ഈ വർഷം ആപ്പിൾ പുറത്തിറക്കുന്ന ഐ ഫോൺ മോഡലുകളിൽ എന്തൊക്കെ പുതുമകളുണ്ടാകും. മൂന്ന് മോഡലുകൾ പുറത്തിറക്കുമെന്ന് ആപ്പിൾ വ്യക്തമാക്കിയിരിക്കേ അവയിലെ പുതുമകളെ കുറിച്ച് സാങ്കേതിക ലോകത്ത് ചർച്ച തുടങ്ങി. വലിയ സ്‌ക്രീൻ ഉറപ്പാണെങ്കിലും ഇരട്ട സിമ്മും പൊതുവെ പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, ഇരട്ട സിമ്മിനെ കുറിച്ച് ആപ്പിൾ ഇതുവരെ സൂചന നൽകിയിട്ടില്ല.
ഈ വർഷം ഇറക്കാനിരുന്ന മോഡലുകളിൽ ഒന്നിന് 6.5 ഇഞ്ച് വലിപ്പമുണ്ടാകുമെന്നാണ് സൂചന. തുടക്കത്തിൽ മൂന്നരയിഞ്ചിൽ കൂടുതൽ വലിപ്പം ഐഫോണിനു പാടില്ലെന്ന നിർബന്ധം ആപ്പിൾ കമ്പനിക്കുണ്ടായിരുന്നു.
ആപ്പിൾ മേധാവി സ്റ്റീവ് ജോബ്‌സിന്റെ മരണ ശേഷമാണ് മറ്റു കമ്പനികളെ പോലെ ആപ്പിളും ഫാബ്‌ലറ്റുകൾ നിർമിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ ടെൻ സ്‌ക്രീനിന്റെ വിലപ്പം 5.8 ഇഞ്ചാണ്.
വിപണിയിലുള്ള മിക്ക കമ്പനികളും ഇരട്ട സിം മോഡലുകൾ കൂടി ഇറക്കിയെങ്കിലും ആപ്പിൾ ആ വഴി ചിന്തിച്ചിട്ടില്ല. ഈ വർഷത്തെ ഒരു ഐഫോൺ മോഡലിലെങ്കിലും ഇരട്ട സിം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഈ വർഷം മൂന്ന് പ്രധാന ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമ്പോൾ വേറെയും പുതുമകൾക്കാണ് വിപണി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 5.8 ഇഞ്ച് വലിപ്പവും ഓലെഡ് സ്‌ക്രീനുമുള്ള ഐഫോൺ ടെൻ മോഡൽ അതേ സ്‌ക്രീൻ വലിപ്പത്തിൽ തന്നെ അപ്‌ഡേറ്റു ചെയ്ത് പുതിയ പേരിൽ നിലനിർത്തും. അതോടൊപ്പം 6.5 ഇഞ്ച് വലിപ്പമുള്ള ഒരു ഓലെഡ് സ്‌ക്രീനുള്ള ഐഫോൺ കൂടി ആപ്പിൾ പണിപ്പുരയിലുണ്ട്. ഈ മോഡലായിരിക്കും ഈ വർഷം ഇറക്കുന്ന മോഡലുകളിൽ പ്രധാനം. ഐഫോൺ എക്‌സിന്റെ സ്‌ക്രീൻ തന്നെ ഡി33 കോഡിലുള്ള പുതിയ ഫാബ്‌ലറ്റിലും പ്രതീക്ഷിക്കാം. സ്‌ക്രീൻ റെസലൂഷൻ 1242 ഃ 2688 പിക്‌സൽസ് ആയിരിക്കും. ഈ മോഡലിലായിരിക്കും ഇരട്ട സിം ഉണ്ടാവുകയെന്ന് പറയുന്നുണ്ടെങ്കിലും ആപ്പിൾ സ്ഥിരീകരിച്ചിട്ടില്ല.
ഐഫോൺ 8 പ്ലസിന്റെ സവിശേഷതകളും 6.1 ഇഞ്ച് വലിപ്പമുള്ള എൽ.സി.ഡി സ്‌ക്രീനുമുള്ള ഒരു മോഡൽ കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഈ മോഡലിനായിരിക്കും പുതിയ ഐഫോണുകളുടെ കൂട്ടത്തിൽ വിലക്കുറവ്.