ദിലീപിനൊപ്പം ഒളിവിലുള്ള പ്രതികളും ചോദ്യം ചെയ്യലിനെത്തും
കൊച്ചി- നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ പോലീസിനെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസിൽ നാളെ മുതൽ മൂന്നു ദിവസം കളമശേരിയിലെ ക്രൈംബ്രാഞ്ച് സൂപ്രണ്ടിന്റെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇതിനുള്ള ചോദ്യാവലി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം തയ്യാറാക്കി. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് തുടങ്ങിയ ആറു പ്രതികളെയും ഇതോടൊപ്പം ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ പകർത്താൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിക്കുന്ന മൊഴികൾ വിശകലനം ചെയ്തായരിക്കും രണ്ടാമത്തെ ദിവസത്തെ ചോദ്യം ചെയ്യൽ.
ഒളിവിൽ കഴിയുന്ന ബൈജു ചെങ്ങമനാട്, കേസിലെ വി ഐ പിയായ സൂര്യഹോട്ടൽസ് ഉടമ ശരത് എന്നിവരും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ആറ് പ്രതികളെയും മൊഴികൾ പരസ്പര വിരുദ്ധമായാൽ ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.
ബാലചന്ദ്രകുമാർ നൽകിയ ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയാണ് വധഗൂഢാലോചന കേസിൽ ചോദ്യം ചെയ്യൽ നടക്കുക. എന്നാൽ വധഗൂഢാലോചനയേക്കാൾ അന്വേഷണ സംഘം ഊന്നൽ നൽകുക നടിയെ ആക്രമിച്ച കേസിൽ പുതിയ തെളിവുകൾ കണ്ടെത്തുതിലായിരിക്കും. മൊബൈലിൽ പകർത്തിയ പീഢന ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിൽ പ്രധാനം. ഈ ദൃശ്യങ്ങൾ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ പ്രതികൾ ഒന്നിച്ചിരുന്നു കണ്ടുവെന്നാണ് മൊഴിയുള്ളത്. ദൃശ്യങ്ങൾ ശരത്തിന് എവിടെ നിന്ന് ലഭിച്ചു. അത് ഇപ്പോൾ എവിടെയാണുള്ളത് എന്നീ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകേണ്ടിവരും. ശബ്ദരേഖയിൽ പറയുന്ന മാഡത്തെക്കുറിച്ചും ദിലീപിനും കൂട്ടർക്കും വ്യക്തമായ വിശദീകരണം നൽകേണ്ടിവരും.