Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രസംഗത്തിന് മുസ്ലിം നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- വിദ്വേഷ പ്രസംഗം നടത്തിയതിന് മുസ്ലിം നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചു. മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത് ഹരിദ്വാറിലും ദല്‍ഹിയിലും ഹിന്ദുത്വ സംഘടനകള്‍ സംഘടിപ്പിച്ച മത സമ്മേളനത്തില്‍ നടന്ന മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍ വലിയ വിവാദമാകുകയും കേസും അറസ്റ്റും ഉണ്ടാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്ലിം നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മതവിദ്വേഷ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ഹിന്ദു സേനയും ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസും സുപ്രീം കോടതിയെ സമീപിച്ചത്. 

ഹിന്ദു സംസ്‌കാരത്തിനെതിരെ അഹിന്ദുക്കള്‍ നടത്തുന്ന ആക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു വിവാദ ധരം സന്‍സദ് സമ്മേളനത്തിലെ ഹിന്ദു മത നേതാക്കളുടെ പ്രസ്താവനകളെന്നും ഇവ വിദ്വേഷ പ്രസംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പിച്ച ഹര്‍ജിയില്‍ ഇവര്‍ പറയുന്നു. ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുന്ന അസദുദ്ദീന്‍ ഉവൈസിയേയും വാരിസ് പത്താനേയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സേനാ പ്രസിഡന്റ് വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടു.

ഹിന്ദു ആത്മീയനേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവര്‍ക്കെതിരെ ഹര്‍ജി നല്‍കിയത് മുസ്ലിം സമുദായക്കാരന്‍ ആയതിനാല്‍ ഹിന്ദു ധരം സന്‍സദുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ ഉയര്‍ത്താന്‍ അവകാശമില്ലെന്നും ഹിന്ദുത്വ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കടുത്ത മതവിദ്വേഷം പ്രസംഗിച്ചവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകനായ ഖുര്‍ബാന്‍ അലി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിവാദ പ്രസംഗം നടത്തിയ ഹിന്ദുത്വ നേതാവ് നര്‍സിംഗാനന്ദിനെ അറസ്റ്റ് ചെയ്തത്. 

Latest News