Sorry, you need to enable JavaScript to visit this website.

സിവിൽ അഫയേഴ്‌സിനു കീഴിൽ 12 മൊബൈൽ യൂനിറ്റുകൾ

റിയാദ്- സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി സിവിൽ അഫയേഴ്‌സിനു കീഴിൽ പ്രവർത്തിക്കുന്നത് 12 മൊബൈൽ യൂനിറ്റുകൾ. മൊബൈൽ യൂനിറ്റുകൾ വഴി, സർക്കാർ, സ്വകാര്യ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് ജോലി സ്ഥലങ്ങളിൽ എത്തി സേവനങ്ങൾ നൽകാനും സിവിൽ അഫയേഴ്‌സ് ഓഫീസുകളിൽ നിന്ന് ഏറെ അകലെയുള്ള ഗ്രാമപ്രദേശങ്ങളിലും ചെറുനഗരങ്ങളിലുമുള്ളവർക്ക് സേവനങ്ങൾ നൽകാനും ലക്ഷ്യമിട്ട് രണ്ടു പദ്ധതികൾ സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നടപ്പാക്കുന്നുണ്ട്. 
മക്ക പ്രവിശ്യയിലെ മൈസാൻ, ഖിയാ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മൊബൈൽ യൂനിറ്റിന്റെ സേവനം ലഭ്യമായിരുന്നു. ഇന്നലെ മക്ക പ്രവിശ്യയിലെ തന്നെ അബൂറാകയിൽ മൊബൈൽ യൂനിറ്റു വഴി ഉപയോക്താക്കൾക്ക് സേവനം നൽകി. 
അസീർ പ്രവിശ്യയിൽ പെട്ട മഹായിലിലെ തലൂത് അൽമൻദറിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മൊബൈൽ യൂനിറ്റ് സേവനം ലഭ്യമായിരുന്നു. ഖമീസ് മുശൈത്ത് ഗവർണറേറ്റ് ആസ്ഥാനത്ത് മൊബൈൽ യൂനിറ്റു വഴി പുരുഷന്മാർക്കു മാത്രം സേവനം നൽകി. ഇന്നലെയും ഇന്നും ഖമീസ് മുശൈത്ത് മിലിട്ടറി സിറ്റിയിൽ മൊബൈൽ യൂനിറ്റിൽ സ്ത്രീപുരുഷന്മാരെ ഒരുപോലെ സ്വീകരിക്കും. 
നജ്‌റാൻ പ്രവിശ്യയിൽ നാഷനൽ ഗാർഡ് ആസ്ഥാനത്ത് നാലു ദിവസവും ഖബാശിൽ രണ്ടു ദിവസവും മൊബൈൽ യൂനിറ്റ് സേവനമുണ്ടാകും. 
ജിസാനിലെ അൽദായിറിൽ സൗദി കോഫി ഫെസ്റ്റിവൽ നഗരിയിൽ ഒരാഴ്ചക്കാലം മൊബൈൽ യൂനിറ്റു വഴി സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും. അൽജൗഫ് പ്രവിശ്യയിലെ അബൂഅജ്‌റമിൽ മൂന്നു ദിവസവും കിഴക്കൻ പ്രവിശ്യയിൽ അൽഹസ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്ത് രണ്ടു ദിവസവും അൽഖസീം പ്രവിശ്യയിലെ ഖബ്ബയിൽ മൂന്നു ദിവസവും മൊബൈൽ യൂനിറ്റുകൾ പ്രവർത്തിക്കും. 
സ്വദേശികൾക്ക് പുതിയ തിരിച്ചറിയൽ കാർഡുകൾ ഇഷ്യു ചെയ്യൽ, പുതുക്കൽ, നഷ്ടപ്പെട്ട കാർഡിനു പകരം ബദൽ കാർഡ് അനുവദിക്കൽ എന്നീ സേവനങ്ങളാണ് മൊബൈൽ യൂനിറ്റുകൾ വഴി നൽകുന്നത്. സമയവും അധ്വാനവും ലാഭിക്കാനും എളുപ്പത്തിൽ സേവനങ്ങൾ ലഭിക്കാനും മൊബൈൽ യൂനിറ്റുകൾ ഗുണഭോക്താക്കളെ സഹായിക്കുന്നു. 
 

Tags

Latest News