കടക്ക് പുറത്ത് എന്നു പറഞ്ഞതാര്; ലോ കോളേജിലെ ചോദ്യം വിവാദമായി 

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ കടക്ക് പുറത്ത് എന്ന പ്രയോഗം വിദ്യാര്‍ഥികളോടുള്ള ചോദ്യമാക്കിയ ലോ കോളേജ് അധ്യാപിക വിവാദത്തില്‍. കോഴിക്കോട് ഗവ. ലോ കോളേജില്‍ നടന്ന ദേശീയ സെമിനാറിലാണ് സംഭവം. 
ഫെബ്രുവരി 21 മുതല്‍ 23 വരെ നടന്ന ദേശീയ സെമിനാറിലെ രണ്ടാംദിവസം സെന്‍സര്‍ഷിപ്പും മാധ്യമങ്ങളും എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു വിവാദ ചോദ്യം. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ.കെ. മറിയാമ്മ ചോദിച്ച അഞ്ച് ചോദ്യങ്ങളില്‍ നാലാമത്തെ ചോദ്യം കടക്ക് പുറത്ത് എന്നുപറഞ്ഞത് ആരാണെന്നായിരുന്നു. പിണറായി വിജയന്‍ എന്ന് ഉത്തരം പറഞ്ഞ വിദ്യാര്‍ഥിക്ക് അധ്യാപിക മിഠായി നല്‍കുകയും ചെയ്തു. 
അധ്യാപികയുടെ നടപടിക്കെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ചീഫ് സെക്രട്ടറിക്കും ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിനും പരാതി നല്‍കിയിരിക്കയാണ്. 
കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്ത് നടന്ന സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി കടക്ക് പുറത്ത് എന്നുപറഞ്ഞത്. അധ്യാപികയുടെ ആദ്യത്തെ നാല് ചോദ്യങ്ങള്‍ പൊതുവിജ്ഞാനവും മാധ്യമചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു. ഡോ. മറിയാമ്മയുടെ നടപടി സര്‍ക്കാരിനെയും ഭരണാധികാരികളെയും താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്ന് കാണിച്ചാണ് കോളേജ് യൂണിയന്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. സര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്. ആഷിഷ് പറഞ്ഞു. സര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഇതിനുമുന്‍പും അധ്യാപികയുടെയും കോളേജ് അധികൃതരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെന്നും ആഷിഷ് പറഞ്ഞു.
ദേശീയ സെമിനാറില്‍ പങ്കെടുത്തിരുന്നെങ്കിലും മാധ്യമങ്ങളും സെന്‍സര്‍ഷിപ്പും എന്ന സെഷനില്‍ ഉണ്ടായിരുന്നില്ലെന്നും ചോദ്യവുമായി ബന്ധപ്പെട്ട്  പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ലോ കോളേജ് പ്രിന്‍സിപ്പല്‍ ബിന്ദു എന്‍. നമ്പ്യാര്‍ പറഞ്ഞു. 


 

Latest News