പാലക്കാട് : വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ (71) അന്തരിച്ചു. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
മികച്ച സംഘാടകനും വാഗ്മിയുമായ തെന്നിലാപുരം രാധാകൃഷ്ണൻ പാലക്കാട് തെന്നിലാപുരം പി.എസ്.ആർ എഴുത്തച്ഛന്റെയും എ പാറുക്കുട്ടിയമ്മയുടെയും മകനായി 1947 മെയ് 25 ന് ജനനം.
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ സേവനമനുഷ്ഠിക്കെ ആര്യവൈദ്യ ഫാർമസി എംപ്ലോയീസ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. 1969 ൽ സി.പി.ഐ അംഗമായി. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും എ.ഐ.ടി.യു.സി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായും രണ്ട് തവണ പാലക്കാട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. യുവകലാസാഹിതി സംസ്ഥാന ഭാരവാഹി, കർഷകസംഘം പാലക്കാട് ജില്ലാ സെക്രട്ടറി, എ.ഐ.ടിയു.സി പാലക്കാട് ജില്ലാ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ്, എ.ഐ.ടി.യു.സി കർഷകസംഘം എന്നിവയുടെ ദേശീയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
ജനയുഗം ഡയറക്ടർ, കൊല്ലം ചിറ്റൂർ കോഓപ്പറേറ്റീവ് ഷുഗർ ഫാക്ടറി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, പാലക്കാട് ഐ.ആർ.സി കമ്മിറ്റിയംഗം, കേന്ദ്ര ഗവമെൻറിനു കീഴിലുള്ള തൊഴിലാളി വിദ്യാഭ്യാസ പദ്ധതി ഡയറക്ടർ, പാലക്കാട് ജില്ലാ വികസന സമിതിയംഗം, രാജീവ് ഗാന്ധി പഞ്ചവത്സര പദ്ധതിയുടെ ജില്ലാ മൈക്രോ കമ്മിറ്റി അംഗം, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ, ദേശീയ സമ്പാദ്യ പദ്ധതിയുടെ സംസ്ഥാന ഉപദേശക സമിതിയംഗം, കമാന്റ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി അംഗം എന്നീ പദവികൾ വഹിച്ചു.
പിന്നീട് സി.പി.ഐ വിട്ട അദ്ദേഹം 2012 ൽ വെൽഫെയർപാർട്ടിയിൽ അംഗമായി. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ ജനറൽ കൗൺസിൽ അംഗം, എഫ്.ഐ.ടി.യു ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാടുനിന്ന് മത്സരിച്ചു.
പാർട്ടി മുഖപത്രമായ ജനപക്ഷത്തിന്റെ എഡിറ്റോറിയൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: കെ.ആർ. സുഗുഭ. മകൾ: രമ്യാകൃഷ്ണൻ, മരുമകൻ: രഞ്ജിത്ത് രാമകൃഷ്ണൻ.
സംസ്‌കാരം നാളെ.






