Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ജൂഹി ചൗളയും എയർ ഇന്ത്യയും

അമേരിക്കയിലെ 5ജി സംവിധാനം വിമാന സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് എയർ ഇന്ത്യ അങ്ങോട്ടേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ ആശങ്കകൾ മറ്റു രാജ്യാന്തര വിമാനക്കമ്പനികളും പങ്കുവെക്കുന്നുണ്ട്. 5ജിക്കെതിരെ ദൽഹി ഹൈക്കോടതിയെ സമീപിച്ച് ജഡ്ജിമാരുടെ ശാസനയും 20 ലക്ഷം രൂപ പിഴയും ഏറ്റുവാങ്ങിയ നടി ജൂഹി ചൗളയെയാണ് ഇപ്പോൾ ഓർമ വരുന്നത്. ജൂഹിയുടെ ആശങ്കകൾ സാധൂകരിക്കപ്പെടുകയാണോ..

കഴിഞ്ഞ ഡിസംബറിലാണ്, അസാധാരണമായ ഒരു ഹരജിയുമായി ബോളിവുഡ് സുന്ദരി ജൂഹി ചൗള കോടതിയിലെത്തിയത്. തന്റെ പ്രവർത്തന മേഖലയുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത ഒരു വിഷയവുമായാണ് നടി ജഡ്ജിമാരെ സമീപിച്ചത്. ഇന്ത്യയിൽ വേണ്ടത്ര പഠനങ്ങളും പരിശോധനകളുമില്ലാതെ 5ജി നടപ്പാക്കുന്നത് തടയണം എന്നായിരുന്നു വിചിത്രമെന്ന് തോന്നാവുന്ന ആവശ്യം. പരിസ്ഥിതിയെ ഹാനികരമായി ബാധിക്കുന്നു എന്നാണ് ജൂഹി ചൂണ്ടിക്കാട്ടിയത്. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന ലാഘവ ബുദ്ധിയോടെ കോടതി ഹരജി തള്ളിയെന്ന് മാത്രമല്ല, നിയമ വ്യവസ്ഥയെ പബ്ലിസിറ്റിക്ക് വേണ്ടി അനാവശ്യമായി ഉപയോഗപ്പെടുത്തിയെന്ന ഗുരുതര കുറ്റം ചുമത്തി 20 ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു. പ്രശസ്തിക്ക് വേണ്ടി കോടതിയുടെ സമയം മെനക്കെടുത്തിയ നടിക്ക് 20 ലക്ഷം രൂപ നഷ്ടപ്പെട്ടതിൽ എല്ലാവരും സന്തോഷിച്ചു.
ജൂഹി ചൗളയും 5ജിയും വീണ്ടും മനസ്സിലേക്ക് ഓടിയെത്തിയത് എയർ ഇന്ത്യയുടെ പുതിയ തീരുമാനം പുറത്തു വന്നപ്പോഴാണ്. നോർത്ത് അമേരിക്കയിലെ 5ജി ഇന്റർനെറ്റ് വിന്യാസം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തടയുമെന്ന ആശങ്കയെ തുടർന്ന് യു.എസിലേക്കുള്ള 14 വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. വിമാനങ്ങളുടെ റേഡിയോ അൾട്ടീമീറ്ററിനെ തടയാൻ 5ജി ഇന്റർനെറ്റ് സംവിധാനത്തിന് കഴിയുമെന്നും ഇത് വിമാന എൻജിൻ, ബ്രേക്കിംഗ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യു.എസ് വ്യോമയാന ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ജനുവരി 14 ന് മുന്നറിയിപ്പ് നൽകിയിരുന്നു. എയർ ഇന്ത്യ അടക്കം നിരവധി രാജ്യാന്തര വിമാന കമ്പനികളുടെ സർവീസുകളെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 
ബുധനാഴ്ച യു.എസിലേക്ക് പറക്കേണ്ടിയിരുന്ന ആറ് വിമാനങ്ങളും വ്യാഴാഴ്ച പറക്കാനിരുന്ന എട്ടു വിമാനങ്ങളുമാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. വിമാനത്തിന്റെ അൾട്ടീമീറ്ററും 5ജി സംവിധാനവും ഏതാണ്ട് സമാന ബാൻഡിൽ പ്രവർത്തിക്കുന്നതാണ് ഈ പ്രത്യേക സാഹചര്യത്തിന് ഇടയാക്കുന്നതത്രേ. 
അപ്പോൾ ജൂഹി പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നുന്നു. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായിട്ടും ജൂഹി ചൗളയെ അനുകൂലിച്ച് പരിസ്ഥിതിവാദികളാരും രംഗത്തു വന്നുകണ്ടില്ല. ഗ്ലാമറിന്റെ ലോകത്ത് വിരാജിക്കുന്ന ജൂഹി ചൗളക്ക് പരിസ്ഥിതിയെക്കുറിച്ച് പറയാൻ എന്തവകാശം എന്നതാവും അവരുടെ ചിന്ത. അല്ലെങ്കിൽ, ജൂഹി ഉന്നയിച്ച പ്രശ്‌നം വേണ്ടത്ര പഠനവിധേയമാക്കാൻ അവർ ശ്രമിച്ചിട്ടുണ്ടാകില്ല. അമേരിക്കയിലെ 5ജി ശൃംഖലയെക്കുറിച്ച് എയർ ഇന്ത്യയുടെ പരാതിയും ഇന്ത്യയിലെ 5ജിയെക്കുറിച്ച ജൂഹിയുടെ പരാതിയും വ്യത്യസ്തമായിരിക്കാം. ജൂഹി പറയുന്നത് പരിസ്ഥിതിയെക്കുറിച്ചാണെങ്കിൽ എയർ ഇന്ത്യ പറയുന്നത് സാങ്കേതിക വിദ്യയെക്കുറിച്ചാണ്. സമാനമായ ബാൻഡ് വിഡ്തിൽ പ്രവർത്തിക്കുന്നതിനാൽ വിമാനങ്ങളുടെ പറക്കലിനെ ഇത് ബാധിച്ചേക്കാം. അവയുടെ വാർത്താ വിനിമയ സംവിധാനത്തെ തടസ്സപ്പെടുത്തിയേക്കാം. ആത്യന്തികമായി വിമാനത്തെ ആകാശത്ത് ഒരു അനാഥനെപ്പോലെ ആക്കിയേക്കാം. എന്നാൽ ജൂഹി പറഞ്ഞത് ഇന്ത്യയിലെ പാവപ്പെട്ട കർഷകനെ 5ജി പ്രയാസപ്പെടുത്തുമെന്നാണ്. അത് നമ്മുടെ മനസ്സിനെ വേണ്ടത്ര കീഴടക്കാൻ പര്യാപ്തമായ ഒരു വാദമായി മാറിയില്ല. ആർക്കും വേണ്ടാത്തവരാണല്ലോ കർഷകർ. 
തന്റെ ഹരജി പരിഹാസത്തോടെ തള്ളുകയും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് 20 ലക്ഷം രൂപ പിഴ ഏറ്റുവാങ്ങുകയും ചെയ്ത ശേഷം ജൂഹി ചൗള ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. അതിൽ അവർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ എയർ ഇന്ത്യ തീരുമാനത്തിന്റെ പശ്ചാത്തലത്തിലെങ്കിലും പ്രസക്തമാണ്. അവർ പറഞ്ഞത് ഇങ്ങനെയാണ്:
'5ജി സാങ്കേതികവിദ്യ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഞാൻ കോടതിയെ സമീപിച്ചത്. ആരോഗ്യം സംബന്ധിച്ച് എന്റെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയാണ് ഞാൻ ഹരജിയിലൂടെ പറയാൻ ഉദ്ദേശിച്ചത്. കോടതി നടപടിക്ക് പിന്നാലെ ഒരു വശത്ത് ഞാൻ വേദനയിലും ആശയക്കുഴപ്പത്തിലുമായിരുന്നെങ്കിൽ മറുവശത്ത് ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത ആളുകൾ പൂർണ പിന്തുണ നൽകുകയാണ് ഉണ്ടായത്.
മഹാരാഷ്ട്രയിലെ കർഷകരിൽനിന്നുള്ള സന്ദേശം എന്റെ കണ്ണു നനയിച്ചു. പതിനായിരത്തോളം വരുന്ന കർഷകർ എനിക്ക് അടയ്ക്കാനുള്ള പിഴ പിരിച്ചെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതുപോലുള്ള നിമിഷങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഞാൻ ഇത്രയും ദിവസം നിശ്ശബ്ദത പാലിച്ചു. കാരണം നിശ്ശബ്ദതക്ക് അതിന്റേതായ കാതടപ്പിക്കുന്ന ശബ്ദമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
മുംബൈയിലെ വീടിനു സമീപം 14 മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ചതു മുതൽ 11 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങളെ തുടർന്നാണ് ഞാൻ ഹരജി സമർപ്പിച്ചത്. വീടിനു ചുറ്റുമുള്ള റേഡിയേഷന്റെ അളവ് സ്വകാര്യ ഏജൻസിയെക്കൊണ്ടു പരിശോധിപ്പിച്ചു. അതു വളരെ ഉയർന്ന നിരക്കിലായിരുന്നു. വേഗമേറിയ നെറ്റ്‌വർക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേർന്നു നമ്മെ റേഡിയേഷനിൽ മുക്കിക്കൊല്ലും. അങ്ങനെയുള്ളപ്പോൾ എല്ലാവരുടെയും സുരക്ഷയെ കരുതി ചില ചോദ്യങ്ങൾ ഉയർത്തിയതു തെറ്റാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?' താൻ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങൾ തീരുമാനിക്കൂ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ജൂഹി പങ്കുവെച്ചത്.
സമാനമായ ആശങ്കകൾ ജൂഹി ചൗള തന്റെ ഹരജിയിലും പങ്കുവെച്ചിരുന്നു. 5ജി പദ്ധതികൾ മനുഷ്യരിൽ ഗുരുതരമായതും മാറ്റാനാവാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഭൂമിയുടെ എല്ലാ പരിസ്ഥിതി വ്യവസ്ഥകൾക്കും സ്ഥിരമായ നാശമുണ്ടാകുന്നതിനിടയാക്കുമെന്നുമാണ് അവർ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഉപകരണങ്ങളിൽനിന്നുള്ള വികിരണം ഹാനികരമാണെന്നും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും താരം പറഞ്ഞു.
സാങ്കേതിക മുന്നേറ്റങ്ങൾക്ക് എതിരല്ലെന്നും വികിരണങ്ങൾ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഹാനികരമാണെന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും അവർ വ്യക്തമാക്കി. 5ജി നടപ്പാക്കുന്നതോടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണ്. വികിരണങ്ങൾ മനുഷ്യ ശരീരത്തിന് വലിയ ദോഷം സൃഷ്ടിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 5ജി നടപ്പാക്കൽ പദ്ധതി ഫലപ്രാപ്തിയിലെത്തിയാൽ ഭൂമിയിലെ ആർക്കും റേഡിയേഷൻ ഒഴിവാക്കാനാവില്ല. ഇന്നത്തേതിനേക്കാൾ 100 മടങ്ങ് ആറ്എഫ് വികിരണങ്ങളാണ് 5ജി വഴി പുറത്തെത്തുക.
അതുകൊണ്ട് തന്നെ 5ജി സാങ്കേതികവിദ്യ സ്ത്രീയും പുരുഷനും കുട്ടികളും അടങ്ങുന്ന മനുഷ്യ വർഗത്തിനും മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാത്തരം ജീവജാലങ്ങൾക്കും സസ്യജന്തുജാലങ്ങൾക്കും സുരക്ഷിതമാണെന്ന് ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തണമെന്നും നടി ഹരജിയിൽ നിർദേശിച്ചിരുന്നു. 5ജി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും അതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും അവർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പഠനത്തെക്കുറിച്ച് വിശ്വസിക്കാൻ കഴിയില്ലെന്നും ടെലികോം കമ്പനികളാണ് ഇതിന് ധനസഹായം നൽകിയതെന്നും നടി കൂട്ടിച്ചേർത്തു. 
ദൽഹി ഹൈക്കോടതിയിൽ കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് സി ഹരിശങ്കർ കേസിൽനിന്ന് പിന്മാറിയിരുന്നു. പിന്നീട് മറ്റൊരു ബെഞ്ചിന് കേസ് വിട്ട ശേഷമാണ് ജൂഹിയെ ഞെട്ടിച്ച വിധി വന്നത്.  അവർ 20 ലക്ഷം പിഴയടച്ചുവോ എന്ന കാര്യം അറിയില്ല. അടച്ചുകാണാനാണ് സാധ്യത. എയർ ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം 5ജിയെക്കുറിച്ച കൂടുതൽ ചർച്ചകൾക്ക് വഴി തുറന്നേക്കാം. സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗത്തിന് പിന്നാലെ പായുന്ന മനുഷ്യന് ജൂഹിയുടെ ആശങ്കകൾ നിസ്സാരമായേക്കാം. പക്ഷേ എല്ലാക്കാലത്തേക്കുമായി അത്തരം ആശങ്കകളെ തള്ളിക്കളയാൻ നമുക്കാവില്ലെന്ന് പുതിയ സംഭവം ഓർമിപ്പിക്കുന്നു.
 

Latest News