Sorry, you need to enable JavaScript to visit this website.

ആൻ ഫ്രാങ്കിനെ ഒറ്റുകൊടുത്ത ആളെ കംപ്യൂട്ടർ  അൽഗൊരിതത്തിന്റെ സഹായത്തോടെ കണ്ടെത്തി

ബർലിൻ- നാസി ഭീകരതകൾ തന്റെ ഡയറിയിലൂടെ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്കിനെ ഒറ്റുകൊടുത്തതെന്ന് കരുതുന്ന ആളെ കണ്ടെത്തി. ജൂതനായ ആർനൾഡ് വാൻ ഡെൻ ബെർഗ് ആണ് ആനിനെ ഒറ്റുകൊടുത്തതെന്ന് 6 വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ മുൻ എഫ്.ബി.ഐ ഏജന്റ് വിൻസ് പാൻകോക്കും ചരിത്രകാരന്മാരും ഉൾപ്പെടുന്ന സംഘം പറയുന്നു. അക്കാലത്തു ജീവിച്ചിരുന്നവരുടെ പരിചയ ശൃംഖല കണ്ടെത്താനായി കംപ്യൂട്ടർ അൽഗൊരിതത്തിന്റെ സാധ്യതകൾ ഉപയോഗിച്ചായിരുന്നു അന്വേഷണം.
ജർമൻ ഡച്ച് ജൂത ബാലികയായ ആൻ ഫ്രാങ്ക്, നെതർലൻഡ്‌സ് ജർമൻ അധീനതയിലായതിനെത്തുടർന്ന് 1942 മുതൽ ഒളിവിലായിരുന്നു. 1945 ഫെബ്രുവരിയിൽ പതിനഞ്ചാം വയസ്സിൽ നാസികളുടെ പിടിയിലാകുകയും തുടർന്നു കൊല്ലപ്പെടുകയും ചെയ്തു. വാൻ ഡെൻ ബെർഗ് ഇക്കാലത്ത് ആംസ്റ്റർഡാമിലെ ജൂത കൗൺസിൽ അംഗമായിരുന്നു. ജൂതമേഖലകളിൽ നാസി നയങ്ങൾ നടപ്പാക്കുകയായിരുന്നു കൗൺസിലിന്റെ ദൗത്യം. 1943 ൽ കൗൺസിൽ പിരിച്ചുവിട്ട് അംഗങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് അയച്ചെങ്കിലും വാൻ ഡെൻ ബെർഗിന് ഇളവു ലഭിച്ചു. മറ്റു ജൂതരെ ഒറ്റുകൊടുത്താകാം ഇതു സാധ്യമായതെന്നാണു നിഗമനം. ഒടുവിൽ തന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞ് ക്യാമ്പിലാകുമെന്നു തോന്നിയ ഘട്ടത്തിൽ നിർണായക വിവരമായി ആനിനെക്കുറിച്ച് അറിയിച്ചതാകുമെന്നും കരുതുന്നു. വാൻ ഡെൻ ബെർഗാണ് വിവരം നൽകിയതെന്നു പറയുന്ന അജ്ഞാത കത്ത് ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്കിനു ലഭിച്ചിരുന്നതായി മുമ്പൊരു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് ശരിയെന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ അന്വേഷണവും ചെന്നെത്തുന്നത്. വാൻ ഡെൻ ബെർഗ് 1950 ൽ മരിച്ചു. ആരോപണ മുന ജൂതനിലേക്കു തന്നെ എത്തുന്നതിനാലാകാം തനിക്കു ലഭിച്ച വിവരം ഓട്ടോ ഫ്രാങ്ക് വെളിപ്പെടുത്താതിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Latest News