Sorry, you need to enable JavaScript to visit this website.

യാത്രക്കാരന്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചു; പാതിവഴിയില്‍ വിമാനം തിരിച്ചിറക്കി

വാഷിംഗ്ടണ്‍- യാത്രക്കാരന്‍ കോവിഡ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം തിരിച്ചിറക്കി. മിയാമിയില്‍നിന്ന് ലണ്ടനിലേക്ക് പറപ്പെട്ട വിമാനമാണ് പാതിവഴിയില്‍ മടങ്ങിയതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ്  അറിയിച്ചു.

വിമാന യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ നിബന്ധന പാലിക്കാന്‍ യാത്രക്കാരില്‍ ഒരാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റ് 38 ന് മടങ്ങേണ്ടിവന്നതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

129 യാത്രക്കാരും 14 വിമാന ജോലിക്കാരുമുണ്ടായിരുന്ന വിമാനമാണ് മിയാമി എയര്‍പോര്‍ട്ടില്‍ തിരിച്ചിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന പോലീസ് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരന്റെ പേര് മേരിക്കന്‍ എയര്‍ലൈന്‍സ് യാത്ര വിലക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും വിമാന കമ്പനി അറിയിച്ചു.

അമേരിക്കയിലെ ആഭ്യന്തര വിമാനങ്ങളില്‍ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവരോട് ഒട്ടും വിട്ടുവീഴ്ച പാടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

 

Latest News