച്ച് വാചാലനായിരുന്നെങ്കിലും ഏറ്റവും കാതലായ വിഷയത്തിൽ നേരെ എതിരായ നിലപാടായിരുന്നു ഗുരുവിന്റേത്. അതിൽ പുറന്തള്ളലിനു സ്ഥാനമില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന, മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശമായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ശങ്കരനെ പോലെ ഭാരതം മുഴുവൻ സഞ്ചരിച്ചില്ലെങ്കിലും സഞ്ചരിച്ചയിടങ്ങളിൽ ഗുരു ശ്രമിച്ചത് തർക്കിച്ച് ജയിക്കാനായിരുന്നില്ല, അറിയാനും അറിയിക്കാനുമുള്ള സംവാദങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. ആത്മീയവാദിയും സന്ന്യാസിയുമായിരുന്നെങ്കിലും ആധിപത്യ ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നടത്താനും അദ്ദേഹം മടിച്ചില്ല. കേരളം കണ്ട ഏറ്റവും ശക്തമായ പോരാട്ടമായി അരുവിപ്പുറം പ്രതിഷ്ഠ മാറിയത് അങ്ങനെയാണല്ലോ. ഒപ്പം ആധുനിക കാലത്തിനൊപ്പം സഞ്ചരിക്കാനും അദ്ദേഹം തയാറായി. ബ്രിട്ടീഷുകാരാണ് നമുക്ക് സന്ന്യാസം തന്നതെന്ന പ്രഖ്യാപനവും ദേവാലയങ്ങളല്ല, വിദ്യാലയങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്നുമുള്ള നിലപാടും അതിന്റെ ദൃഷ്ടാന്തങ്ങളാണല്ലോ. 

തീർച്ചയായും നമ്മുടെ സാമൂഹ്യ ജീവിത ചരിത്രം പരിശോധിച്ചാൽ രണ്ടു ധാരകൾ തമ്മിലുള്ള പോരാട്ടം പ്രകടമായി കാണാം. ശങ്കാരാചാര്യരും മനുവും വേദങ്ങളും പുരാണങ്ങളുമെല്ലാം പ്രതിനിധാനം ചെയ്യുന്ന ചരിത്രത്തെ പിറകോട്ടു വലിക്കുന്ന ഒരു ധാര. ബുദ്ധനും ഗുരുവും വിടിയും അയ്യങ്കാളിയുമെല്ലാം പ്രതിനിധാനം ചെയ്യുന്ന, ചരിത്രത്തെ മുന്നോട്ടു നീക്കുന്നു മറ്റൊരു ധാര. ഇതിൽ ഏതു പക്ഷത്താണ് നാം എന്നതാണ് ഉയരുന്ന ചോദ്യം. സംഘ്പരിവാർ ആദ്യ പക്ഷത്താണെന്നതിൽ സംശയമില്ല. അവരുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു അങ്ങനെ മാത്രമേ നിലനിൽക്കാനാവൂ. അതിന്റെ ഭാഗമായാണ് ഇത്തരമൊരാവശ്യം കേന്ദ്രം മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാൽ ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും വിശ്വസിക്കുന്നവർക്ക് രണ്ടാമത്തെ ധാരക്കൊപ്പം നിൽക്കാനേ കഴിയൂ. അതുകൊണ്ടു തന്നെ ഈ തീരുമാനത്തെ എതിർക്കേണ്ട ഉത്തരവാദിത്തം ഓരോ മലയാളിക്കുമുണ്ട്.