Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ഗവേഷണവും മാപ്പും

വായന മരിക്കുന്നില്ല എന്നു ഗ്രന്ഥശാലാ പ്രവർത്തകർ പറയാറുണ്ട്. വെറുതെയല്ല; ഇക്കാലത്ത് കോൺഗ്രസ് നേതാക്കൾ പോലും വായിക്കാറുണ്ട്. മുമ്പ് കേന്ദ്ര മന്ത്രിമാരായിരുന്നവർക്കായിരുന്നു ഫുൾടൈം വായന. ഭരണമൊക്കെ ഉത്തരദേശത്തുകാർ നടത്തിക്കൊള്ളുമായിരുന്നു. ഭരണമില്ലാത്ത വർഗത്തിൽ മുമ്പ് എം.എം. ഹസ്സനായിരുന്നു പുസ്തകപ്പുഴു. കൈയിൽ കിട്ടുന്നവ മുഴുവൻ കരണ്ടുതിന്ന് തടി വീർപ്പിക്കും. 'കോർണർ മീറ്റിംഗു'കളിൽ തട്ടുപൊളിക്കും. ഇപ്പോൾ അതിന്റെ നേരവകാശി വി.ഡി. സതീശനാശാനാണ്. അടുത്ത കാലത്ത് പഴയൊരു കഥാപാത്രത്തെ തേച്ചുമിനുക്കിയെടുത്തു- പാഷാണം വർക്കി. അദ്ദേഹം അതിനെ കുറിക്കുകൊള്ളുന്നതാക്കി. കോടിയേരി സഖാവിനിട്ട് നടത്തിയ ആ 'പാഷാണ' പ്രയോഗം കഥാപുരുഷന്റെ വായനാപ്രേമം തെളിയിക്കുന്നു. കാലടി ഗോപി എന്ന നാടകകൃത്ത് ദാരിദ്ര്യം നിമിത്തമോ, അതോ യഥാതഥമായി അവതരിപ്പിക്കാനുള്ള ആർത്തി മൂത്തിട്ടോ, ഭിക്ഷക്കാരുമായിപ്പോലും സഹവസിച്ചുവത്രേ! ഏതായാലും 'ഏഴു രാത്രികളി'ലൂടെ പാഷാണം വർക്കി പിറന്നു. സമകാലീന രാഷ്ട്രീയ നാടകവേദിയിൽ കോടിയേരി സഖാവിനെ പാഷാണം വർക്കിയുടെ വേഷമണിയിച്ച് അവതരിപ്പിച്ചതിന് സതീശനാശാന് 'മികച്ച മേക്കപ്പ്മാനു'ള്ള അവാർഡ് എന്നെങ്കിലും ലഭിക്കാതിരിക്കില്ല. അതിന് യു.ഡി.എഫ് അധികാരത്തിൽ വരണമെന്നു മാത്രം! രാഹുൽ ഗാന്ധി ഒരു 'ഹിന്ദു'    പ്രയോഗം നടത്തിയതിനെ വളഞ്ഞിട്ടുപിടിച്ചാണ് കോടിയേരി 'ന്യൂനപക്ഷവും കോൺഗ്രസിന്റെ അവഗണന'യും എന്നൊരു നവീന ഐറ്റം അവതരിപ്പിച്ചത്.
രാഹുൽ ആദ്യമല്ലെങ്കിൽ അവസാനമെങ്കിലും ഒരു 'ഗാന്ധി' ആയതിനാൽ മഹാത്മാ ഗാന്ധിയെ ഉള്ളിൽ കരുതിയായിരിക്കാം അക്കാര്യം പ്രസംഗിച്ചത്. 1939 മുതൽ 'ഗാന്ധി'യെ ചീത്ത പറഞ്ഞു ശീലിച്ച പാരമ്പര്യമുള്ള സംഘടനയിലാണ് കോടിയേരി സഖാവ്. അതു നിമിത്തം, സുധാകര- സതീശന്മാരെ മാത്രല്ല, അതുക്കും മേലേ, മൊത്തമായി ഒരു യു.ഡി.എഫ് മുന്നണിയെ തന്നെ 'കൺവീനറായി' നയിക്കുന്ന ഹസ്സൻജിയെ കണ്ടില്ല' ഓർക്കാൻ സമയം കിട്ടിയില്ല. സഖാവിന്റെ അസുഖം 'ഹ്രസ്വ ദൃഷ്ടി' തന്നെ. പച്ച മലയാളത്തിൽ 'അറിവില്ലായ്മ' എന്നും പറയും. എത്രയും നേരത്തേ ചികിത്സക്കുന്നോ, അത്രയും നന്ന്!.
****         ****          ****
ഇന്ത്യയുടെ വടക്കേ മൂലയിൽനിന്നുള്ള ഒരു സർവകലാശാല, ഇന്ത്യൻ പ്രസിഡന്റിനു 'ഡി ലിറ്റ്' നൽകി ആദരിക്കാൻ ഒരു ശ്രമം നടത്തിയത്രേ! അദ്ദേഹം അതിനു വഴങ്ങിയില്ല. പിന്നെ ഈ പിണറായി വാഴും നാട്ടിലെ ഒരു കൊച്ചു സർവകലാശാല കൊതിച്ചാൽ നടക്കുമോ? അങ്ങനെ നിഷേധിച്ചാൽ മന്ത്രിയുടെയും സഭയുടെയും മാനം പോകുമെന്നു ദീർഘദൃഷ്ടിയാൽ ദർശിച്ചാണ് മന്ത്രി ബിന്ദു ഗവർണറുടെ നിർദേശത്തെ തഴഞ്ഞതെന്ന് ഒരു 'പഴംപാട്ടു'കേൾക്കുന്നുണ്ട്. പോട്ടെ, പക്ഷേ രാഷ്ട്രീയത്തിൽ നിസ്വാർഥമായി സേവിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നവരെ നാം മാനിക്കണം. ചിലർ 'സേവന'മെന്ന പേരിൽ ച്യവനപ്രാശം ലേഹ്യം സേവിച്ചു സ്വന്തം തടി നന്നാക്കുന്നവരായിരിക്കാം. മറ്റു വിദ്യാർഥികളെക്കൊണ്ടു പ്രബന്ധമെഴുതിച്ച് സ്വന്തം ഗവേഷണ ഗ്രന്ഥമാക്കുന്നവരും ഉണ്ടാകാം. കെ. മുരളീധരൻ രണ്ടു വകുപ്പിലും പെടുന്നില്ല. അദ്ദേഹം ദില്ലിയിൽ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളെ 'തൊഴിലില്ലായ്മ വേതന'ത്തെയെന്ന പോലെ കരുണയോടെ കാണുന്നു. ഭരണം ബി.ജെ.പിക്കായതിനാൽ നേരംപോക്കിന് സമയം ചെലവിടാൻ മാർഗം കാണാതെ ശ്വാസം മുട്ടിക്കഴിയുകയായിരുന്നു. എന്നാലോ 'ഇന്ത്യൻ' പോയിട്ട് ഒന്നിന്റെയും പ്രസിഡന്റല്ല ദേഹം. അതുകൊണ്ടു തന്നെ വായനയുടെയും പഠനത്തിന്റെയും കാര്യത്തിൽ സുധാകര ഗുരുവിനെയും സതീശനാശാനെയും കടത്തി വെട്ടുകയും 'പൂഴിക്കടകൻ അടി'വരെ മനഃപാഠമാക്കുകയും ചെയ്തു. എതിരാളികൾ മനസ്സിൽ കാണുന്നത് അദ്ദേഹം വെറുതെ മാനത്തു നോക്കിയിരുന്നു കാണും. മുഹമ്മദ് റിയാസ് എന്ന പൊതുമരാമത്തു മന്ത്രിയെ ഭാവി മുഖ്യമന്ത്രിയാക്കാൻ കോടിയേരി മനസ്സിൽ കാണുന്നതൊക്കെ മുരളീധരൻ മുൻകൂട്ടി കാണണമെങ്കിൽ അദ്ദേഹം എവിടെ എത്തിയിരിക്കുന്നുവെന്ന് കോൺഗ്രസും ഇന്ത്യയിലെ സർവകലാശാലകളും തിരിച്ചറിയണം. മുഖ്യമന്ത്രിയുടെ മരുമകനാണ് റിയാസ്. കൊറിയയിലും ക്യൂബയിലും ചുകപ്പു പതാകയിൻ കീഴിൽ സഹോദരങ്ങളാണ് അധികാരം അടിച്ചു മാറ്റിയിട്ടുള്ളത്. ഇന്ത്യയിൽ നെഹ്‌റുവോ ഇന്ദിരാ ഗാന്ധിയോ അനന്തരാവകാശികളെ അവരോധിച്ചില്ല. പക്ഷേ, 'ടെലിപ്പതിക്' ജ്ഞാനമുള്ള ഇടതു - വലതു സഹോദര കക്ഷികൾ അവരുടെ മേൽ 'വംശഭരണം' ആരോപിച്ചാണ് നിത്യവും കിടപ്പറ പൂകിയിരുന്നത്. മരണശേഷം ആത്മാവുകളാണോ ഇന്ദിരയെയും രാജീവിനെയും അധികാരത്തിലേക്കു നോമിനേറ്റ് ചെയ്തതെന്നു ചോദിച്ചു വിഷമിപ്പിക്കരുത്. ഏതായാലും 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' മൺമറഞ്ഞുപോയ മരുമക്കത്തായം വരും. കോടിയേരിയാണ് അതിന്റെ പരികർമി- അതാണ് സാക്ഷാൽ മുരളീധരന്റെ തീസിസ്. കോൺഗ്രസുകാർ വിവരമില്ലാതെ എന്തും വിളിച്ചു പറയുന്ന കൂട്ടരാണ് എന്നായിരുന്നു മേൽപടി പ്രബന്ധാവതരണത്തെ ഒറ്റയടിക്കു തള്ളിക്കൊണ്ട് ഇ.പി. ജയരാജൻ സഖാവിന്റെ പ്രതികരണം. സഖാവിനു നേരം വെളുക്കാൻ ഇനിയും വൈകും. കോടിയേരിയുടെ വാക്കുകളെ, വരികൾക്കിടയിലൂടെ വായിക്കണം. കോൺഗ്രസ് ന്യൂനപക്ഷത്തെ തഴഞ്ഞു. 
റിയാസ് വഴിയുള്ള സ്വന്തം പാർട്ടിയുടെ സുരക്ഷിതത്വം ഉറപ്പായിക്കഴിഞ്ഞു. ആ പേര് കേട്ട മാത്രയിൽ കേരളത്തിലും സമീപ ദേശങ്ങളിലും നിന്ന് ന്യൂനപക്ഷം ഒന്നടങ്കം ഇടതു പാർട്ടിയിലേക്ക് ഓടിക്കയറും. അങ്ങനെ 'കോടിയേരീ ദർശന'ത്തെ അവതരിപ്പിച്ച മുരളീധരനു പക്ഷേ, ഡോക്ടറേറ്റിനു ഇനിയും സമയമെടുക്കും. സ്വന്തം ദീർഘദൃഷ്ടിയും വക്രദൃഷ്ടിയും ഒരു ഡി.ലിറ്റിന് ധാരാളം മതിയാകും. പക്ഷേ യു.ഡി.എഫ് അധികാരത്തിലെത്തണം. അതു സമീപകാലത്തൊന്നും നടക്കില്ല.
****           ****           ****
ഒരു പാർട്ടിയുടെ ജില്ലാ സമ്മേളനം നിമിത്തം കോവിഡ് 'ക്ലസ്റ്ററുകൾ' ഉണ്ടായി എന്നു പറഞ്ഞാൽ 'ശുംഭ'ന്മാരേ വിശ്വസിക്കുകയുള്ളൂ. പ്രത്യേകിച്ച് കേഡർ പാർട്ടി. (സെമി കേഡറാണെങ്കിൽ സഹിക്കാമായിരുന്നു.) അവരുടെ മീറ്റിംഗ് കാലത്ത് നാട്ടിൽ ഒരു 'ഇല' പോലും അനങ്ങില്ല'; സദ്യ കഴിഞ്ഞുള്ള വാഴയില ഒഴികെ. പിന്നെയല്ലേ, ഭൂതക്കണ്ണാടി വെച്ചു നോക്കിയാൽ കാണാനാകാത്ത കൊറോണയും ഒമിക്രോണും! ഒരു ജില്ലയിൽ കൈകൊട്ടിക്കളി നടത്തിയത് 'കൈവിട്ട കളി' ആയിപ്പോയതിന് പാർട്ടിയുടെ സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾ ഒന്നിച്ചും പ്രത്യേകമായും മാപ്പു പറഞ്ഞു. അതിനു ശേഷം പ്രോട്ടോകോൾ പാലിച്ചാണ് നൃത്തവും ഗാനമേളയും സദ്യയും. രമേശ് ചെന്നിത്തലയ്ക്ക് ഒന്നുകൊണ്ടും തൃപ്തിയായില്ലെന്നാണ് പ്രസ്താവനയിൽ നിന്നും വെളിവായത്. അതിനാൽ ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെ നയം വ്യക്തമാക്കി- തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ. മുഖ്യമന്ത്രി വിദേശത്താണ് എന്ന ധൈര്യത്തിൽ പ്രസ്താവിച്ചതാണോ ആവോ!
യു.പിയിൽ മുലായം സിംഗ് യാദവിന്റെ മരുമകൾ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. ഈ ബി.ജെ.പി ആരാ, ശരിക്കും യു.പിയിലെ 'മീശമാധവൻ' ആണോ?

Latest News