Sorry, you need to enable JavaScript to visit this website.

പൊതുപരിപാടിക്ക് വിലക്ക്; രണ്ടു മണിക്കൂറിനുള്ളിൽ ഉത്തരവ് പിൻവലിച്ചു കാസർകോട് കലക്ടർ

കാസർകോട്- കോവിഡ് വ്യാപനം കണക്കിലെടുത്തു കാസർകോട് ജില്ലയിൽ പൊതു പരിപാടികൾ അനുവദിക്കില്ലെന്ന സ്വന്തം ഉത്തരവ് രണ്ടുമണിക്കൂറിനുള്ളിൽ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പിൻവലിച്ചു. പൊതുപരിപാടികൾ നിശ്ചയിച്ചവർ അതെല്ലാം മാറ്റി വെക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു. സി. പി. എം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ മടിക്കൈ അമ്പലത്തുകരയിൽ ആരംഭിക്കാനിരിക്കെ ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് സി.പി. എം കേന്ദ്രങ്ങളിലും അങ്കലാപ്പ് ഉണ്ടാക്കിയിരുന്നു. പ്രതിനിധികൾ മാത്രം പങ്കെടുക്കുന്ന സമ്മേളനമാണ് എങ്കിലും ജില്ലാ കലക്ടറുടെ ഉത്തരവ് പ്രശ്‌നമാകുമായിരുന്നു. വർദ്ധിച്ചു വരുന്ന ടി. പി. ആർ കണക്കിലെടുത്താണ് കലക്ടർ വൈകുന്നേരം ഉത്തരവ് ഇറക്കിയത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനം എടുത്തതോടെയാണ് രണ്ടു മണിക്കൂർ കഴിഞ്ഞ ഉടനെ ഉത്തരവ് തിരുത്താൻ കലക്ടറെ നിർബന്ധിതയാക്കിയത്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക, മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദനീയമല്ലെന്നായിരുന്നു  ഉത്തരവിറക്കിയത്. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തിരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രം നടത്തണം എന്നും നിർദേശിച്ചിരുന്നു. ജനുവരി 18, 19, 20 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 ശതമാനം ആയതിന്റെ പശ്ചാത്തലത്തിലാണ്  ദുരന്ത നിവാരണ നിയമം സെ ക്ഷൻ26, 30, 34 പ്രകാരമുള്ള ഉത്തരവെന്ന് കളക്ടർ പറഞ്ഞിരുന്നു.
 

Latest News