കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് ബിജെപിയിലേക്ക് ചേക്കേറി മന്ത്രിയായി; ഹരക് സിങ് വീണ്ടും കോണ്‍ഗ്രസില്‍ 

ഡെറാഡൂണ്‍- ബിജെപി വിട്ട മന്ത്രി ഹരക് സിങ് റാവത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കടുത്ത എതിര്‍പ്പിനിടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഹരകിനെ ബിജെപി പുറത്താക്കിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റായ കോട്ദ്വാറില്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. 

മാര്‍ച്ച് 10 തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിനെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ സഹായിച്ചാല്‍ അതായിരിക്കും തന്റെ ക്ഷമാപണമെന്നും ഹരക് സിങ് പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയാവുന്ന ആളായിട്ടാണ് ബിജെപി തന്നെ ഉപയോഗിച്ചത്. അവസാന നിമിഷം വരെ അമിത് ഷായുമായുള്ള ബന്ധം മുറിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുവരിനു പിന്നാലെ തന്റെ മരുമകളും മുന്‍ മിസ് ഇന്ത്യയുടമായ അനുകൃതി ഗുസൈനെ ലാന്‍ഡ്‌സ്ഡൗണി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഹരക് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

2016ല്‍ ഹരിഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ ആളാണ് ഹരക് സിങ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഇതൊരിക്കലും മറക്കാനാകില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനാധിപത്യത്തെ കൊന്ന് ഹരീഷ് റാവത്ത് സര്‍ക്കാരിനെ മറിച്ചിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരിക്കലും മറക്കില്ല. ഹരക് സിങിന്റെ തിരിച്ചുവരവിനേയും അദ്ദേഹത്തിന്റെ മരുമകളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് മനിഷ് സുന്‍ഡ്രിയാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹരക് സിങ് മരുമകള്‍ക്കു വേണ്ടി ചോദിച്ച ലാന്‍ഡ്‌സ്ഡൗണില്‍ ടിക്കറ്റ് പ്രതീക്ഷിക്കുന്ന നേതാവാണ് മനീഷ്. അനുകൃതി ഗുസൈന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News