ഒമിക്രോണ്‍ മഹാമാരിയുടെ അന്ത്യത്തിന്റെ സൂചനയെന്ന് ലോകാരോഗ്യസംഘടന

ലണ്ടന്‍- മനുഷ്യരാശിയുടെ ജീവിതം മാറ്റിമറിച്ച കോവിഡ് മഹാമാരിക്ക് എന്ന് അവസാനമാകും. അസ്വസ്ഥതയോടെ നാം ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിന് രണ്ടുവര്‍ഷത്തിനിപ്പുറം ആഹ്ലാദിക്കാന്‍ വക നല്കുന്ന ഒരു മറുപടി കിട്ടുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മഹാമാരിയുടെ അവസാനകാലത്തിന്റെ സൂചന നല്‍കുന്നതായാണ് യൂറോപ്പിലെ ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഒമിക്രോണ്‍ മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പില്‍ കോവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഓ) ഇതാദ്യമായി സൂചന നല്‍കി. ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്' ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കോവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കോവിഡ് തിരിച്ചുവരണമെന്ന് ഇല്ലെന്നും ക്ലൂഗെ പറഞ്ഞു.

 

 

Latest News