Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് നേതാവ് സാവിത്രിയുമായി പോലീസ് വയനാട്ടിൽ തെളിവെടുപ്പു നടത്തി

മാവോയിസ്റ്റ് നേതാവ് സാവിത്രിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം പുറത്തേക്കു കൊണ്ടുപോകുന്നു. 

കൽപറ്റ- മുത്തങ്ങ പൊൻകുഴിക്കു സമീപം മദ്ദൂരിൽ നവംബർ രണ്ടാംവാരം അറസ്റ്റിലായ മാവോയിസ്റ്റ് കബനി ദളം കമാൻഡർ സാവിത്രി എന്ന രജിതയുമായി (33) പോലീസ് വയനാട്ടിൽ തെളിവെടുപ്പ് നടത്തി. വിയ്യൂർ ജയിലിൽ റിമാന്റിലുള്ള സാവിത്രിയെ തലപ്പുഴ, തിരുനെല്ലി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ തലപ്പുഴ സ്റ്റേഷൻ പരിധിയിലെ കമ്പമല, കാപ്പിക്കളം, പേര്യ അയനിക്കൽ, തിരുനെല്ലി സ്റ്റേഷൻ പരിധിയിലെ തിരുനെല്ലി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. രണ്ടു ദിവസത്തേക്കാണ് സാവിത്രിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. 
സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര സമിതിയംഗവും പശ്ചിമഘട്ട മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി. കൃഷ്ണമൂർത്തിക്കൊപ്പമാണ് കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന സാവിത്രിയെ അറസ്റ്റു ചെയ്തത്. ഇരുവരെയും നവംബർ 10 നാണ് എ.ടി.എസ് കണ്ണൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. കൃഷ്ണമൂർത്തിയിൽനിന്നു അഞ്ചര ലക്ഷം രൂപ, 50 മെമ്മറി കാർഡ്, മൂന്നു ഫോൺ, ഐ പാഡ്്, ടാബ്‌ലെറ്റ് കംപ്യൂട്ടർ എന്നിവ പിടിച്ചെടുത്തിരുന്നു. നേരത്തേ കൃഷ്ണമൂർത്തിയെ ഏഴും സാവിത്രിയെ മൂന്നും ദിവസം എ.ടി.എസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കരിക്കോട്ടക്കരി, ആറളം പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലായിരുന്നു ഇത്. 
കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാവോവാദി സംഘത്തിൽപ്പെട്ടവരാണ് കൃഷ്ണമൂർത്തിയും സാവിത്രിയും. കർണാടകയിലെ ചിക്മംഗളൂരു സ്വദേശികളാണ് ഇവർ. മാവോയിസ്റ്റ് കബനി ദളം ഡെപ്യൂട്ടി കമാൻഡന്റ് പുൽപള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് എന്ന രാമു ഒക്ടോബർ 25 നു രാത്രി വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണമൂർത്തിയും സാവിത്രിയും പിടിയിലായത്. കർണാടകയിൽ മാത്രം 50 ഓളം മാവോയിസ്റ്റ് കേസുകളിൽ പ്രതിയാണ് കൃഷ്ണമൂർത്തി. വയനാട്ടിൽ ഇദ്ദേഹത്തിനെതിരേ കേസില്ല. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി സാവിത്രിക്കെതിരെ 18 കേസുകളാണുള്ളത്. 2018 ൽ കേരള സർക്കാർ മാവോവാദി കീഴടങ്ങൽ-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ പോലീസ് വയനാട്ടിലടക്കം വിവിധ സ്ഥലങ്ങളിൽ പതിച്ച ബഹുവർണ പോസ്റ്ററുകളിൽ കൃഷ്ണമൂർത്തി, സാവിത്രി എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു.  

Latest News