ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4608 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 4622 പേരുടെ കോവിഡ് ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 637 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്. അതിനിടെ,
വിവിധ ലോക രാജ്യങ്ങളിൽ രോഗത്തിന്റെ വ്യാപനം വർധിക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയിൽ അടുത്താഴ്ച മുതൽ കോവിഡ് കേസുകൾ കുറയുമെന്ന് പകർച്ച വ്യാധി സ്പെഷ്യലിസ്റ്റ് ഡോ. മാജിദ് അൽശംറാനി. ഈ ആഴ്ചയോടെ ഘട്ടം ഘട്ടമായി രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ഒമിക്രോൺ എന്ന പുതിയ വകഭേദം പ്രത്യക്ഷപ്പെടുന്നതിന്റെ മുമ്പുള്ള അവസ്ഥയിലേക്ക് വൈകാതെ സൗദി തിരിച്ചെത്തും.
ഒമിക്രോൺ അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകുന്നുള്ളൂ. രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും വാക്സിനെടുക്കാത്തവർക്കുമാണ് രോഗം ഭീഷണിയാകുന്നത്. രോഗികളെ സ്വീകരിക്കാൻ എല്ലാ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്.
സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് ഒരിക്കലും രോഗവ്യാപനത്തിന് കാരണമാകില്ല. രോഗമുണ്ടായാൽ തന്നെ അത് അത്ര ഗുരുതരവുമാവില്ല. കോവിഡിനെതിരെ സൗദി അറേബ്യ സ്വീകരിച്ച പ്രതിരോധ നടപടികളാണ് കാരണം. അദ്ദേഹം പറഞ്ഞു.






