പോക്‌സോ കേസ് പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ചുകൊന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു. ബിഹാര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്തായിരുന്നു സംഭവം. 2020 ഫെബ്രുവരിയിലാണ് വീടിനടുത്ത് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്ന ദില്‍ഷാദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും മാര്‍ച്ച് 12-ന് പ്രതിയെ ഹൈദരാബാദില്‍നിന്ന് പിടികൂടുകയും ചെയ്തു.

റിമാന്‍ഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു. കഴിഞ്ഞദിവസം പോക്‌സോ കേസിന്റെ വിചാരണക്കായി എത്തിയപ്പോഴാണ് ദില്‍ഷാദ് ഹുസൈന്‍ കൊല്ലപ്പെട്ടത്. കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട ഇരയുടെ പിതാവ്  വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറ്ഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മില്‍ കോടതിക്ക് പുറത്ത് സംഘര്‍ഷവുമുണ്ടായി.

ദില്‍ഷാദ് ഹുസൈനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അഭിഭാഷകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതി പരിസരത്തെ പോലീസിന്റെ സുരക്ഷാവീഴ്ചയില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു.

 

Latest News