റിയാദ്- വിവിധ ലോക രാജ്യങ്ങളില്‍ രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയില്‍ അടുത്താഴ്ച മുതല്‍ കോവിഡ് കേസുകള്‍ കുറയുമെന്ന് പകര്‍ച്ച വ്യാധി സ്‌പെഷ്യലിസ്റ്റ് ഡോ. മാജിദ് അല്‍ശംറാനി. ഈ ആഴ്ചയോടെ ഘട്ടം ഘട്ടമായി രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. ഒമിക്രോണ്‍ എന്ന പുതിയ വകഭേദം പ്രത്യക്ഷപ്പെടുന്നതിന്റെ മുമ്പുള്ള അവസ്ഥയിലേക്ക് വൈകാതെ സൗദി തിരിച്ചെത്തും.
ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകുന്നുള്ളൂ. രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കുമാണ് രോഗം ഭീഷണിയാകുന്നത്. രോഗികളെ സ്വീകരിക്കാന്‍ എല്ലാ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്.
സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഒരിക്കലും രോഗവ്യാപനത്തിന് കാരണമാകില്ല. രോഗമുണ്ടായാല്‍ തന്നെ അത് അത്ര ഗുരുതരവുമാവില്ല. കോവിഡിനെതിരെ സൗദി അറേബ്യ സ്വീകരിച്ച പ്രതിരോധ നടപടികളാണ് കാരണം. അദ്ദേഹം പറഞ്ഞു.






