Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ മന്ത്രിപുത്രനെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലി, കാരണം ഇതാണ്

പട്ന- നാട്ടുകാരായ വിദ്യാര്‍ഥികളെ  തോട്ടത്തില്‍നിന്ന് ഓടിക്കാന്‍ വെടിയുതിര്‍ത്ത മന്ത്രി പുത്രനെ ഗ്രാമവാസികള്‍ ഓടിച്ചിട്ടു തല്ലി. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരന്‍ ജില്ലയിലായിരുന്നു സംഭവം. ബിഹാര്‍ ടൂറിസം മന്ത്രി നാരായണ്‍ പ്രസാദ് സാഹയുടെ മകന്‍ ബബ്ലു കുമാര്‍ കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തെന്നാണ് ആരോപണം.

തുടര്‍ന്ന് മന്ത്രിയുടെ മകന്‍ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മില്‍ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. ബബ്ലു കുമാറിന്റെ കൈയില്‍ നിന്ന് ഗ്രാമവാസികള്‍ തോക്ക് തട്ടിയെടുക്കുകയും ചെയ്തു.

ഹര്‍ദിയ ഗ്രാമത്തിലാണ് മന്ത്രി നാരായണ്‍ പ്രസാദ് സാഹയുടെ വീടുള്ളത്. മന്ത്രിയുടെ ഇവിടെയുള്ള മാമ്പഴ തോട്ടത്തില്‍ ഞായറാഴ്ച രാവിലെ ഒരു സംഘം കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ സമയം മന്ത്രിയുടെ മകന്‍ ബബ്ലു പ്രസാദും കൂട്ടാളികളും ഇങ്ങോട്ടേക്കെത്തുകയും കുട്ടികളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തോ കാര്യത്തെ ചൊല്ലി കുട്ടികളും മന്ത്രി പുത്രനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ചില കുട്ടികള്‍ക്ക് മര്‍ദനമേറ്റു. തുടര്‍ന്ന് കുട്ടികളെ ഓടിക്കാന്‍ മന്ത്രിപുത്രന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഒരു കുട്ടിക്ക് പരിക്കേറ്റതായി ഗ്രാമവാസികള്‍ ആരോപിക്കുന്നുണ്ട്.

 

Latest News