Sorry, you need to enable JavaScript to visit this website.

ആഗോള  ഓഹരി വിപണി  പിരിമുറുക്കത്തിൽ

പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ആഗോള ഓഹരി വിപണികളെ പിരിമുറുക്കത്തിലാക്കുന്നു. സാമ്പത്തിക മേഖലക്ക് ഊർജം പകരാൻ അമേരിക്കൻ കേന്ദ്ര ബാങ്ക് വാരമധ്യം യോഗം ചേരും. പലിശയിൽ ഭേദഗതികൾ വരുത്തിയാൽ വാരാവസാന ദിനങ്ങളിൽ ഏഷ്യൻ യൂറോപ്യൻ ഓഹരി വിപണികളിൽ വൻ ചാഞ്ചാട്ടത്തിന് ഇടയുണ്ട്.
ബോംബെ സെൻസെക്‌സ് 2185 പോയന്റും നിഫ്റ്റി 638 പോയന്റും നഷ്ടത്തിലാണ്. ഇന്ത്യൻ മാർക്കറ്റ് പോയവാരം മൂന്നര ശതമാനം ഇടിഞ്ഞു. നാലാഴ്ച തുടർച്ചയായി കാളക്കൂട്ടങ്ങൾക്ക് ഒപ്പം സഞ്ചരിച്ച മാർക്കറ്റിനെ വാരാരംഭത്തിൽ തന്നെ കരടിക്കൂട്ടം കൈപ്പിടിയിൽ ഒതുക്കി. ബജറ്റ് അടുത്തതിനാൽ ആഭ്യന്തര വിദേശ ഫണ്ടുകൾ കരുതലോടെയാണ് നീങ്ങുന്നത്. ഒമിക്രോൺ ഭീഷണിക്ക് ഇടയിൽ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതും വിപണിയുടെ ആവേശം കുറക്കാം. 
നിഫ്റ്റിയിലെ മുൻനിര ഓഹരികൾ പലതും നഷ്ടത്തിലാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ് ഓഹരി വില പന്ത്രണ്ടര ശതമാനം ഇടിഞ്ഞു. ബജാജ് ഫിൻസെർവ്, ദിവി ലബോറട്ടറീസ്, ടെക്മഹീന്ദ്ര, ശ്രീസിമന്റ്, ഇൻഫോസിസ് തുടങ്ങിയവുടെ നിരക്ക് എഴ് മുതൽ പത്ത് ശതമാനം വരെ കുറഞ്ഞു. 
മുൻവാരം നിഫ്റ്റിക്ക് സൂചിപ്പിച്ച 18,398 പോയന്റിലെ പ്രതിരോധം തകർക്കാനായില്ല. ഈ റേഞ്ചിൽ വിപണി കിതയ്ക്കുമെന്ന് വിലയിരുത്തിയത് ശരിവെച്ചുകൊണ്ട് 18,354 ൽ വിപണിയുടെ കാലിടറി. കരടികൾ വിപണിയുടെ ആധിപത്യം കൈയിൽ ഒതുക്കിയതോടെ 18,000 ത്തിലെ സപ്പോർട്ടും തകർത്ത് നിഫ്റ്റി 17,485 ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 17,617 ലാണ്. ഈ വാരം 17,284 ലെ താങ്ങിൽ പിടിച്ചുനിന്നാൽ 18,150 ലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം. എന്നാൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ബജറ്റിനോട് അനുബന്ധിച്ച് വിപണി 16,951 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരും. 
ബോംബെ സൂചിക 61,223 ൽ നിന്ന് 61,354 ലേക്ക് ഉയർന്നതിനിടയിലെ വിൽപ്പന തരംഗത്തിൽ സെൻസെക്‌സ് 58,620 ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം സൂചിക 59,037 പോയന്റിലാണ്. ഈ വാരം 57,986 ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ സെൻസെക്‌സ് 60,720 നെ ലക്ഷ്യമാക്കാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ തിരുത്തൽ 56,936 റേഞ്ചിലേയ്ക്ക് തുടരാം. 
ഇന്ത്യാ വൊളാറ്റിലിറ്റി ഇൻഡക്‌സ് 16 ൽ നിന്ന് 19.50 ലേക്ക് കയറി. സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 21 ലേക്ക് ഉയരാം. കഴിഞ്ഞ ബജറ്റ് വേളയിൽ വോളാറ്റിലിറ്റി സൂചിക 25 ലേക്ക് ഉയർന്നിരുന്നു. പത്ത് വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ബജറ്റിന് മുൻപുള്ള വാരം എഴ് തവണയും സൂചികക്ക് തിരിച്ചടി നേരിട്ടു. 
വിദേശ ഓപറേറ്റർമാർ നാലാം മാസവും വിൽപനക്കാരാണ്. അവർ 12,644 കോടി രൂപയുടെ വിൽപന കഴിഞ്ഞ വാരം നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 530 കോടി രൂപയുടെ ഓഹരി വിറ്റു. ഡോളർ ശേഖരിക്കാൻ വിദേശ ഫണ്ടുകൾ ഉത്സാഹിച്ചത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കി. രൂപ 74.15 ൽ നിന്ന് 74.50 ലേക്ക് തളർന്ന ശേഷം വാരാന്ത്യം 74.43 ലാണ്. 
ആഗോള ക്രൂഡ് ഓയിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ. തുടർച്ചയായ അഞ്ചാം വാരത്തിലും മികവ് കാണിച്ച് എണ്ണ 86 ഡോളറിൽ നിന്ന് 89.14 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 87.65 ഡോളറിലാണ്. സാങ്കേതികമായി 90 ഡോളറിലെ പ്രതിരോധം മറികടന്നാൽ 97 വരെ ക്രൂഡ് ഓയിൽ വില ഉയരാം. 
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1816 ഡോളറിൽ നിന്നും 1847 വരെ ഉയർന്നു, ക്ലോസിങിൽ വില 1835 ഡോളറിലാണ്. ഈ വാരം അമേരിക്ക പലിശ നിരക്കിൽ മാറ്റം വരുത്തിയാൽ സ്വർണത്തിൽ ശ്രദ്ധേയമായ ചലനമുണ്ടാവും.

Latest News