Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദു, ഹിന്ദുത്വ: ഇരുട്ടിൽ തപ്പുന്ന സി.പി.എം

ഹിന്ദുത്വം അപരനെ സൃഷ്ടിക്കലാണ്, അഖ്‌ലാക്കിനെ കൊല്ലുന്നതാണ്, അത് ഹിന്ദുമതമല്ല, ഹിന്ദുമത ഗ്രന്ഥങ്ങളോ ഉപനിഷത്തുകളോ അങ്ങനെ പറയുന്നില്ല എന്നെല്ലാം വിശദീകരിക്കുന്ന രാഹുലിനെ ബിജെപിക്കാരനാക്കുന്ന കോടിയേരിയുടെ തന്ത്രം പാർട്ടിക്കകത്തെ രണ്ടു ലൈൻ സമരത്തിൽ കേരള ഘടകത്തിന്റെ നിലപാട് സാധൂകരിക്കാൻ ശ്രമിക്കലാണെന്നു വ്യക്തം. എന്നാൽ ഇത്തരം നിലപാടുകൾ സമൂഹത്തിൽ സൃഷ്ടിക്കാനിടയുള്ള ധ്രുവീകരണങ്ങൾ അദ്ദേഹം ഓർക്കണമായിരുന്നു.

ഉത്തർപ്രദേശടക്കം വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ആസന്നമായ വേളയിൽ പല തലങ്ങളിലുമുള്ള രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരിക്കൊള്ളുകയാണ്. തെരഞ്ഞെടുപ്പു നടക്കുന്നില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറ്റവും സജീവമായ പ്രദേശങ്ങളിലൊന്നാണ് കേരളം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ വിശാലമായ ഐക്യമുന്നണി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമാണ് ഈ ചർച്ചകൾക്ക് കാരണമെന്നു ധരിച്ചവർക്ക് തെറ്റി. കോൺഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളാണ് ഇതിനുള്ള പ്രധാന കാരണം. കോൺഗ്രസുമായി ഒരു ധാരണയും വേണ്ട എന്ന നിലപാടുള്ള കേരള ഘടകം അതു സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ വിഷയം കേരളത്തിൽ സജീവ ചർച്ചയാകാൻ കാരണം എന്നതാണ് വസ്തുത.
തങ്ങളുടെ ലക്ഷ്യം സാധിക്കാൻ ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ തിരിഞ്ഞിരിക്കുന്നത് രാഹുൽ ഗാന്ധിക്കെതിരെയാണ്. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്നു രാഹുൽ പറഞ്ഞെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അങ്ങനെ രാഹുലും ബി.ജെ.പിയും പറയുന്നത് ഒന്നാണ്. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷക്കാരില്ലാത്തത് അതുകൊണ്ടാണ് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ  വിമർശനം. ഒന്നുകിൽ രാഹുൽ ഗാന്ധി പറഞ്ഞതു മനസ്സിലാകാതെ, അല്ലെങ്കിൽ മനഃ-പൂർവമായ അധിക്ഷേപം. ഇതിലൊന്നാണ് കോടിയേരിയുടെ വാക്കുകൾക്കു പിറകിൽ എന്നുറപ്പ്.
ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും ഹിന്ദു എന്നത് ഒരു മതമാണെങ്കിൽ ഹിന്ദുത്വമെന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണെന്നുമാണ് കോടിയേരി വിമർശിക്കുന്ന ജയ്പൂർ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത്. ഗാന്ധിജി ഹിന്ദുവായിരുന്നു, എന്നാൽ ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു. ഇവിടെ ഇപ്പോൾ ഭരിക്കുന്നത് ഹിന്ദുത്വവാദികളാണ്. അവരെ മാറ്റണം, ഹിന്ദുക്കൾ വരണം.... ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിൽ ഹിന്ദുക്കൾ വരണം എന്ന വരി മറ്റു വരികളിൽ നിന്നടർത്തി മാറ്റിയാണ് കോടിയേരി വിമർശിക്കുന്നത്. മുസ്‌ലിമോ മറ്റു ന്യൂനപക്ഷങ്ങളോ അധികാരത്തിൽ വരരുത്, ഹിന്ദുക്കളേ വരാവൂ, അങ്ങനെ രാഹുൽ ബിജെപിയെ സഹായിക്കുന്നു... എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. എങ്കിൽ കോടിയേരിയോട് അതേ നാണയത്തിൽ തിരിച്ചുചോദിക്കാവുന്ന ചോദ്യം പകരം ഹിന്ദുത്വവാദികൾ വരണമെന്നാണോ താങ്കൾ ആഗ്രഹിക്കുന്നത് എന്നാണ്. ഗാന്ധിയോ ഗോഡ്‌സെയോ എന്ന ചോദ്യത്തിന് ഗാന്ധി എന്നു രാഹുൽ പറയുമ്പോൾ ഗോഡ്‌സെ എന്നു കോടിയേരി പറയുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്. 
ഹിന്ദുത്വം അപരനെ സൃഷ്ടിക്കലാണ്, അഖ്‌ലാക്കിനെ കൊല്ലുന്നതാണ്, അത് ഹിന്ദുമതമല്ല, ഹിന്ദുമത ഗ്രന്ഥങ്ങളോ ഉപനിഷത്തുകളോ അങ്ങനെ പറയുന്നില്ല എന്നെല്ലാം വിശദീകരിക്കുന്ന രാഹുലിനെ ബിജെപിക്കാരനാക്കുന്ന കോടിയേരിയുടെ തന്ത്രം പാർട്ടിക്കകത്തെ രണ്ടു ലൈൻ സമരത്തിൽ കേരള ഘടകത്തിന്റെ നിലപാട് സാധൂകരിക്കാൻ ശ്രമിക്കലാണെന്നു വ്യക്തം. എന്നാൽ ഇത്തരം നിലപാടുകൾ സമൂഹത്തിൽ സൃഷ്ടിക്കാനിടയുള്ള ധ്രുവീകരണങ്ങൾ അദ്ദേഹം ഓർക്കണമായിരുന്നു. തീർച്ചയായും ഹിന്ദുത്വ മാത്രമല്ല, ഹിന്ദുമതവും തങ്ങളോട് നൂറ്റാണ്ടുകളായി ചെയ്യുന്നത് അനീതിയാണെന്നു വാദിക്കുന്ന ദളിത് രാഷ്ട്രീയം ഇവിടെയുണ്ട്. അത് മറ്റൊരു വിഷയമാണ്. കോടിയേരിക്കോ സിപിഎമ്മിനോ അറിയാത്ത, താൽപര്യമില്ലാത്ത രാഷ്ട്രീയം. ഇവിടത്തെ വിഷയം താൽക്കാലികമായ കേവല കക്ഷിരാഷ്ട്രീയ താൽപര്യം മാത്രമാണ്. എന്നാലത് ആത്യന്തികമായി സഹായിക്കുക ഹിന്ദുത്വ വാദികളെയാണെന്നതാണ് യാഥാർത്ഥ്യം. സി.പി.എമ്മിന് സ്വാധീനമുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. ഇവിടെയാകട്ടെ, അവരുടെ മുഖ്യ എതിരാളി കോൺഗ്രസും. ഇതാണ് പാർട്ടിയുടെ മുഖ്യ പ്രശ്‌നം എന്ന് എല്ലാവർക്കുമറിയാം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബിജെപിയാണെന്നും ബിജെപിക്കെതിരായ പോരാട്ടത്തിന്റെ മുഖ്യ ശക്തി കോൺഗ്രസാണെന്നും കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സഖ്യം അസാധ്യമാമെന്നും  മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയ ബോധം മാത്രം മതി. ആ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെയാണ് കേരളത്തിന്റെ കാര്യം പറഞ്ഞ് തകർക്കാൻ സിപിഎം കേരള ഘടകം ശ്രമിക്കുന്നത്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്ന വാദം ആരെയാണ് സഹായിക്കുക എന്നു കൃത്യമായി മനസ്സിലാക്കി തന്നെയാണ് ഈ നിലപാടെന്നു വേണം മനസ്സിലാക്കാൻ. കോൺഗ്രസിനെ ക്ഷീണിപ്പിച്ചാൽ കേരളം എന്നന്നേക്കുമായി ചുവപ്പുകോട്ടയാക്കാമെന്നായിരിക്കും പാർട്ടിയുടെ ധാരണ. എന്നാൽ കാവിക്കോട്ടയായി മാറുമെന്നതാണ് വരാൻ പോകുന്ന യാഥാർത്ഥ്യം. കേരളത്തിൽ ബിജെപിക്കവസരം നൽകാതെ പരസ്പരം പോരാടുമ്പോൾ തന്നെ ആവശ്യമായ സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ഐക്യപ്പെടാനാണ് പാർട്ടി തയാറാകേണ്ടത്. 
ഏതാനും ദിവസം മുമ്പു വരെ ഇതേ നേതാക്കൾ കോൺഗ്രസസ്സിനെതിരെ നടത്തിയിരുന്ന ആരോപണങ്ങൾ കൂടി ഓർക്കുന്നതു നന്നായിരിക്കും. കോൺഗ്രസസ്സിനെ നയിക്കുന്നത് ലീഗാണ്, ലീഗാകട്ടെ താലിബാനികളാണ്, ഫലത്തിൽ കോൺഗ്രസും ആ വഴിക്കാണ് നീങ്ങുന്നത് എന്നായിരുന്നു അവരുടെ മുഖ്യ പ്രചാരണം. തെരഞ്ഞെടുപ്പു വേളയിൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമുണ്ടായിരുന്ന എ. വിജയരാഘവൻ തന്നെയായിരുന്നു അതിനു നേതൃത്വം നൽകിയത്. അതിനു മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാകട്ടെ, രാഹുൽ ഗാന്ധി മത്സരിച്ചതിന്റെ പേരിൽ കേരളത്തെ പാക്കിസ്ഥാനായി വ്യാഖ്യാനിച്ച സംഘപരിവാറിനൊപ്പമായിരുന്നു ഫലത്തിൽ ഇക്കൂട്ടരും. ഈ പ്രചാരണങ്ങളിലൂടെ ബിജെപിയെ കടത്തിവെട്ടി ഹിന്ദുവോട്ടുകൾ നേടിയെടുക്കാനായിരുന്നു പാർട്ടിയുടെ ശ്രമം. 
കോടിയേരിയുടെ പ്രസ്താവനയിലെ മറ്റൊരു തമാശ കൂടി കാണേണ്ടതാണ്. ന്യൂനപക്ഷ വിഭാഗങ്ങൾ കോൺഗ്രസ് നേതൃത്വത്തിലില്ല എന്നു പറയുന്ന കോടിയേരി അക്കാര്യത്തിൽ സ്വന്തം പാർട്ടിയിലെ അവസ്ഥയെങ്കിലും താരതമ്യം ചെയ്തിരുന്നെങ്കിൽ... അക്കാര്യത്തിൽ സിപിഎമ്മിനേക്കാൾ എത്രയോ ഭേദമാണ് കോൺഗ്രസിന്റെ അവസ്ഥ. ദളിത്, സ്ത്രീ പ്രാതിനിധ്യത്തിലും അങ്ങനെ തന്നെ. നേതാക്കൾ എന്തു പറഞ്ഞാലും വിശ്വസിക്കുന്ന അണികളായതിനാലാവും അദ്ദേഹം ഇതെല്ലാം തട്ടിവിടുന്നത്. എന്നാൽ ജനങ്ങളെല്ലാം വിഡ്ഢികളാണെന്നാണോ അദ്ദേഹം ധരിച്ചിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഏതു രാഷ്ട്രീയ പാർട്ടിയേയും നിരീക്ഷിക്കാനും അഭിപ്രായം പറയാനും ഏതൊരു പൗരനും അവകാശമുണ്ടെന്നതും അദ്ദേഹം മറന്നെന്നു തോന്നുന്നു. അതിനേക്കാളുപരി സങ്കുചിതമായ കക്ഷിരാഷ്ട്രീയ താൽപര്യത്തിനായി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന അദ്ദേഹം ആത്യന്തികമായി സഹായിക്കുന്നത് ഹിന്ദുത്വത്തിനായി നിലകൊള്ളുന്ന സംഘപരിവാറിനയൊണ് എന്നതാണ്.

Latest News