Sorry, you need to enable JavaScript to visit this website.

എംബസിക്ക് മുന്നിൽ സ്‌പോൺസർ ഉപേക്ഷിച്ച ഇന്ത്യക്കാരനെ ഹെൽപ് ഡെസ്‌ക് നാട്ടിലെത്തിച്ചു

മഹറുൽ ഹഖിനെ റിയാദ് ഹെൽപ് ഡെസ്‌ക് പ്രവർത്തകർ നാട്ടിലേക്ക് യാത്രയാക്കുന്നു.

മഹറുൽ ഹഖ് നാടണഞ്ഞത് എംബസി നൽകിയ ടിക്കറ്റിൽ

റിയാദ്- സ്‌പോൺസർ എംബസിക്ക് മുന്നിൽ ഉപേക്ഷിച്ച യു.പി സ്വദേശിയെ റിയാദ് ഹെൽപ് ഡെസ്‌ക് പ്രവർത്തകർ നാട്ടിലെത്തിച്ചു. രണ്ട് വർഷം മുമ്പ് സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിലെത്തിയ ഉത്തർപ്രദേശ് മുർശിദാബാദ് സ്വദേശി മഹറുൽ ഹഖിനെയാണ് റിയാദ് ഹെൽപ് ഡെസ്‌ക് പ്രവർത്തകർ ഇടപെട്ട് ചികിത്സ ലഭ്യമാക്കി നാട്ടിലെത്തിച്ചത്.
മെനിഞ്ചറ്റിസ് ബാധിച്ചത് കാരണം അവശനായ നിലയിൽ ആരോ ഇയാളെ ഇന്ത്യൻ എംബസിക്ക് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് എംബസി ഉദ്യോഗസ്ഥർ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ ബത്ഹ ശിഫ അൽജസീറ പോളിക്ലിനിക്കിലെത്തിച്ചു. ഇഖാമ ഇതുവരെ തൊഴിലുടമ എടുത്ത് നൽകിയിരുന്നില്ല. ക്ലിനിക്കിൽനിന്ന് ലഭിച്ച പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത ഇദ്ദേഹത്തിന് റിയാദ് ഹെൽപ് ഡെസ്‌കിന്റെ നേതൃത്വത്തിൽ മർഖബിൽ റൂമും ഭക്ഷണവും ഒരുക്കി. ഒരു മാസത്തോളം അവിടെ താമസിച്ചു. അതിനിടെ ശിഹാബ് ഇടപെട്ട് എംബസി മുഖേന ഫൈനൽ എക്‌സിറ്റ് അടിപ്പിച്ചു. നാട്ടിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ക്ലിയറൻസ് ലഭിച്ചില്ല. പിന്നീട് വീണ്ടും എംബസി അനുവദിച്ച ടിക്കറ്റിലാണ് നാട്ടിലേക്ക് പോകാനായത്. മുർശിദാബാദ് സ്വദേശിയായ ശഫീഖ് ശൈഖ് ഇയാളെ അനുഗമിച്ചു. റിയാദ് ഹെൽപ് ഡെസ്‌കാണ് ശഫീഖിന് ടിക്കറ്റ് നൽകിയത്. ഗോ എയറിൽ ഡൽഹി വഴി നാട്ടിലെത്തിയ ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.
നൗഷാദ് ആലുവ, ഷൈജു പച്ച, കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, സുധീർ, മാത്യുതോമസ്, അബ്ദുൽ ബാരി, നേവൽ ഗുരുവായൂർ തുടങ്ങിയവർ സഹായത്തിനുണ്ടായിരുന്നു.

Tags

Latest News