ചൈനയെ ഇനിയും പുകഴ്ത്തും- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം- ചൈന ഉള്‍പ്പെടെ സോഷ്യലിസ്റ്റ് ലോകത്തിന്റെ സവിശേഷതകളും മേന്മകളും സിപിഎം ആവര്‍ത്തിച്ചു പറയുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യത്തില്‍ സിപിഎം സോഷ്യലിസ്റ്റ് പക്ഷത്താണ്. കോണ്‍ഗ്രസും ബിജെപിയും അമേരിക്കന്‍ സാമ്രാജ്യത്വ പക്ഷത്തും-ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി പറഞ്ഞു.
അതിര്‍ത്തി സംഘര്‍ഷങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ 'ചൈന പ്രേമ'ത്തിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് അതെല്ലാം തള്ളി സിപിഎം സെക്രട്ടറി ഉറച്ച ചൈനീസ് പ്രതിബദ്ധത വ്യക്തമാക്കിയത്. ചൈനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കോടിയേരി പരാമര്‍ശിക്കുന്നില്ല. മറിച്ച്, കോട്ടയം ജില്ലാ സമ്മേളനത്തില്‍ ചൈനയെ സ്തുതിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളളയ്‌ക്കെതിരെ വന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. 'ചൈനയെ പ്രകീര്‍ത്തിച്ച് എസ്ആര്‍പിയും വിമര്‍ശിച്ച് പിണറായിയും എന്ന വിധത്തില്‍ രണ്ടു പക്ഷം എന്നു വരുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് അസംബന്ധമാണ്. ചൈന ആര്‍ജിച്ച നേട്ടവും ജനജീവിതം കൂടുതല്‍ ഐശ്വര്യപൂര്‍ണമായതും രണ്ടു നേതാക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്' - കോടിയേരി പറഞ്ഞു.
ചൈന പട്ടിണി മാറ്റിയെങ്കില്‍ നരേന്ദ്ര മോഡിയുടെ കാലത്ത് ഇന്ത്യയില്‍ പട്ടിണി കൂടി. ചൈന പട്ടിണി തുടച്ചുമാറ്റിയതും അത്ഭുതകരമായ സാമ്പത്തിക വളര്‍ച്ച നേടിയതും ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ മുന്നിലായതും മോഡി ഭരണത്തിന് ഇഷ്ടപ്പെടില്ലെന്നു പറയുന്ന കോടിയേരി, കോണ്‍ഗ്രസിന്റെ ചൈന വിരുദ്ധതയെയും രൂക്ഷമായി വിമര്‍ശിക്കുന്നു. ചൈനയുമായി നല്ല ബന്ധത്തിനു ശ്രമിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്നത്തെ കോണ്‍ഗ്രസിന്റെ അളവുകോല്‍ വച്ചാണെങ്കില്‍ രാജ്യദ്രോഹിയാകും- കോടിയേരി അഭിപ്രായപ്പെട്ടു.
 

Latest News